Connect with us

Malappuram

രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാര്‍ത്ഥനാ സംഗമം വ്യാഴാഴ്ച; സ്വലാത്ത് നഗർ ഒരുങ്ങി

27-ാം രാവും വെള്ളിയാഴ്ച രാവും ഒരുമിക്കുന്ന സുകൃത ദിനം

Published

|

Last Updated

മലപ്പുറം | രണ്ട് കോവിഡ് വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസി ലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി മലപ്പുറം മഅ്ദിന്‍ അക്കാദമി. റമസാന്‍ ഇരുപത്തി ഏഴാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഏപ്രില്‍ 28ന് വ്യാഴാഴ്ച വൈകുന്നേരം നാലിന് തുടങ്ങി പുലര്‍ച്ചെ മൂന്നിന് സമാപിക്കും. ഈ പുണ്യരാത്രിയില്‍ മക്ക, മദീന എന്നിവക്കു ശേഷം ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനാവേദി കൂടിയാണിത്.

ആത്മീയ സുകൃതങ്ങളാല്‍ ധന്യമാകേണ്ടിയിരുന്ന രണ്ട് റമസാനുകള്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് വിശ്വാസി സമൂഹം. ദൈവപ്രീതിക്കായി സഹിച്ചും ക്ഷമിച്ചും ജീവാത്മസമര്‍പ്പണം നടത്തിയുമാണ് ഈ റമസാന്‍ അനുഗ്രഹമായി വന്നെത്തിയത്. ശോഷണം സംഭവിച്ച് പോയ ആത്മീയ ചൈതന്യങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്നുകൊണ്ടാണ് റമസാനിന്റെ ദിനരാത്രങ്ങളെ വിശ്വാസികള്‍ ധന്യമാക്കി കൊണ്ടിരിക്കുന്നത്.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റമസാന്‍ 27ാം രാവിലാണ് മഅ്ദിനിലെ വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ. മുസ്‌ലിംകള്‍ ഏറ്റവും പുണ്യമായി കരുതുന്ന 27ാം രാവും വെള്ളിയാഴ്ച രാവും ഒത്തൊരുമിക്കുന്ന സംഗമമെന്ന പ്രത്യേകത കൂടി ഇത്തവണ ഉള്ളതിനാല്‍ വളരെ വിപുലമായ ഒരുക്കങ്ങളാണ് മഅദിന്‍ കാമ്പസില്‍ നടന്ന്കൊണ്ടിരിക്കുന്നത്. സമഭാവനയുടെ സന്ദേശമൊരുക്കി ഒരേ മനസും പ്രാര്‍ഥനയുമായി അല്ലാഹുവിലേക്ക് സങ്കടങ്ങള്‍ പറഞ്ഞ് ഒത്തൊരുമിക്കുമ്പോള്‍ ഹൃദയ ശുദ്ധീകരണത്തിനിതൊരു മുതല്‍കൂട്ടാകും.

ഏറ്റവും പുണ്യമായി കരുതുന്ന ദിനത്തില്‍, ഭീകരതക്കും അക്രമങ്ങള്‍ക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കുന്നുവെന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടനവിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവല്‍ക്കരണമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ കാലത്ത് വിശ്വാസി കൂട്ടായ്മയുടെ ഇത്തരമൊരു പ്രതിജ്ഞക്ക് വളരെ വലിയ പ്രസക്തിയുണ്ട്. മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആബാലവൃദ്ധം ജനങ്ങള്‍ പരിപാടിയില്‍ സംഗമിക്കാനെത്തും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‍ലിയാർ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‍ലിയാർ അദ്ധ്യക്ഷത വഹിക്കും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഈ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാർ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്‍ലിയാർ കട്ടിപ്പാറ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീന്‍ ഫാളിലി എന്നിവര്‍ പ്രസംഗിക്കും.

ഇസ്‍ലാമിന്റെ സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രായോഗിക തലത്തില്‍ അനുഭവിച്ചറിയുന്ന അപൂര്‍വ്വതയാണ് പ്രാര്‍ത്ഥനാ സമ്മേളന ദിവസം സ്വലാത്ത് നഗറിലെ ഇഫ്താര്‍ സംഗമത്തിനുള്ളത്. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. രാത്രി ഒന്‍പതുമണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരെയും മഹത്തുക്കളെയും സ്മരിക്കുന്ന സ്‌ത്രോത്രങ്ങള്‍, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.

ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. മഅദിന്‍ അക്കാദമി പ്രധാന വേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയിലും പ്രത്യേക സൗകര്യങ്ങളുണ്ടാകും. സ്ത്രീകള്‍ക്കും വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ് എന്നിവ നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യത്തിന് വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സര്‍വ്വീസുമുണ്ടാകും.

25 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന പതാക ഉയര്‍ത്തല്‍ കര്‍മം നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഅ്തികാഫ് ജല്‍സ പരിപാടികള്‍ക്ക് തുടക്കമാകും. 27 ന് വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സമാപന സംഗമ ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ പരിപാടികള്‍ നടക്കും.

പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9645338343, 9633677722,

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ചെയര്‍മാന്‍, മഅ്ദിന്‍ അക്കാദി), പരി മുഹമ്മദ് ഹാജി (ജനറല്‍ സെക്രട്ടറി, മഅ്ദിന്‍ അക്കാദമി), ദുല്‍ഫുഖാര്‍ അലി സഖാഫി (കണ്‍വീനര്‍, സ്വാഗത സംഘം), നൗഫല്‍ കോഡൂര്‍ (മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍), സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം
(വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗത സംഘം) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.