Connect with us

Kerala

സകാത് സമാഹരിക്കാന്‍ കമ്മറ്റിക്ക് അവകാശമില്ല: സമസ്ത

സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കാനുള്ള മാര്‍ഗമല്ല സകാത്ത്. ഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിന് അവകാശവും അധികാരവുമില്ല.

Published

|

Last Updated

കോഴിക്കോട് നടന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ ബോഡിയോഗത്തില്‍ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു.

കോഴിക്കോട് | ഇസ്ലാമിന്റെ അടിസ്ഥാന കര്‍മങ്ങളിലൊന്നായ സക്കാത് അര്‍ഹരായവര്‍ക്ക് നല്‍കി ആത്മാവും ധനവും സംസ്‌കരിക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. നിബന്ധനകളും നിയമങ്ങളും പാലിച്ച് നിയമപ്രകാരം നല്‍കുമ്പോള്‍ മാത്രമാണ് സകാത്തിന്റെ ബാധ്യത വീടുന്നതെന്ന് വാര്‍ഷിക ജനറല്‍ ബോഡി പ്രമേയത്തില്‍ വ്യക്തമാക്കി.

സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കാനുള്ള മാര്‍ഗമല്ല സകാത്ത്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിന് അവകാശവും അധികാരവുമില്ല. കച്ചവടത്തിലും ചില ധനങ്ങളിലും വ്യത്യസ്ത കണക്കുകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി  സകാത്ത് നിര്‍ബന്ധമാകുന്നു. എട്ട് വിഭാഗത്തിലുള്ള വ്യക്തികള്‍ക്ക് മാത്രം   അത് നല്‍കാനാണ് ഖുര്‍ആനും നബിചര്യയും പഠിപ്പിച്ചിട്ടുള്ളത്. അതിന്റെ മുഴുവന്‍ നിയമങ്ങളും ലോകം അംഗീകരിച്ച നാല് മദ്ഹബിന്റെ ഇമാമുകളും കൃത്യമായി വിവരിച്ചിട്ടുണ്ട്.

ഇതിന് വിരുദ്ധമായി ചിലര്‍ കമ്മറ്റികളുണ്ടാക്കി നിസ്വാര്‍ഥരായ ജനങ്ങളുടെ സകാത്ത് പിരിച്ച് ബേങ്കുകളില്‍ നിക്ഷേപിക്കുകയും പലിശ ഈടാക്കുകയും ചെയ്യുന്നു. അവകാശികള്‍ക്ക് അപ്പപ്പോള്‍ നല്‍കുന്നതിന് പകരം കമ്മറ്റിയുടെ കൈവശം സൂക്ഷിച്ച് അവകാശം ഹനിക്കുന്നുമുണ്ട്. പരസ്പരം പോരടിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ കീഴിലുള്ള

സ്ഥാപനങ്ങള്‍ക്കും മീഡിയകള്‍ക്കും സകാത്ത് ഉപയോഗിക്കുന്നതായി കൃത്യമായ തെളിവുകള്‍ സഹിതം ബോധ്യമായിട്ടുണ്ട്. ഇത്തരം കമ്മിറ്റികളിലൂടെ  സക്കാത്ത് സമാഹരിക്കുന്നതും അവരെ സകാത് ഏല്‍പിക്കുന്നതും  ഇസ്ലാമികമല്ല. സമൂഹം ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സ്വന്തം ബാധ്യത പൂര്‍ണമായും കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സക്കാത് ദായകര്‍ ബാധ്യസ്ഥരാണെന്നും സമസ്ത ജനറല്‍ ബോഡി യോഗം വ്യക്തമാക്കി.

 

Latest