Connect with us

International

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വമ്പന്‍ വിജയം

225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടി ചരിത്ര വിജയം

Published

|

Last Updated

കൊളംബോ | പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം നടേയി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വിജയം. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍ പി പി) സഖ്യം 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടി ചരിത്ര വിജയം നേടി.

കമ്യൂണിസ്റ്റ് പാര്‍ടിയായ ജനതാ വിമുക്തി പെരമുന(ജെ വി പി) നേതൃത്വം നല്‍കുന്ന എന്‍ പി പി സഖ്യത്തിന്റെ വമ്പന്‍ മുന്നേറ്റം കഴിഞ്ഞ തവണ നേടിയ മൂന്ന് സീറ്റില്‍ നിന്നാണ്. എന്‍ പി പി ഇത്തവണ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണു നേടിയത്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്.

അഴിമതിയും ധൂര്‍ത്തും തെറ്റായ സാമ്പത്തിക നയങ്ങളുംമൂലം പ്രതിസന്ധിയില്‍ ആടിയുലഞ്ഞ ശ്രീലങ്കയില്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബര്‍ 23ന് അധികാരമേറ്റ ദിസനായകെ ഒരു ദിവസത്തിനുശേഷം പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനവിധിക്ക് കളമൊരുക്കി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിച്ചതിലൂടെ കൂടുതല്‍ ജനക്ഷേമ പരിപാടികളുമായി സഖ്യത്തിന് മുന്നോട്ടുപോകാനാകും. ഭരണഘടനാ ഭേദഗതിക്കുള്ള ഭൂരിപക്ഷവും സഖ്യത്തിനുണ്ട്.

22 ജില്ലകളില്‍നിന്നായി 196 അംഗങ്ങളെയാണ് നേരിട്ട് തെരഞ്ഞെടുത്തത്. ബാക്കി 29 സീറ്റ് നേടിയ വോട്ടിന് ആനുപാതികമായി പാര്‍ടികള്‍ക്ക് ലഭിക്കും. അഞ്ചുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ 42 ശതമാനം വോട്ട് മാത്രമാണ് ദിസനായകെയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 62 ശതമാനത്തിലേറെ വോട്ട് എന്‍ പി പി സഖ്യം ഇതിനകം നേടി. 18 ശതമാനത്തോളം വോട്ട് മാത്രമാണ് പ്രതിപക്ഷ സഖ്യ നേതാവ് സജിത് പ്രേമദാസയുടെ എസ്ജെബിക്ക് നേടാനായത്.

മുന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ എന്‍ ഡി എഫിന് അഞ്ച് സീറ്റ്. തമിഴ്, മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും എന്‍ പി പി മുന്നേറി. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ജാഫ്ന മേഖലയിലും എന്‍ പി പിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. ആഭ്യന്തര യുദ്ധകാലത്ത് തമിഴ്വംശജരില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കുമെന്നും ദിസനായകെ പ്രഖ്യാപിച്ചിരുന്നു. അഴിമതി തുടച്ചുനീക്കി പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് വഴിതുറക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

 

Latest