Connect with us

Kerala

കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ക്ക് കേടുവരുത്തിയ ഡോക്ടര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

അലക്ഷ്യമായി മുന്‍കരുതലുകളില്ലാതെ പരാതിക്കാരിയുടെ ആരോഗ്യമുള്ള പല്ലുകള്‍ നശിപ്പിച്ചു കളഞ്ഞതിനും തുടര്‍ന്ന് പരാതിക്കാരിക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവും വരുത്തിയതിനെ തുടര്‍ന്നാണ് കോടതി അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരമായി വിധിച്ചത്.

Published

|

Last Updated

കോട്ടയം | ദന്തല്‍ ആശുപത്രിയില്‍ പല്ലിന്റെ വിടവ് നികത്താന്‍ എത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ കേടുവരുത്തിയ ഡോക്ടര്‍ക്ക് അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കോട്ടയം വട്ടുകുളം കടപ്പൂര്‍ സ്വദേശിയായ കെആര്‍ ഉഷാകുമാരിയുടെ പരാതിയിലാണ് കാനന്‍ ദന്തല്‍ ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ഡോ ഷൈനി ആന്റണി റൗഫിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

മേല്‍നിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്ന് പരിശോധിക്കാനുമാണ് ഉഷാകുമാരി ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിലെ ദന്തല്‍ സര്‍ജന്‍ ഉഷാകുമാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച് കേടുപാടില്ലാത്ത മേല്‍നിരയിലെ ഒരു പല്ലും താഴത്തെനിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടര്‍ന്ന് പല്ലുകള്‍ ക്രൗണ്‍ ചെയ്യുന്നതിനായി അഡ്വാന്‍സ് തുക വാങ്ങിയെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വേദനയും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം ദന്തല്‍ കോളജില്‍ പരാതികാരി ചികില്‍സ തേടിയെന്നും പല്ലുകളുടെ ക്രൗണ്‍ ഉറപ്പിക്കുന്നതിനായി കൊച്ചിന്‍ ഡെന്റല്‍ ക്ലിനിക്കില്‍ 57,600 രൂപ ചെലവായതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കമ്മീഷന്‍ കോട്ടയം ദന്തല്‍ മെഡിക്കല്‍ കോളജില്‍ പരാതികാരിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. പരാതികാരിയുടെ രാകി ചെറുതാക്കിയ പല്ലുകളുടെ ഇനാമലും ഡെന്റിനും നഷ്ടമായി ഭാവിയില്‍ പല്ലുകള്‍ നശിച്ചുപോകാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍ എല്‍എസ് ശ്രീല മൊഴി നല്‍കി.

അലക്ഷ്യമായി മുന്‍കരുതലുകളില്ലാതെ പരാതിക്കാരിയുടെ ആരോഗ്യമുള്ള പല്ലുകള്‍ നശിപ്പിച്ചു കളഞ്ഞതിനും തുടര്‍ന്ന് പരാതിക്കാരിക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവും വരുത്തിയതിനെ തുടര്‍ന്നാണ് കോടതി അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരമായി വിധിച്ചത്.

അഡ്വ. വിഎസ്.മനുലാല്‍ പ്രസിഡന്റും അഡ്വ ആര്‍ ബിന്ദു, കെഎം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് കേസ് പരിഗണിച്ചത്.