Kozhikode
ദി കമൻസ്മന്റ് ഓഫ് ഗൈഡൻസ്: പുസ്തകം പ്രകാശനം ചെയ്തു
ഇമാം ഗസ്സാലി (റ) രചിച്ച ബിദായത്തുൽ ഹിദായയുടെ ഇംഗ്ലീഷ് വിവർത്തന ഗ്രന്ഥം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു
കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാർത്ഥി സയ്യിദ് നിഹാൽ തയ്യാറാക്കിയ ‘ദി കമൻസ്മന്റ് ഓഫ് ഗൈഡൻസ്’ എന്ന പുസ്തകം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു. കാരന്തൂർ മർകസ് കോൺഫറൻസ് ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്.
ഇമാം ഗസ്സാലി (റ) രചിച്ച ബിദായത്തുൽ ഹിദായ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തന ഗ്രന്ഥമാണിത്. മനുഷ്യന്റെ ബാഹ്യ സ്വഭാവ വൈശിഷ്ട്യങ്ങളെയും ഇടപെടലുകളെയും സംശുദ്ധമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചെന്നൈ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത പ്രസാധകരായ നോഷൻ പബ്ലിഷേഴ്സാണ് പുസ്തകം പുറത്തിറക്കുന്നത്.
സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അറബി- ഇസ്ലാമിക പുരാതന ഗ്രന്ഥങ്ങൾ ധാരാളം ഇനിയും മറ്റു ഭാഷകളിലേക്ക് വരേണ്ടതുണ്ടെന്നും പണ്ഡിതന്മാരുടെ കൂട്ടമായതും ഒറ്റപ്പെട്ടതുമായ ശ്രമങ്ങൾ ധാരാളം നടക്കേണ്ടതുണ്ടെന്നും പ്രകാശന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. വിജ്ഞാനങ്ങളെ സമൂഹത്തിലെത്തിക്കുന്നതിൽ വിറാസ് വിദ്യാർത്ഥികൾ കാണിക്കുന്ന ഉത്സാഹത്തെ അദ്ദേഹം പ്രത്യകം പ്രശംസിക്കുകയും ചെയ്തു. പുസ്തകം ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്
---- facebook comment plugin here -----