Connect with us

Kerala

തനിക്കെതിരായ പരാതി വ്യാജം; വിശദീകരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍

മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും.

Published

|

Last Updated

കൊച്ചി| ലൈംഗിക അതിക്രമ കേസില്‍ വിശദീകരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും തെളിവുകള്‍ നിരത്തി നേരിടുമെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’ എന്നാണ് മല്ലു ട്രാവലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നാണ് വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പോലീസ് കേസ് എടുത്തത്. സഊദി അറേബ്യന്‍ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്.

ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു ഇന്റര്‍വ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയില്‍ താമസിക്കുന്ന സഊദി അറേബ്യന്‍ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

354-ാം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.