National
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എപിഎൽ) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.
ന്യൂഡൽഹി | രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-സബോർബിറ്റൽ (വി കെ എസ്) ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉൾപ്പെടെ മൂന്ന് പേലോഡുകളാണ് റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം വിജയകരാമയെന്നും നേരത്തെ നിശ്ചയിച്ചതു പ്രകാരമാണ് വിക്ഷേപണത്തിന്റെ ഓരോ ഘട്ടങ്ങളും പിന്നിട്ടതെന്ന് ഇൻസ്പേസ് ചെയർമാൻ ഡോ. പവൻകുമാർ ഗോയങ്ക അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എപിഎൽ) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ഏകദേശം 545 കിലോഗ്രാം ഭാരമുള്ള ഒറ്റ-ഘട്ട സ്പിൻ-സ്റ്റെബിലൈസ്ഡ് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റാണ് ഇത്. 120 കിലോമീറ്റർ ഉയരത്തിൽ പോയി ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ശേഷം റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. വിക്ഷേപണത്തിന്റെ ആകെ ദൈർഘ്യം വെറും 300 സെക്കൻഡായിരുന്നു.
ഇതൊരു പരീക്ഷണ വിക്ഷേപണമായിരുന്നു. ഇത് വിജയിച്ചതോടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ കാര്യത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉൾപ്പെട്ടു. റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനായി ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, പ്രരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.
വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ് നിർമിച്ചിരിക്കുന്നത്. നവംബർ 15ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തീയതിയും സമയവും മാറ്റുകയായിരുന്നു.