National
അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി
അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രല്‍ 19 ന് നടക്കും
ന്യൂഡല്‍ഹി | നിയമസഭതിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി. നേരത്തെ ജൂണ്‍ നാലിനായിരുന്നു വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരുന്നത്. നിയമസഭാ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ മാറ്റിയത്.
ഞായറാഴ്ചയാണ് വോട്ടെണ്ണല്‍ തീയതി മാറ്റുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ മാത്രമാണ് മാറ്റമുള്ളതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശിലും സിക്കിമിലും മാറ്റങ്ങള്‍ ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 19 ന് തുടങ്ങി ജൂണ്‍ 1 ന് അവസാനിക്കുന്ന രൂപത്തില്‍ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രല്‍ 19 ന് നടക്കും.