Articles
കോടതികളെ ഭരിക്കേണ്ടത് ഭരണഘടനയാണ്
ഭരണഘടനയും അതിലധിഷ്ഠിതമായി രൂപപ്പെടുത്തിയ ക്രിമിനല്‍ നിയമങ്ങളും നീതിവാക്യങ്ങളാകേണ്ട ഇടങ്ങളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മനസ്സുകളില്‍ പച്ച പിടിച്ചുനില്‍ക്കുന്ന മതപ്രോക്ത ചരിത്രങ്ങള്‍ വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതും വിശദീകരിക്കപ്പെടുന്നതും മതനിരപേക്ഷ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ പോന്നതാണ്. അവ്വിധമൊരു വിധി വിശകലനമാണ് ബറേലി സെഷന്‍സ് ജഡ്ജി രവി ദിവാകര്‍ ഈയിടെ കുറ്റാരോപിതരായ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിക്കുന്നതില്‍ നടത്തിയത്.
“രാമന്റെ മനസ്സ് ഈയിടെ പിടിച്ച ഗജവീരനെപ്പോലെയാണ്. ആ ഗജവീരനെ തളച്ചിടാനുള്ള, മുള്ളുകള്‍ നിറഞ്ഞ ഇരുമ്പിന്റെ വിലങ്ങ് പോലെയാണ് രാജകിരീടധാരണം. വനവാസത്തിന് പോകണമെന്ന് കേട്ടതോടെയാണ് രാമ ഹൃദയം ശാന്തമായത്’, തുളസീദാസിന്റെ രാമചരിതമാനസില്‍ തുടങ്ങി രാമായണ കഥകളിലേക്ക് വികസിക്കുന്നുണ്ട് ഉത്തര്‍ പ്രദേശിലെ ബറേലി സെഷന്‍സ് കോടതി ജഡ്ജി രവി ദിവാകര്‍ ഈയിടെ പുറപ്പെടുവിച്ച വിധി.
പിതാവ് ദശരഥന്റെ വാഗ്ദാനത്തെ ബഹുമാനിച്ചുകൊണ്ട് രാമന്‍ പതിനാല് വര്‍ഷത്തെ വനവാസം വരിച്ചു. സഹോദരന്‍ ലക്ഷ്മണനോട് കാനന വാസം നിര്‍ദേശിക്കപ്പെട്ടില്ലെങ്കിലും രാമന്റെ കൂടെ വനവാസത്തില്‍ പങ്കുചേര്‍ന്നു ലക്ഷ്മണനും.
രാമന്റെ മറ്റൊരു സഹോദരനായ ഭരതന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. വിവരങ്ങള്‍ അറിഞ്ഞ് അതീവ ദുഃഖിതനായ ഭരതന്‍ മാതാവ് കൈകേയിയുടെ മുമ്പില്‍ വിലപിച്ചു. അയോധ്യ ഭരിക്കാന്‍ ശരിയായ അവകാശമുണ്ടായിരുന്ന രാമന്‍ തന്റെ പാദരക്ഷകള്‍ ഭരതന് നല്‍കിയിരുന്നു. അടുത്ത ദിവസം പട്ടാഭിഷേകത്തിന് സമയം കുറിച്ചിരിക്കെയാണ് രാജാധികാരം ഉപേക്ഷിച്ച് രാമന്‍ കാനന വാസത്തിന് തയ്യാറാകുന്നത്. അന്നേരം രാമന്റെ അഭാവത്തില്‍ അവസരം മുതലെടുത്ത് രാജാവാകാന്‍ തുനിഞ്ഞില്ല ഭരതന്‍. പകരം അധികാരത്തിന്റെ അടയാളമായി രാമന്റെ പാദരക്ഷകള്‍ രാജ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് പതിനാല് വര്‍ഷവും ഒരു പകരക്കാരനെപ്പോലെ ഭരിക്കുകയായിരുന്നു ഭരതന്‍.
വനവാസം കഴിഞ്ഞെത്തിയ രാമന്‍ അയോധ്യയിലെ രാജാവായപ്പോള്‍ സഹോദരങ്ങളായ ഭരതനും ലക്ഷ്മണനും സാഹോദര്യ ബന്ധത്തിന്റെ യഥാര്‍ഥ ഉത്തരവാദിത്വം നിര്‍വഹിക്കുകയായിരുന്നെന്ന് നെടുനീളന്‍ ചരിത്രാവിഷ്‌കാരത്തിലൂടെ വിശദീകരിക്കുന്നുണ്ട് ബറേലി സെഷന്‍സ് ജഡ്ജി രവി ദിവാകര്‍.
ചരിത്രവും ഇതിഹാസങ്ങളും കഥകളുമെല്ലാം കോടതി വിധികളുടെ ഭാഗമായി വരുന്നത് ഒരു മോശം കീഴ്്വഴക്കമല്ല. വിധികളിലേക്കെത്തുന്നതിന് സഹായിക്കുന്ന, നിയമ ഭാഷയിലെ ഒബിറ്റര്‍ ഡിക്ടയുടെ ഭാഗമായി വരുന്നതാണതെല്ലാം. ആധുനിക ലോകത്തെ നിയമങ്ങളുടെ ഉറവിടങ്ങളായി മതവിശ്വാസങ്ങള്‍ (Religious beliefs), ആചാരങ്ങള്‍ (Customs) തുടങ്ങിയവ പരിഗണിക്കപ്പെടുന്നുണ്ടല്ലോ.
സ്വാഭാവികമായും അത്തരം ചരിത്ര പശ്ചാത്തലങ്ങള്‍ വിധി വിശകലനങ്ങളായി പുതിയ കാലത്തെ കോടതി വിധികളില്‍ കടന്നുവരാറുണ്ട്. അപ്പോഴും ചരിത്രേതിഹാസങ്ങളിലെ സംഭവ വികാസങ്ങള്‍ വിധിയുടെ കാരണങ്ങളായി, കോടതി വിധിയൊരു മത സുവിശേഷമായി പുറത്തു വരുന്നത് ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളോട് യോജിച്ചു പോകുന്നതല്ല. ഭരണഘടനയും അതിലധിഷ്ഠിതമായി രൂപപ്പെടുത്തിയ ക്രിമിനല്‍ നിയമങ്ങളും നീതിവാക്യങ്ങളാകേണ്ട ഇടങ്ങളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മനസ്സുകളില്‍ പച്ച പിടിച്ചുനില്‍ക്കുന്ന മതപ്രോക്ത ചരിത്രങ്ങള്‍ വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതും വിശദീകരിക്കപ്പെടുന്നതും നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ പോന്നതാണ്. അവ്വിധമൊരു വിധി വിശകലനമാണ് ബറേലി സെഷന്‍സ് ജഡ്ജി രവി ദിവാകര്‍ ഈയിടെ ഒരു കേസിലെ കുറ്റാരോപിതരായ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിക്കുന്നതില്‍ നടത്തിയത്.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ചരണ്‍ സിംഗ് കൊല്ലപ്പെടുന്നത്. സഹോദരന്‍ രഘ്്വീര്‍ സിംഗും മകന്‍ തേജ്പാല്‍ സിംഗും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു ചരണ്‍ സിംഗിനെ. ഐ പി സിയിലെ 302, 34 വകുപ്പുകള്‍ പ്രകാരം യഥാക്രമം കൊലപാതക്കുറ്റത്തിനും സംഘം ചേര്‍ന്നുള്ള കുറ്റകൃത്യത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റാരോപിതര്‍ക്കെതിരെ സാക്ഷിമൊഴികളും ശക്തമായ സാഹചര്യ തെളിവുകളുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
കുറ്റം ചെയ്ത രഘ് വീര്‍ സിംഗ് ഈശ്വരനായ രാമന്റെ സഹോദരങ്ങള്‍ കാണിച്ച സ്വഭാവത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ കുറ്റവാളി ജീവിച്ചിരിക്കാന്‍ അര്‍ഹനല്ല.
വധശിക്ഷയിലൂടെ മാത്രമേ അത്തരം ആളുകളില്‍ നിന്ന് സമൂഹം രക്ഷപ്പെടുകയുള്ളൂ എന്ന് വിധിയില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് ബറേലി സെഷന്‍സ് ജഡ്ജി രവി ദിവാകര്‍. നമ്മുടെ വിശ്വാസവും മൂല്യങ്ങളും ഇങ്ങനെ ആകയാല്‍ കുറ്റവാളികളായ രണ്ട് പേര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന വിധിയെ രാജ്യത്തെ ജുഡീഷ്യറിയിലെ അപഭ്രംശമായി വായിച്ചാലും തെറ്റില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ഇതേ ഉത്തര്‍ പ്രദേശിലെ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഭൂരിപക്ഷ ഹിതപ്രകാരമായിരിക്കും രാജ്യം ഭരിക്കപ്പെടുകയെന്ന വിവാദ പ്രസ്താവന നടത്തിയത്.
സവര്‍ണര്‍ രാജ്യത്തെ ഭൂരിപക്ഷ വിഭാഗമല്ലെങ്കിലും നമ്മുടെ ബ്യൂറോക്രസിയെ എക്കാലത്തും നിയന്ത്രിക്കുന്നത് സവര്‍ണ താത്പര്യങ്ങളാണ്. ജുഡീഷ്യറി കാലാകാലങ്ങളില്‍ കൈമാറി വരുന്ന ശീലങ്ങളും സവര്‍ണം തന്നെയാകുമ്പോള്‍ പ്രതീക്ഷിക്കേണ്ടത് മാത്രമാണ് ബറേലി സെഷന്‍സ് കോടതി ജഡ്ജിയുടെ അതിരുകവിഞ്ഞ വിധി വിശകലനങ്ങള്‍. നീതിപീഠങ്ങളെ ഭരിക്കേണ്ടത് ഭരണഘടനയാണെന്ന തീര്‍ച്ച രാജ്യത്തെ പൗര സമൂഹത്തിനുണ്ടാകുമ്പോള്‍ മാത്രമേ നമ്മുടെ ജനാധിപത്യവും മതനിരപേക്ഷതയും അതിജീവിക്കുകയുള്ളൂ.