Connect with us

Editorial

നെഹ്‌റുവിനെയും വെട്ടി ചരിത്ര കൗണ്‍സില്‍

സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരം കെട്ടുറപ്പുള്ള ശക്തമായ ഒരു രാജ്യത്തെ വാര്‍ത്തെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്താതെയുള്ള ഇന്ത്യാ ചരിത്രം തീര്‍ത്തും അപൂര്‍ണമാണ്.

Published

|

Last Updated

വിലകുറഞ്ഞതും പരിഹാസ്യവുമായിപ്പോയി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ (അമൃത മഹോത്സവ്) പരിപാടിയിലെ പോസ്റ്ററില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ തഴഞ്ഞ ചരിത്ര കൗണ്‍സില്‍ നടപടി. മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഡോ. ബി ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ്, മദന്‍ മോഹന്‍ മാളവ്യ, സവര്‍ക്കര്‍ എന്നിവരുടെ ചിത്രം ഇടംപിടിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എച്ച് ആര്‍) പോസ്റ്ററില്‍ നെഹ്‌റുവിന്റെ പടം ഇല്ല. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കിയ ഐ സി എച്ച് ആറിന്റെ നടപടി വിവാദമായതിനു പിന്നാലെയാണ് നെഹ്‌റുവിനെ ഇപ്പോള്‍ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത്.

നെഹ്‌റുവിനോടുള്ള സംഘ്പരിവാറിന്റെ വിരോധം സുവിദിതമാണ്. ആര്‍ എസ് എസിന്റെ വെടിയുണ്ടക്കിരയായ മഹാത്മാ ഗാന്ധിയോടുള്ളതിനേക്കാള്‍ സംഘ്പരിവാറിന് ശത്രുത നെഹ്‌റുവിനോടാണ്. നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയും അപഹസിക്കുകയും ചെയ്യുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി ജെ പിയുടെയും ഇതര സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ നിരന്തരം നടത്തിവരാറുള്ളത്. കറകളഞ്ഞ മതേതര കാഴ്ചപ്പാടുള്ള നെഹ്‌റു കടുത്ത ആര്‍ എസ് എസ് വിരോധിയായിരുന്നുവെന്നതാണ് സംഘ്പരിവാറിന്റെ വിരോധത്തിനു മുഖ്യകാരണം. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ ഒരു ഹിന്ദു മതഭ്രാന്തനാണ് അത് ചെയ്തതെന്നു പ്രതികരിച്ച നെഹ്‌റു തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്‍ എസ് എസിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തുകളില്‍ പറയുന്ന കാര്യങ്ങള്‍ പ്രസക്തമാണ്. ”നമ്മളെ എതിരിടുന്നവര്‍ എന്തു ചെയ്യാനും മടിക്കാത്തവരാണെന്ന് ഓര്‍മിക്കണം. ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയുമാണ് അവരുടെ രീതി.” ആര്‍ എസ് എസിനെ നെഹ്‌റു തിരിച്ചറിഞ്ഞ പോലെ മറ്റേതെങ്കിലും കോണ്‍ഗ്രസ്സ് നേതാവ് വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയം. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ പൂര്‍ണമായും നിരോധിക്കാനും അവരുടെ പ്രചാരണ തന്ത്രങ്ങള്‍ തകര്‍ക്കാനും നേതാക്കളെ അറസ്റ്റ് ചെയ്യാനും നെഹ്‌റു ആഗ്രഹിച്ചിരുന്നു. മൃദുഹിന്ദുത്വ നിലപാടുകാരനായിരുന്ന പട്ടേലാണ് ഈ നീക്കത്തില്‍ നിന്ന് നെഹ്‌റുവിനെ പിന്തിരിപ്പിച്ചതെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന നീരജ് സിംഗ് നടത്തിയ ഗവേഷണ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്ത് ഫാസിസം വന്ന വഴികളും വര്‍ഗീയതയുടെ വിപത്തും നന്നായി മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്ത നേതാവായിരുന്നു നെഹ്‌റു.

ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ബോധപൂര്‍വം ഏറ്റെടുത്ത ദൗത്യമാണ് നെഹ്‌റുവിന്റെ ഓര്‍മയെ ഇല്ലായ്മ ചെയ്യുക എന്നത്. നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്റര്‍നെറ്റിലൂടെയുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടങ്ങിയിട്ട് കാലങ്ങളായി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ അക്കാദമിക് രംഗത്തും ചരിത്രത്തിലുമുള്ള പൊളിച്ചുപണിയിലൂടെയായി ഈ നീക്കങ്ങള്‍. നെഹ്‌റു മ്യൂസിയത്തിന്റെ ഘടനാ മാറ്റം, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് നെഹ്‌റുവിന്റെ ചരിത്രം നീക്കം ചെയ്യല്‍, സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലും മന്‍കി ബാത്തിലും ആര്‍ എസ് എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയെയും പട്ടേലിനെയും ശ്യാമപ്രസാദ് മുഖര്‍ജിയെയുമൊക്കെ അനുസ്മരിക്കവെ നെഹ്‌റുവിന്റെ പേര് വിട്ടുകളയുന്ന നരേന്ദ്ര മോദിയുടെ നടപടി തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടിയിലെ പോസ്റ്ററില്‍ നെഹ്‌റുവിന്റെ ഫോട്ടോ വിട്ടുകളഞ്ഞതും ഇതിന്റെ തുടര്‍ച്ച തന്നെ. 2018 ഫെബ്രുവരിയില്‍ പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ നടത്തിയ നെഹ്‌റുവിരുദ്ധ പരാമര്‍ശങ്ങള്‍ അദ്ദേഹത്തോടുള്ള മോദിയുടെ ശത്രുത വ്യക്തമാക്കുന്നുണ്ട്. ‘നെഹ്‌റുവിന് പകരം പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന് കശ്മീരിന്റെ പകുതി ഭാഗം കൊടുക്കേണ്ടിവരില്ലായിരുന്നു’വെന്നാണ് മോദി അന്ന് പറഞ്ഞത്. രാജ്യത്തിന് ജനാധിപത്യ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ നേതാവാണ് നെഹ്‌റുവെന്ന് മേനിനടിക്കേണ്ട, അത് നേരത്തേ തന്നെ ഈ രാജ്യത്തിന് സ്വന്തമാണെന്ന പരാമര്‍ശത്തിലൂടെ നെഹ്‌റുവിനെ അപഹസിക്കാന്‍ ശ്രമിക്കുകയും ചെയ്തു അന്നദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരം കെട്ടുറപ്പുള്ള ശക്തമായ ഒരു രാജ്യത്തെ വാര്‍ത്തെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്താതെയുള്ള ഇന്ത്യാ ചരിത്രം തീര്‍ത്തും അപൂര്‍ണമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അന്താരാഷ്ട്ര മുഖം നേടിക്കൊടുക്കുന്നതില്‍ ഗാന്ധിജിയെ പോലെ നെഹ്‌റുവിന്റെ പങ്കും സുപ്രധാനമാണ.് 1928ല്‍ ഗാന്ധിജി ഇന്ത്യക്ക് ഡൊമിനിയന്‍ പദവി ലഭിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചപ്പോള്‍, അതുകൊണ്ടായില്ല പൂര്‍ണ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത് നെഹ്‌റുവായിരുന്നു. ശാസ്ത്രബോധത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. മാനവിക മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ശാസ്ത്രവികാസത്തെയാണ് നെഹ്‌റു സ്നേഹിച്ചത.് ഒരു ചേരിയിലും ചേരാതെയും ഇന്ത്യയെ ലോകത്തിന് വഴികാട്ടിയായി ഉയര്‍ത്തിക്കൊണ്ടുവരാനും നെഹ്‌റു യത്‌നിച്ചു. ആധുനിക ഇന്ത്യയുടെ ജനിതക ഘടനയുടെ അവിഭാജ്യ ഭാഗമെന്നാണ് ചരിത്രകാരന്മാര്‍ നെഹ്‌റുവിനെ വിശേഷിപ്പിച്ചത്. ലോകം കണ്ട മഹാനേതാക്കളില്‍ ഒരാളായ അദ്ദേഹത്തെ തമസ്‌കരിക്കാമെന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രം.