Connect with us

Uae

ദുബൈയില്‍ ആദ്യ എയര്‍ ടാക്‌സി സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് ഏരിയല്‍ ടാക്‌സി വെര്‍ട്ടിപോര്‍ട്ട് വരുന്നത്.

Published

|

Last Updated

ദുബൈ| ദുബൈയില്‍ ആദ്യ എയര്‍ ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് ഏരിയല്‍ ടാക്‌സി വെര്‍ട്ടിപോര്‍ട്ട് വരുന്നത്. ‘3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ സ്റ്റേഷന് പ്രതിവര്‍ഷം 42,000 ലാന്‍ഡിംഗുകളും 170,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. പ്രാരംഭ ഘട്ടത്തില്‍ ഡൗണ്‍ടൗണ്‍, മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. 2026ല്‍ സേവനങ്ങള്‍ ആരംഭിക്കും. മൊബിലിറ്റി, നവീകരണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ ദുബൈ ആഗോള ഭാവി രൂപപ്പെടുത്തുന്നത് തുടരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപുലമായ ഏരിയല്‍ ടാക്‌സി സേവനം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബൈയെ മാറ്റാനാണ് ഈ സംരംഭം. സമര്‍പ്പിത ടേക്ക്-ഓഫ്, ലാന്‍ഡിംഗ് ഏരിയകള്‍, ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യങ്ങള്‍, ഒരു പ്രത്യേക പാസഞ്ചര്‍ ഏരിയ, സുരക്ഷാ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാവും സ്റ്റേഷന്‍. ജോബി ഏവിയേഷനാണ് വിമാന നിര്‍മാണം, പ്രവര്‍ത്തനങ്ങള്‍, യാത്രക്കാരുടെ നീക്കം എന്നിവ നിയന്ത്രിക്കുക. സ്‌കൈപോര്‍ട്ടുകള്‍ വെര്‍ട്ടിപോര്‍ട്ടിന്റെ ഇന്‍ഫ്രാസ്ട്രക്ചറിന്റെ രൂപകല്‍പ്പനയും പ്രമുഖ അന്താരാഷ്ട്ര ഓപറേറ്റര്‍മാരുമായി സഹകരിച്ച് അവര്‍ നിര്‍വഹിക്കും. ഭരണനിര്‍വഹണത്തിനും മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനത്തിനും ആര്‍ ടി എയുടെ പങ്കാളിത്തം ഉണ്ടായിരിക്കും.

നാല് യാത്രക്കാര്‍ക്കും ഒരു പൈലറ്റിനുമുള്ള ശേഷിയുള്ള ഈ ഏരിയല്‍ ടാക്‌സി പരമാവധി 321 കിലോമീറ്റര്‍ വേഗതയില്‍ പറക്കും. 161 കിലോമീറ്റര്‍ വരെ ഫ്‌ലൈറ്റ് റേഞ്ച് ഉണ്ടാവും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രാ സമയം 10-12 മിനിറ്റായി കുറക്കുന്ന എയര്‍ ടാക്‌സി സര്‍വീസ് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സഹായിക്കും.

 

 

 

Latest