Kerala
ഓണക്കാലത്ത് വറുതി ഇല്ലാതിരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ഓണക്കാലത്ത് വറുതി ഇല്ലാതിരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്രാട ദിനത്തിൽ ആശംസകൾ നേർക്ക് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ക്ഷേമപദ്ധതികൾ വിവരിക്കുന്നത്.
കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്.
അതോടൊപ്പം ഏകദേശം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. 526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയിൽ അംഗങ്ങളായുള്ള തൊഴിലാളികൾക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നു.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാനും തീരുമാനമെടുത്തു. 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചു
25 ലക്ഷത്തിലധികം സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ആരംഭിക്കുകയും ചെയ്തു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സഹാചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാൻ വേണ്ട നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി.
ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവർക്കും സ്നേഹപൂർവം ഉത്രാടദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.