Strategic Petroleum Reserve
രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിനൊപ്പം രാജ്യവും; ഫലിച്ചാല്‍ ഇന്ധന വില കുറയുമെന്ന പ്രതീക്ഷയില്‍ വിദഗ്ധര്‍
അമേരിക്കയുടെ അഭ്യര്‍ഥനെയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറക്കുക എന്ന ലക്ഷ്യത്തോടെ കരുതല്‍ ശേഖരത്തില്‍ നിന്നും ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഇന്ത്യയിലും ഇന്ധന വിലയില്‍ കുറവ് വരുത്താം എന്ന് കരുതുന്നു കേന്ദ്രം. എന്താണ് കരുതല്‍ ശേഖരം, തീരുമാനം കൊണ്ട് എന്ത് മാറ്റം ഉണ്ടാവും? വിശദമായി വായിക്കാം...
ഇന്ധന വില കുറക്കാന്‍ രാജ്യത്തിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും ക്രൂഡ് ഓയില്‍ വിപണിയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വിവരം നേരത്തേ പുറത്ത് വന്നു. അമേരിക്ക, ജപ്പാന്‍, ചൈന, ബ്രിട്ടന്‍, കൊറിയ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം കരുതല്‍ ശേഖരം വിപണിയിലെത്തിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുകയും എണ്ണ ഉത്പാദക രാജ്യങ്ങള്‍ കൃതൃമമായി എണ്ണ ലഭ്യത കുറക്കുന്നു എന്നും ആരോപിച്ച് അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ വിപണിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റ് വാങ്ങിയതിന് പിന്നാലെ, ദീപാവലി ‘സമ്മാനമായി’ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവയില്‍ ചെറിയ കുറവ് വരുത്താന്‍ കേന്ദ്രം തീരമാനിച്ചിരുന്നു. അതുവഴി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ച കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ ശേഖരത്തിലെ ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കുക വഴി രാജ്യത്തെ പെട്രോള്‍ വിലയില്‍ കുറവ് വരുമെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ, വിത്തിന് വെച്ചത് എടുത്ത് ഉപയോഗിക്കാനുള്ള തീരുമാനത്തിലൂടെ രാജ്യന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറക്കാനും രാജ്യത്തെ ഇന്ധന വില കുറക്കാനും ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ മൂന്ന് സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വില്‍ നിന്ന് 50 ലക്ഷം ബാരല്‍ പെട്രോള്‍ പുറത്തെടുക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ കൃതൃമ ക്ഷാമം ഉണ്ടാക്കി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിപ്പിക്കുകയാണെന്നും തീരുമാനം പ്രഖ്യാപിക്കവെ കേന്ദ്ര പെട്രോളിയം മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ശേഖരിച്ചു വെച്ച ക്രൂഡ് ഓയില്‍ ആണ് ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുക.
അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രം
അടുത്ത വര്‍ഷം അമേരിക്കയില്‍ കോണ്‍ഗ്രസ് ഇലക്ഷനുകള്‍ നടക്കാനിരിക്കെ നടത്തിയ സര്‍വേ ഫലങ്ങള്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ജനസമ്മിതിയില്‍ വലിയ ഇടിവാണ് കാണിക്കുന്നത്. ഇതിന് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം അമേരിക്കയില്‍ ഉടനീളമുള്ള വിലക്കയറ്റമാണ്. ഇന്ധന വിലയിലെ വര്‍ധനവാണ് വിലക്കയറ്റമെന്ന് വിലയിരുത്തിയ ബൈഡന്‍ ഭരണകൂടം എണ്ണ ഉത്പാദക രാജ്യങ്ങളായ ഒപെക് പ്ലെസിനോട് വിപണിയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കാനും അതിന്റെ വിലയില്‍ കാര്യമായ കുറവ് വരുത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമേരിക്കയുട നിരന്തര ആവശ്യം എണ്ണ ഉത്പാദക രാജ്യങ്ങള്‍ ചെവികൊണ്ടില്ല. ഏഴ് വര്‍ഷത്തെ ഏറ്റവും കൂടിയ വിലയിലാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത് എന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ക്രൂഡ് ഓയിലിന്റെ സര്‍വകാല റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന 2014 ലേയോ, 2011 ലേയോ ഏറ്റവും കൂടിയ വിലകളില്‍ ഇത് എത്തിച്ചേര്‍ന്നിട്ടില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. അമേരിക്കയുടെ രണ്ടര ദിവസത്തെ പെട്രോളിയം ഡിമാന്‍ഡ് ആയ 50 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കാനാണ് ബൈഡന്‍ ഭരണകൂടം തീരുമാനച്ചിരിക്കുന്നത്. ഇന്ത്യ അതേസമയം അമേരിക്കയും ആഹ്വാനം ഉള്‍ക്കൊണ്ട് 5 ദശലക്ഷവും ബ്രിട്ടന്‍ 1.5 ദശലക്ഷവും ക്രൂഡ് ഓയില്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഇതുവരെ ഈക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കരുതല്‍ ശേഖരത്തില്‍ നിന്നും ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കുന്നത് എന്നതിനൊപ്പം തന്നെ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ കൂട്ടായ ഒരു നീക്കം ആദ്യമായാണ് അമേരിക്കയുടെ നേതൃത്ത്വത്തില്‍ ഉണ്ടാകുന്നത്.
