Kerala
കേരളീയത്തെ നാട് നെഞ്ചേറ്റി; എല്ലാ വർഷവും ആവർത്തിക്കും: മുഖ്യമന്ത്രി
ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 7 ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളാണ് കേരളീയത്തെ വൻ വിജയമാക്കിയതെന്നും പ്രതികൂല കാലാവസ്ഥയിലും ആബാലവൃദ്ധം ജനങ്ങൾ പരിപാടികളിൽ പങ്കു കൊള്ളുന്നതായാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഒരുമയും ഐക്യവും കൊണ്ട് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് നാം മുമ്പ് തെളിയിച്ചതാണ് . ഇത് ഇനിയും തുടരണം. തിരുവനന്തപുരത്താണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേർന്നുവെന്നും മുഖയമന്ത്രി പറഞ്ഞു.
നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി. ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. ചുരുക്കം ദിവസങ്ങൾ കൊണ്ടുണ്ടായ സംഘാടനമാണെങ്കിലും പരിപാടി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിൽ ഉണ്ടായി. ഇവയൊക്കെയാണ് തുടർന്നും കേരളീയം നടത്താൻ സർക്കാരിന് പ്രചോദനമാകുന്നതെന്നും എല്ലാ വർഷവും പരിപാടി ആവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.