Kerala
പൗരത്വ ഭേദഗതി നിയമത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചതും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്
തിരുവനന്തപുരം | മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. പൗരത്വ ഭേദഗതി നിയമത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചതും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്. അന്ന് സ്പീക്കര്‍ തരൂരിന്റെ മൈക്ക് ഓഫ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 12 സംസ്ഥാനങ്ങളില്‍ 16 കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
പൗരത്വ സമരക്കാലത്തെ കേസുകള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി ബി ജെ പിക്ക് കൂട്ട് നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആകെ രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി സഭയിലെത്തിയപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. യോജിച്ച സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.