എന്താണ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്
അടിയന്തര സമയങ്ങളില്‍ മാത്രമായി എടുത്ത് ഉപയോഗിക്കാന്‍ രാജ്യങ്ങളിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണ ശേഖരമാണ് സ്ട്രാറ്റജിക് ഓയില്‍ റിസര്‍വ്. 1973- 74 കാലഘട്ടത്തില്‍ ഊര്‍ജ പ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കയാണ് ആദ്യമായി എസ് പി ആര്‍ അഥവാ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിന് തുടക്കമിടുന്നത്. 1991 ല്‍ ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്നും 2005 ല്‍ കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും അമേരിക്ക സ്ട്രാറ്റജിക്ക് ഓയില്‍ റിസര്‍വ്വ് ഉപയോഗപ്പെടുത്തി.
ഇന്ത്യയുടെ സ്ട്രാറ്റജിക് റിസര്‍വ്
ഇന്ത്യയില്‍ കിഴക്ക്- പടിഞ്ഞാറ് തീരങ്ങളിലായി മൂന്നിടത്താണ് കരുതല്‍ ശേഖരത്തിനായുള്ള ഭൂഗര്‍ഭ അറകള്‍ ഉള്ളത്. വിശാഖപട്ടണം, മംഗലാപുരം, പദൂര്‍ എന്നിവിടങ്ങളിലായി 38 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ആകെ ശേഖരിച്ച് വെച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇത്തരം കരുതല്‍ ശേഖരം. ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ തീരമാനിച്ചിരിക്കുന്നത്. മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോക്കെമിക്കല്‍സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ക്രൂഡ് ഓയില്‍ ശൂദ്ധീകരിക്കുക. പിന്നീട് കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തിച്ചേക്കും എന്നും സൂചനകള്‍ ഉണ്ട്.
1998 ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ അണ് ഇന്ത്യയില്‍ എസ് പി ആര്‍ ആരംഭിക്കാന്‍ തീരുമാനക്കുന്നത്. 2017- 18 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ നിലവിലുള്ള മൂന്ന് സംഭരണികള്‍ക്ക് പുറമേ ഒഡിഷയിലെ ചണ്ഡിക്കോല, രാജസ്ഥാനിലെ ബീക്കാനീര്‍ എന്നിവിടങ്ങളില്‍ എസ് പി ആറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തിരുന്നു. 2018 ല്‍ ഇതിന്റെ ഭാഗമായി ചണ്ഡിക്കോലയിലെ സംഭരണി നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും പദൂരിലെ സംഭരണിയുടെ ശേഷി രണ്ടിരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
കരുതല്‍ ശേഖരം വിപണിയില്‍ എത്തിക്കുക വഴി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറക്കുക എന്ന അമേരിക്കന്‍ തന്ത്രത്തിന് കൂടെ നില്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സൂചിപ്പിക്കുന്നത്. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില രാജ്യങ്ങളുടെ കൂട്ടായ ശ്രമം മൂലം കുറയും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍, രാജ്യന്തര വിപണിയില്‍ വില കുറഞ്ഞപ്പോള്‍ രാജ്യത്തെ വിപണിയില്‍ വില കുറഞ്ഞിട്ടില്ല എന്ന മുന്‍കാല ഉദാഹരണം നമുക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട് എന്ന് മാത്രമല്ല, നിലവില്‍ ഇന്ത്യ അനുഭവിക്കുന്ന ഉയര്‍ന്ന ഇന്ധന വിലയുടെ കാരണം അധിക എക്‌സൈസ് നികുതിയാണ് എന്നതും ഒരു വസ്തുതയാണ്.