Connect with us

Kerala

തൊഴിലാളികളുടെ കുടുംബത്തെ കൈവിടില്ലെന്ന് കമ്പനി ഉടമ

നാല് വർഷത്തെ ശമ്പളം നൽകും

Published

|

Last Updated

കൊച്ചി | തീപ്പിടിത്തത്തിൽ മരിച്ച മുഴുവൻ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഇവർ ജോലി ചെയ്തിരുന്ന എൻ ബി ടി സി ഗ്രൂപ്പിന്റെ ഡയറക്ടർ കെ ജി എബ്രഹാം.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും നൽകും. മരിച്ചവരുടെ ആശ്രിതർക്ക് നാല് വർഷത്തെ ശമ്പളം സഹായധനമായി നൽകും. ആവശ്യമുള്ളവർക്ക് ജോലി ഉറപ്പാക്കും. സാമ്പത്തിക സഹായമായി കമ്പനി പ്രഖ്യാപിച്ച എട്ട് ലക്ഷത്തിനും ഇൻഷ്വറൻസ് തുകക്കും പുറമെയാണിത്. മരിച്ച തൊഴിലാളികളുടെ മക്കളുടെ തുടർപഠനത്തിന് സഹായം നൽകും.

മറ്റ് സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കും. മുഴുവൻ തൊഴിലാളികളുടെയും കുടുംബങ്ങളെ നേരിൽ കാണും. ദുരന്തം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് പൊട്ടിക്കരഞ്ഞ് എബ്രഹാം പറഞ്ഞു.

തീപ്പിടിത്തമുണ്ടായ കെട്ടിടം കുവൈത്തിലെ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിച്ചിരുന്നത്. 24 അപാർട്ട്മെന്റുകളുള്ള കെട്ടിടത്തിൽ അപകടസമയം 176 പേരാണുണ്ടായിരുന്നത്. അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ല. നിയമാനുസൃതം വാടകക്കെടുത്ത കെട്ടിടത്തിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്.
മുഴുവൻ തൊഴിലാളികൾക്കും കമ്പനി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നത് തെറ്റായ പ്രചാരണമാണ്.
അപാർട്ട്മെന്റുകളിൽ പാചകം ചെയ്തിരുന്നില്ല. പാചകത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. തങ്ങളുടെ പിഴവുകൊണ്ടല്ല കെട്ടിടത്തിൽ തീപ്പിടിത്തം ഉണ്ടായതെങ്കിലും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണെന്നും കെ ജി എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest