Connect with us

National

ലോക്‌സഭയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു; ആദ്യം ദിനംതന്നെ കരുത്തറിയിച്ച് പ്രതിപക്ഷം

പ്രധാനമന്ത്രി നരേനദ്ര മോദി സത്യപ്രതിജ്ഞക്കായി സഭയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാല്‍ ഭരണഘടന കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്നോണമാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷമെത്തിയത് ഭരണഘടനയുടെ കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ച്. ഭരണഘടനയുമായി സഭയില്‍ എത്തിയ പ്രതിപക്ഷം പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ നിയമിക്കാത്തതിലും നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിലും ആദ്യ ദിനം തന്നെ പ്രതിഷേധിച്ചു കരുത്തുകാട്ടി. പ്രധാനമന്ത്രി നരേനദ്ര മോദി സത്യപ്രതിജ്ഞക്കായി സഭയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാല്‍ ഭരണഘടന കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചത് സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്നോണമാണ്. ഒരു ശകതിക്കും ഭരണഘടനയെ മറികടക്കാനാകില്ലെന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ കൈയില്‍ ഭരണഘടനയുടെ കോപ്പി കരുതുകയും ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

ഡെപ്യുട്ടി സ്പീക്കര്‍ പദവി ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് പ്രോടെം സ്പീക്കറാക്കിയ ഭര്‍തൃഹരി മഹത്താബിന് ആദ്യ ദിനം തന്നെ പ്രതിപക്ഷത്തിന്റെ പ്രതിഷേധച്ചൂട് അറിയേണ്ടി വന്നു.പ്രോ ടെം സ്പീക്കറെ സഹായിക്കാനുള്ള പാനല്‍ അംഗങ്ങളുടെ പേര് വിളിച്ചതോടെ സമ്മേളിച്ച് നിമിഷങ്ങള്‍ക്കകം തന്നെ സഭ ബഹളത്തില്‍ മുങ്ങി.

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയതോടെ, നീറ്റ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായമായില്ലെങ്കില്‍ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടിനെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കരുത്ത് ഇത്തവണ പ്രതിപക്ഷത്തിനുണ്ടെന്ന് കെസി വേണുഗോപാലും പ്രഖ്യാപിച്ചു. തുടക്കം മുതല്‍ തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേ സമയം, കേരളത്തില്‍ നിന്നുള്ള 17 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍, എംകെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠന്‍, കെ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, കെസി വേണു?ഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്

 

 

Latest