Editorial
ഭരണഘടനക്ക് വീണ്ടും മുറിവേല്‍പ്പിക്കുന്നു
മുസ്‌ലിംകളെ സാമ്പത്തികമായി ക്ഷീണിപ്പിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയുമാണ് ബി ജെ പിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നത്. ഭേദഗതി നിയമങ്ങളിലേറെയും ഭരണഘടനാ വിരുദ്ധമായതിനാല്‍ ജുഡീഷ്യറി ഭേദഗതിയെ പിന്തുണക്കാന്‍ ഇടയില്ലെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍.

ഹിന്ദുത്വ കാപാലികര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു സമാനമായ മറ്റൊരു ദുരന്ത ദിനമായിരുന്നു വ്യാഴാഴ്ച മതേതര ഇന്ത്യക്ക്. ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ കാറ്റില്‍ പറത്തി മോദി സര്‍ക്കാര്‍ ലോക്സഭയില്‍ വഖ്ഫ് ഭേദഗതി ബില്ല് പാസ്സാക്കിയ ദിനം. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2025 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ മൂന്നോടെയാണ് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്ക് കത്തിവെക്കുന്ന ബില്ല് ലോക്സഭ പാസ്സാക്കിയത്. യു പി എ ഭരണകാലത്ത് വഖ്ഫ് ബോര്‍ഡിനു നല്‍കിയ അമിതാധികാരങ്ങള്‍ നിയന്ത്രിക്കുക മാത്രമാണ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നുമാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. എന്നാല്‍ മസ്ജിദുകളടക്കം മുസ്‌ലിം സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടാനും അവതാളത്തിലാകാനും ഇടയാക്കുന്നതാണ് ഭേദഗതി ബില്ലിലെ പല വ്യവസ്ഥകളും.
ഒരു വഖ്ഫ് സ്വത്ത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ അതില്‍ പരിശോധന നടത്താനുള്ള അധികാരം ഉന്നതോദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ അപകടകരമാണ്. നിലവില്‍ വഖ്ഫ് ബോര്‍ഡ് നിര്‍ദേശിക്കുന്ന സിവില്‍ കോടതിയുടെ അധികാരമുള്ള സര്‍വേ കമ്മീഷണറാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളില്‍ സര്‍വേ കമ്മീഷണര്‍മാര്‍ വിശദമായ പരിശോധന നടത്തി എല്ലാം വഖ്ഫാണെന്ന് ഉറപ്പ് വരുത്തിയതാണ് നേരത്തേ. ഇത്തരം സ്വത്തുക്കളില്‍ ഒരു പുനഃപരിശോധനക്ക് ആവശ്യമുയരുകയും ഉന്നതോദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്താല്‍ പ്രതികൂല റിപോര്‍ട്ടിനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല ഇത്തരമൊരു തര്‍ക്കം ഉയര്‍ന്നാല്‍, ഭേദഗതി നിയമത്തിലെ 3(2) വകുപ്പ് പ്രകാരം അതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതു വരെ തര്‍ക്ക വസ്തു വഖ്ഫ് സ്വത്തായി പരിഗണിക്കില്ല. ഒരു പള്ളിയും ഖബര്‍സ്ഥാനും സര്‍ക്കാര്‍ ഭൂമിയാണെന്ന് ആരെങ്കിലും പരാതി നല്‍കിയാല്‍ തീര്‍പ്പുണ്ടാകുന്നതു വരെ പള്ളിയില്‍ ആരാധനകള്‍ക്കും ഖബര്‍സ്ഥാനില്‍ മയ്യിത്ത് സംസ്‌കരണത്തിനും വിലക്കേര്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് ഇതുവഴി സാധിക്കും. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും വഖ്ഫ് ബോര്‍ഡിനുമിടയില്‍ തര്‍ക്കമുണ്ടായാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടത് സര്‍ക്കാറാണ്. പുതിയ ഇന്ത്യയില്‍ ഭരിക്കുന്ന സര്‍ക്കാറുകളുടെ താത്പര്യത്തെ മറന്നും മറികടന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുമെന്നോ വഖ്ഫ് ബോര്‍ഡിന് അനുകൂലമായി റിപോര്‍ട്ട് എഴുതുമെന്നോ ചിന്തിക്കുക വയ്യ. സത്യം വഖ്ഫ് ബോര്‍ഡിന്റെ പക്ഷത്താണെങ്കില്‍ പോലും അനന്തകാലം തര്‍ക്കം നീട്ടിക്കൊണ്ടുപോയി സ്വത്തുക്കളുടെ വഖ്ഫ് പരിരക്ഷ ആ കാലമത്രയും നഷ്ടപ്പെടുത്താനും ഈ ഉദ്യോഗസ്ഥന് സാധിക്കും. ഫലത്തില്‍ സര്‍ക്കാറിന്റെ രാഷ്ട്രീയവും വര്‍ഗീയവുമായ സ്വഭാവങ്ങള്‍ വഖ്ഫ് ഇടപാടിലും വ്യവഹാരങ്ങളിലും പ്രതിഫലിക്കുമെന്ന ദൂരവ്യാപക പ്രത്യാഘാതത്തിലേക്കാണ് പുതിയ ഭേദഗതികള്‍ വാതില്‍ തുറന്നിടുന്നത്.
