National
മുസ്ലിങ്ങള്‍ക്ക് പദവികളൊന്നും നല്‍കാത്ത വിധം ഭരണഘടന തിരുത്തിയെഴുതും; പ്രകോപന പ്രസംഗവുമായി തൊഗാഡിയ
സഊദി അറേബ്യയിലും പാക്കിസ്ഥാനിലുമൊന്നും ഹിന്ദുവിന് പ്രധാനമന്ത്രിയാകാനാകില്ല. അവര്‍ക്ക് ലജ്ജയില്ലെന്നു കരുതി നമ്മളെന്തിനു ലജ്ജിക്കണം?
ന്യൂഡല്‍ഹി | മുസ്ലിം വിരുദ്ധ പ്രകോപന പ്രസംഗവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും അതില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും തൊഗാഡിയ പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് തൊഗാഡിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഒരു ഭരണഘടനാ പദവിയും വഹിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധ്യമാകാത്ത വിധമാണ് ഭരണഘടന തിരുത്തിയെഴുതുകയെന്നും നമുക്ക് നമ്മുടെ രാജ്യത്തെ സംരക്ഷിക്കണമെന്നും തൊഗാഡിയ വ്യക്തമാക്കി.
സഊദി അറേബ്യയിലും പാക്കിസ്ഥാനിലുമൊന്നും ഹിന്ദുവിന് പ്രധാനമന്ത്രിയാകാനാകില്ല. അവര്‍ക്ക് ലജ്ജയില്ലെന്നു കരുതി നമ്മളെന്തിനു ലജ്ജിക്കണം? അവരെ തടയണം. ഒരു ഭരണഘടനാ പദവിയും വഹിക്കാന്‍ മുസ്ലിങ്ങളെ നമ്മള്‍ അനുവദിക്കില്ല- ഇങ്ങനെ പോയി തൊഗാഡിയയുടെ പ്രകോപന പരാമര്‍ശങ്ങള്‍.
പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മറ്റു ചില കാര്യങ്ങളും തീവ്ര ഹിന്ദു നേതാവ് ചൂണ്ടിക്കാട്ടി. രണ്ടിലേറെ മക്കളുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയുണ്ടാകില്ല. സര്‍ക്കാര്‍ ആശുപത്രികളിലും സ്‌കൂളിലും സൗജന്യ സേവനം ലഭിക്കില്ല. ബേങ്കില്‍ നിന്ന് വായ്പയോ സര്‍ക്കാര്‍ ജോലിയോ ലഭിക്കില്ല. വോട്ടവകാശവുമുണ്ടാകില്ല. ഒരൊറ്റ നിയമത്തിലൂടെ രണ്ട് വര്‍ഷത്തിനകം രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ അവസാനിക്കുമെന്നും തൊഗാഡിയ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.