west bengal
ഉപതിരഞ്ഞെടുപ്പില്‍ മമതക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല
നേരത്തെ ജൂലൈ 28 ന് മമത ബാനര്‍ജി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
കൊല്‍ക്കത്ത | മമതക്കെതിരെ ഭബാനിപൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മമതക്കെതിരെ പ്രചാരണം നടത്തില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നില്ലെങ്കില്‍ സഖ്യകക്ഷിയായ തങ്ങള്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തേ സി പി ഐ എം അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ പുതിയ തീരുമാനത്തിന് പിന്നാലെ സി പി എമ്മിന്റെ പ്രതികരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലുണ്ടായിരുന്ന ഇരുവര്‍ക്കും സീറ്റുകള്‍ ഒന്നും നേടാനായിട്ടില്ല.
നിലവിലെ മുഖ്യമന്ത്രികൂടിയായ മമതക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ബി ജെ പിക്ക് സഹായകമാവുമെന്നും അത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നീരസമുണ്ടെന്നാണ് വിവരം.
നേരത്തെ ജൂലൈ 28 ന് മമത ബാനര്‍ജി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനായിരുന്നു അന്ന് കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താന്‍ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിംഗില്‍ മമത ബാനര്‍ജിയായിരുന്നു തൃണമൂലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത്.
നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആറുമാസത്തിനകം നിയമസഭയില്‍ എത്താനായാണ് മമതക്ക് വേണ്ടി ഭബാനിപൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുമ്പ് രണ്ട് വട്ടം മമത ഭബാനിപൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമതക്ക് വേണ്ടി നിലവിലെ കൃഷി മന്ത്രിയായ സൊബന്‍ദേബ് ചത്തോപാധ്യായ രാജിവെച്ച് ഒഴിയുകയായിരുന്നു.