Connect with us

Life Mission

ലൈഫിൽ തട്ടി പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം നിലച്ചു

അർഹരായ ആയിരങ്ങൾക്ക് ധനസഹായം മുടങ്ങി

Published

|

Last Updated

മലപ്പുറം | പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഭവന നിർമാണ സഹായ പദ്ധതി നിലച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഭവന നിർമാണത്തിനായുള്ള ഫണ്ട് നിലച്ചതിനാൽ ഈ വിഭാഗങ്ങൾക്ക് ലഭിച്ചുവന്ന തുകയിൽ കാര്യമായ കുറവ് വന്നതായാണ് ആരോപണം.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ അർഹരായവർക്കെല്ലാം അതത് വകുപ്പുകൾ മുഖേന ഓരോ വർഷവും ഭവന സഹായം ലഭിച്ചിരുന്നതാണ്. ലൈഫ് മിഷന്റെ പേരിൽ ഇവ നിലക്കുകയും ലൈഫ് ഗുണഭോക്തൃപട്ടിക നിർബന്ധമാക്കുകയും ചെയ്തതോടെ ദുർബല വിഭാഗത്തിലെ അർഹരായ ആയിരങ്ങൾക്കാണ് സഹായം തടയപ്പെടുന്നത്. വകുപ്പിന്റെ പക്കൽ ഇതിനാവശ്യമായ ഫണ്ട് നീക്കിയിരിപ്പുണ്ട്.

സർക്കാർ പ്രത്യേക ഉത്തരവിറക്കാതെ സഹായം അനുവദിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഒന്നാം ഘട്ടമായി ഏറ്റെടുത്ത് പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം എന്നത് തദ്ദേശസ്ഥാപനങ്ങൾ വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് നടപ്പാക്കിവരുന്ന പദ്ധതിക്ക് സമാനമാണ്. ഇത് പ്രകാരം 54,351 വീടുകളുടെ പ്രവൃത്തി നടത്തിയിട്ടുണ്ട്.

ഒരു ലക്ഷവും താഴെയും തുക ചെലവഴിക്കുന്ന ഈ വീടുകളെയും ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തി അവതരിപ്പിക്കുന്നത്. നേരത്തെ ഇവർക്ക് മൂന്ന് ലക്ഷമായിരുന്നു ഭവന നിർമാണത്തിന് ലഭിച്ചിരുന്നത്. ലൈഫ് പദ്ധതി പ്രകാരം ഒരു വീട് നിർമാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

ആകെ ഏഴ് ലക്ഷം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് ലക്ഷം മാത്രമാണ് ലഭ്യമാകുന്നത്. ഇതിൽ ഒരു ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളും 2,20,000 രൂപ ഹഡ്‌കോ വായ്പയുമാണ്. വായ്പാ തുക തദ്ദേശ സ്ഥാപനങ്ങളാണ് തിരിച്ചടക്കേണ്ടത്.

ലൈഫ് പദ്ധതി ആരംഭിക്കുന്ന 2017ന് തൊട്ടുമുമ്പുള്ള ഒരു വർഷം (2015-16) കൊണ്ട് മാത്രം കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി പ്രകാരം 92,424 കുടുംബങ്ങൾക്ക് വീട് ലഭിച്ചിട്ടുണ്ട്. 2011-12 മുതൽ 2015-16 വരെയുള്ള അഞ്ച് സാമ്പത്തിക വർഷത്തിനിടെ 4,14,552 കുടുംബങ്ങൾക്ക് വീട് ലഭിച്ചിട്ടുണ്ട്. പട്ടിക ജാതി വികസന വകുപ്പ് മുഖേന 24,887 കുടുംബങ്ങൾക്കും പട്ടികവർഗ വകുപ്പ് വഴി 17,588 കുടുംബങ്ങൾക്കും ഭവന പദ്ധതി ആനുകൂല്യം ലഭിച്ചു.

ലൈഫ് പദ്ധതി പ്രാവർത്തികമായതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഭവന പദ്ധതി നടപ്പാക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മറ്റു വകുപ്പുകളുടെ പദ്ധതികളും മരവിച്ച സ്ഥിതിയിലാണ്. വകുപ്പുകൾ പദ്ധതി നടപ്പാക്കുകയാണെങ്കിലും ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം നൽകേണ്ടത് എന്നും നിർദേശമുണ്ട്. ഇതിനെ തുടർന്ന് നാല് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് സഹായം ലഭിക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കുകയും പകരം കൊണ്ടുവന്ന ലൈഫ് അതിന്റെ നാലിലൊന്ന് പേർക്ക് മാത്രം സഹായം ലഭിക്കുന്നതിലേക്ക് പരിമിതപ്പെടുകയും ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.