Connect with us

Fifa World Cup 2022

ഖത്വര്‍ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

Published

|

Last Updated

ദോഹ | മിഡില്‍ ഈസ്റ്റ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 28 ദിവസം നീളുന്ന ലോക കായിക മാമാങ്കം കെങ്കേമമാക്കാന്‍ സജ്ജമായിരിക്കുകയാണ് ആതിഥേയരായ ഖത്വര്‍. നവംബര്‍ 20ന് ഖത്വറും ഇക്വഡോറും തമ്മിലാണ് കിക്കോഫ് മത്സരം.

നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുമ്പ് മത്സരം ആരംഭിക്കുന്നതിനാലാണ് നാളെ മുതല്‍ 100 ദിവസമാണ് കിക്കോഫിനുള്ളത് എന്ന നില വന്നത്. നേരത്തേ നിശ്ചയിച്ചത് നവംബര്‍ 21ന് നെതര്‍ലാന്‍ഡ്‌സും സെനഗലും ആദ്യ മത്സരം എന്നതായിരുന്നു. ഖത്വര്‍- ഇക്വഡോര്‍മത്സരം നവംബര്‍ 21ന് മൂന്നാം മത്സരം എന്ന നിലക്കായിരുന്നു. 29 ദിവസം എന്നതില്‍ നിന്ന് 28 ദിവസമാക്കി ചുരുക്കാനുള്ള നിര്‍ദേശം ഖത്വര്‍ അംഗീകരിക്കുകയായിരുന്നു.

ബ്രസീല്‍, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികള്‍ ദോഹയിലെത്തുമെങ്കിലും ഇറ്റലിക്ക് യോഗ്യത നേടാനാകാത്തത് ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. മാത്രമല്ല, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലുള്ള സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പുമാകുമിത്. സ്വന്തം രാജ്യത്തിന് ലോക കിരീടം നേടിക്കൊടുക്കാനുള്ള ഇവരുടെ അവസാന അവസരം കൂടിയാണ് ഖത്വര്‍ ഒരുക്കുന്നത്.

അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പിന്മുറക്കാരനായ മെസ്സിക്ക് പക്ഷേ 35 വയസ്സിനിടക്ക് ലോകകിരീടം രാജ്യത്തിന് സമ്മാനിക്കാന്‍ സാധിച്ചില്ല. 2014ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം ഫൈനലിലെത്തിയെങ്കിലും ജര്‍മനിയോട് പരാജയപ്പെട്ടു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോളുകള്‍ അടിച്ചുകൂട്ടുകയും ക്ലബുകള്‍ക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പോര്‍ച്ചുഗലിനെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ പോലും റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല. 37 വയസ്സുകാരനും പ്രകടനത്തിന്റെ മൂര്‍ച്ച കുറഞ്ഞുവരുന്ന ഘട്ടത്തിലാണ്.

സാധാരണത്തേതില്‍ നിന്ന് വിഭിന്നമായി നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പെന്നതിനാല്‍ തിരക്കുള്ള മത്സരക്രമമാണുള്ളത്. ഒരു ദിവസം നാല് മത്സരം വരെയുണ്ട്. നാല് ടീമുകളടങ്ങിയ എട്ട് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ടിലെത്തും. മൊത്തം 64 മത്സരങ്ങളാണുണ്ടാകുക. ഡിസംബര്‍ 18നാണ് ഫൈനല്‍.

Latest