National
സമ്മേളനം ഇന്ന് തുടങ്ങും; ലോക്‌സഭ നീറ്റിൽ തിളയ്ക്കും
രാവിലെ പതിനൊന്നിന് നടപടികൾ ആരംഭിക്കും. ആദ്യം നരേന്ദ്ര മോദി എം പിയായി സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി | പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 280 എം പിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശേഷിക്കുന്നവർക്ക് നാളെയാണ് സമയം നൽകിയത്. രാവിലെ പതിനൊന്നിന് നടപടികൾ ആരംഭിക്കും. ആദ്യം നരേന്ദ്ര മോദി എം പിയായി സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ലോക്‌സഭയിൽ അംഗമായ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ഇതിന് ശേഷം സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തിലാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ.
26ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രപതിയുടെ അഭിസംബോധന നടക്കുന്ന 27നാണ് രാജ്യസഭ ആരംഭിക്കുക. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
നീറ്റ് യു ജി, യു ജി സി നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച വിവാദം കത്തിനിൽക്കുന്നതിനിടെയാണ് മൂന്നാം മോദി സർക്കാറിന്റെ ആദ്യ ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം ശക്തരാകുകയും ചെയ്ത സാഹചര്യത്തിൽ പാർലിമെന്റ് പ്രക്ഷുബ്ധമാകും. പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളോട് സർക്കാറിന് വഴങ്ങേണ്ടിവരും.
“ഇന്ത്യ’ വിട്ടുനിൽക്കും
എട്ട് തവണ ലോക്സഭാംഗമായ കൊടിക്കുന്നിൽ സുരേഷിന് പ്രോ ടെം സ്പീക്കർ സ്ഥാനം നൽകാത്തതിൽ സഭയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ്സ്. പ്രോ ടെം സ്പീക്കറായി ബി ജെ പിയിലെ ഭർതൃഹരി മഹ്താബിനെയാണ് രാഷ്ട്രപതി നിയമിച്ചത്. ഇതോടെ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.
പ്രോ ടെം സ്പീക്കറെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു (ഡി എം കെ), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോൺഗ്രസ്സ്), രാധാ മോഹൻ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്തെ (ബി ജെ പി) എന്നിവരടങ്ങുന്ന മുതിർന്ന എം പിമാരുടെ പാനലിനെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തിരുന്നത്. ഈ സമിതിയിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രതിപക്ഷ തീരുമാനം.