From the print
വിജ്ഞാന വൈവിധ്യങ്ങളുടെ വർണങ്ങൾ വിരിഞ്ഞു; ജാമിഅതുൽ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റിന് പ്രൗഢ തുടക്കം
മാറ്റുരക്കുന്നത് 200ൽപ്പരം ക്യാമ്പസുകളിൽ നിന്നുള്ള 1,000ത്തിൽ പരം വിദ്യാർഥികൾ
മലപ്പുറം | ജാമിഅതുൽ ഹിന്ദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ഇസ്‌ലാമിക് അക്കാദമിക് ഫെസ്റ്റ് ‘മഹ്റജാൻ 25’ന് കൊളത്തൂർ ഇർശാദിയ്യയിൽ പ്രൗഢ തുടക്കം. കോളജ്, മേഖലാതലങ്ങൾക്കു ശേഷം നടക്കുന്ന ജാമിഅതല മത്സരത്തിൽ 200ൽ പ്പരം ക്യാമ്പസുകളിൽ നിന്നുള്ള 1,000ത്തിൽപ്പരം വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. കേരളത്തിന് പുറമെ, കർണാടക, തമിഴ്‌നാട്, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികളെത്തി.
ഇസ്്‌ലാമിക മതപാഠശാലകളിൽ പഠിക്കുന്ന പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾക്കു പുറമെ ആധുനിക അക്കാദമിക് തല മത്സരങ്ങളും നടക്കുന്നുണ്ട്. സംവാദങ്ങൾ, മീഡിയാ അവതരണങ്ങൾ, മത്സരാർഥികൾ രചിച്ച നശീദകളുടെ ആലാപനം തുടങ്ങിയ സർഗാത്മക- രചനാ മത്സരങ്ങളും വ്യത്യസ്ത ഭാഷയിലുള്ള പ്രഭാഷണങ്ങളും മഹ്‌റജാന്റെ ഭാഗമാണ്. അറബി പ്രസംഗം, മാതൃഭാഷാ പ്രസംഗം, അറബി നശീദ, ഖിറാഅത്ത്, വായനാ മത്സരം,സംവാദം, അൽഫിയ ടെസ്റ്റ്, ഐഡിയൽ ഡയലോഗ് തുടങ്ങി വിവിധ മത്സരങ്ങളാൽ സമ്പന്നമാണ് മഹ്റജാൻ.
ജാമിഅതുൽ ഹിന്ദ് അൽ ഇസ്്‌ലാമിയ്യയുടെ കീഴിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ വൈജ്ഞാനിക- കലാ-സാഹിത്യശേഷികൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് ദിവസമായി നടക്കുന്ന ദേശീയ അക്കാദമിക് ഫെസ്റ്റിൽ കോളജ് തലം മുതൽ ദാഇറ തലം വരെ ജേതാക്കളായ വിദ്യാർഥികളാണ് മത്സരാർഥികൾ.
ഫെസ്റ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അലവി സഖാഫി കൊളത്തൂർ, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദലി സഖാഫി കിടങ്ങയം, എ സി ഇബ്‌റാഹീം മുസ്‌ലിയാർ, പി എസ് കെ ദാരിമി എടയൂർ, സയ്യിദ് ഹിബത്തുല്ല തങ്ങൾ, കെ സി സൈതലവി ബാഖവി, സയ്യിദ് നിസാമുദ്ദീൻ തങ്ങൾ സംസാരിച്ചു.
മത്സരങ്ങൾ ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമത്തിൽ ജേതാക്കളായ ദാഇറക്കും വ്യക്തിഗത ജേതാക്കൾക്കും ട്രോഫികൾ സമ്മാനിക്കും. ജാമിഅ പ്രൊ: ചാൻസലർ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സമാപന സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിക്കും
താമരശ്ശേരി മുന്നിൽ
‘മഹ്റജാൻ 25’ ജാമിഅ ഫെസ്റ്റിന്റെ ആദ്യ ദിവസത്തിൽ 15 മത്സര ഫലങ്ങൾ പുറത്തുവന്നപ്പോൾ 68 പോയിന്റുമായി താമരശ്ശേരി ദാഇറ ഒന്നാം സ്ഥാനത്ത്. 51 പോയിന്റുകൾ വീതം നേടി എടവണ്ണപ്പാറ, കർണാടക ദാഇറകളാണ് രണ്ടാം സ്ഥാനത്തുള്ളത്. 45, 36, 34 പോയിന്റുകളുമായി കോഴിക്കോട്, കോട്ടക്കൽ, കുറ്റ്യാടി ദാഇറകൾ മൂന്നും നാലും സ്ഥാനത്തുണ്ട്. നാല് വിഭാഗങ്ങളിലായി 61 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഇന്ന് സമാപിക്കും..