Kerala
കാറില്‍വെച്ച് ആക്രമിച്ച് പണം തട്ടിയെന്ന പരാതി വ്യാജം; പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്
സുഹൈലിന്റെ മൊഴികളിലെ വൈരുധ്യങ്ങളാണ് സംഭവം തെളിയാനിടയാക്കിയത്.
കോഴിക്കോട് | എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 75 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് കണ്ടെത്തല്‍. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 75 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന് തന്നെ കാറില്‍ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജന്‍സി ജീവനക്കാരനായ സൂഹൈല്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാല്‍ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പോലീസ് പറയുന്നത്.
സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. താഹയില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. കാറില്‍ രണ്ടുപേര്‍ കയറിയ ഉടനെ തന്നെ മര്‍ദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാല്‍ ഒന്നും ഓര്‍മയില്ലെന്നും കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവര്‍ന്നതെന്നും സൂഹൈല്‍ പറഞ്ഞിരുന്നു . സുഹൈലിന്റെ മൊഴികളിലെ വൈരുധ്യങ്ങളാണ് സംഭവം തെളിയാനിടയാക്കിയത്.