കേന്ദ്ര വഖ്ഫ് ബോര്‍ഡിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും മുസ്‌ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്താമെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ വഖ്ഫിന്റെയും മുസ്‌ലിം സമുദായത്തിന്റെയും താത്പര്യങ്ങളെ ഹനിക്കുന്നതാണ്. രാജ്യത്ത് ഹൈന്ദവ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും സുഗമമായ നടത്തിപ്പിന് രൂപവത്കൃതമായ ദേവസ്വം ബോര്‍ഡുകളിലെയും സിഖ് മതസ്ഥരുടെ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റികളിലെയും അംഗങ്ങള്‍ അതാത് മതവിശ്വാസികളായിരിക്കണമെന്നാണ് വ്യവസ്ഥ. അവരാണ് അത് കൈകാര്യം ചെയ്യാന്‍ അര്‍ഹരും. പിന്നെന്തിനാണ് വഖ്ഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ തിരുകിക്കയറ്റുന്നത്? ഇതില്‍ നിഗൂഢതയുണ്ട്.
ഒരു വ്യക്തിയുടെ സ്വത്തിന്റെ പിന്തുടര്‍ച്ചക്കാരുടെ അവകാശങ്ങള്‍ നഷ്ടമാകും വിധം വഖ്ഫ് പാടില്ല, തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഇസ്‌ലാമികമായി ജീവിച്ച വ്യക്തികള്‍ വഖ്ഫ് ചെയ്യുന്ന സ്വത്തുക്കള്‍ മാത്രമേ വഖ്ഫായി പരിഗണിക്കുകയുള്ളൂ തുടങ്ങി ഇസ്‌ലാമിക താത്പര്യങ്ങളെ ഹനിക്കുന്ന വേറെയും ധാരാളം വ്യവസ്ഥകളുണ്ട് ഭേദഗതി നിയമത്തില്‍. മുസ്‌ലിംകളെ സാമ്പത്തികമായി ക്ഷീണിപ്പിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുകയുമാണ് ബി ജെ പിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നത്. ഭേദഗതി നിയമങ്ങളിലേറെയും ഭരണഘടനാ വിരുദ്ധമായതിനാല്‍ ജുഡീഷ്യറി ഭേദഗതിയെ പിന്തുണക്കാന്‍ ഇടയില്ലെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍. നിയമപരമായ പോരാട്ടമാണ് ഇനി രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ മുന്നിലുള്ള മാര്‍ഗം.
വഖ്ഫ് ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ ഇന്ത്യ സഖ്യം എടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണ്. ബില്ലിനെതിരായി അവര്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്തു. ബില്ലിനെ എതിര്‍ക്കരുതെന്ന കെ സി ബി സിയുടെ ഭീഷണി സ്വരത്തിലുള്ള നിര്‍ദേശത്തെ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ അംഗങ്ങളടക്കമുള്ള എല്ലാ എം പിമാരും അവഗണിച്ചു. അതേസമയം ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നത് ദുരൂഹമാണ്. മറ്റു കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അവസരം നല്‍കാനാണ് അദ്ദേഹം മാറിനിന്നതെന്നാണ് പാര്‍ട്ടി വിശദീകരണം. എങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ രണ്ട് വാക്കെങ്കിലും സംസാരിക്കേണ്ട ബാധ്യത രാഹുലിന് ഉണ്ടായിരുന്നില്ലേ?
തീര്‍ത്തും ചിന്താശൂന്യവും വിവേകരഹിതവുമായിപ്പോയി വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച ക്രിസ്തീയ സഭയുടെ നിലപാട്. ഇന്ത്യയില്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുക്കളുള്ളത് കത്തോലിക്കാ സഭക്കാണ്. 17.29 കോടി ഏക്കര്‍ വരും സഭയുടെ ഭൂസ്വത്ത്. 9.4 ലക്ഷം ഏക്കര്‍ മാത്രമാണ് വഖ്ഫ് ബോര്‍ഡിനു കീഴിലുള്ള സ്വത്തുക്കള്‍. ഇന്ന് മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തില്‍ കൈവെച്ച ഹിന്ദുത്വ ഭരണകൂടം നാളെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളിലും കൈവെക്കുമെന്ന് അവര്‍ ഓര്‍ക്കണമായിരുന്നു. മുസ്‌ലിംകളെ പോലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വിവേചനത്തിനും അതിക്രമങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ് ക്രിസ്തീയ വിഭാഗവും. 2024ല്‍ മാത്രം അവര്‍ക്കെതിരെ 840 ആസൂത്രിത ആക്രമണങ്ങളുണ്ടായെന്നാണ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പറയുന്നത്.