Connect with us

Prathivaram

നാട് തിളയ്ക്കുന്നു

ചെറു കാടുകള്‍ നശിപ്പിക്കുന്നത് പോലും പ്രകൃതിക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സസ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ പരിതസ്ഥിതിയിലെ ഏറ്റവും ചെറിയ മാറ്റങ്ങളോടു പോലും പ്രതികരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വേഗവും വ്യാപ്തിയും കൂടിയാല്‍ ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം വരെ സംഭവിക്കാമെന്ന മുന്നറിയിപ്പിനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. മനുഷ്യ വർഗത്തിനും ഇത് ഏറെ ദോഷം ചെയ്യുമെന്നുറപ്പ്.

Published

|

Last Updated

ഹൊ…എന്തൊരു ചൂട് സഹിക്കാനാകുന്നില്ല…ആളുകള്‍ വിയര്‍ത്തുകുളിച്ച് നെടുവീര്‍പ്പിട്ടുകൊണ്ട് ഇങ്ങനെ പറയാറുള്ളത് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ്. കാരണം, മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാറുള്ളത് ഈ മാസങ്ങളിലാണ്. കാലാവസ്ഥയുടെ ക്രമാനുഗതിക്കനുസരിച്ചായിരുന്നു നമ്മുടെ നാട്ടില്‍ ചൂടും തണുപ്പും അനുഭവപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ കാലാവസ്ഥയുടെ സ്വഭാവം പ്രവചനാതീതമായ തലത്തില്‍ എത്തിയിരിക്കുന്നു. തണുപ്പ് മാറുന്നതിന് മുമ്പെ തന്നെ കേരളം തിളച്ചുമറിയുകയാണ്. കൊടും ചൂട് വരാനിരിക്കുന്നതേയുള്ളൂ. ഫെബ്രുവരി മാസം പകുതിയോടടുക്കുമ്പോഴേക്കും മുമ്പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായതുപോലുള്ള അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ തന്നെ ഇത്രയും ചൂടാണെങ്കില്‍ വരും മാസങ്ങളിലെ അവസ്ഥ വളരെ കടുപ്പം നിറഞ്ഞതായിരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടാറുള്ളത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. രാത്രിയിലും പുലര്‍ കാലത്തും കനത്ത തണുപ്പായിരുന്നു കഴിഞ്ഞ കാലം വരെ. തണുപ്പിന്റെ കാഠിന്യം കാരണം രാത്രി നേരത്തെ തന്നെ മൂടിപ്പുതച്ചുറങ്ങാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. മരം കോച്ചുന്ന തണുപ്പ് പുലര്‍കാലങ്ങളിലും ഉണ്ടാകുമ്പോള്‍ പുതപ്പ് മാറ്റാനും എഴുന്നേൽക്കാനും വലിയ മടി തന്നെയുണ്ടാകും. ഇതൊക്കെ കഴിഞ്ഞ കാലങ്ങളിലെ കാലാവസ്ഥാ വിശേഷങ്ങളാണ്.

എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം സ്വാഭാവിക തണുപ്പും സ്വാഭാവിക ചൂടും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സന്തുലിതാവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് കാലാവസ്ഥയില്‍ പ്രകടമാകുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലെയും ജനുവരിയിലെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ജീവിതത്തിലേക്ക് ഒരു പരിശോധന നടത്തി നോക്കുക. മുന്‍കാലങ്ങളില്‍ അനുഭവിച്ചതുപോലുള്ള കൊടും തണുപ്പ് ഇക്കുറിയുണ്ടായിരുന്നില്ല. സാധാരണ തണുപ്പ് മാത്രമായിരുന്നു.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുമ്പൊക്കെ പകല്‍നേരത്ത് പോലും തണുത്ത കാറ്റ് വീശുമായിരുന്നു. എന്നാലിപ്പോള്‍ രാത്രിയില്‍ കുറച്ച് തണുപ്പും പകല്‍ നേരത്ത് ചൂടും എന്നതാണ് അവസ്ഥ. ഉച്ചയാകുമ്പോഴേക്കും ഭൂമി തിളച്ചുമറിയുകയാണ്. അതുകൊണ്ടുതന്നെ ആളുകള്‍ക്ക് വല്ലാത്ത ക്ഷീണവും ഉറക്കവുമുണ്ടാകുന്നു. ജോലിക്ക് പോകുന്നവര്‍ വൈകുന്നേരം വീട്ടില്‍ തിരിച്ചുവരുന്നത് തളര്‍ന്ന് അവശരായാണ്. അപ്പപ്പോള്‍ വെള്ളം കുടിക്കുന്നു. തീക്കാറ്റിനിടയിലൂടെ നടന്നുപോകുന്ന പ്രതീതി. നമ്മുടെ ജീവിതരീതികളെ തന്നെ താളം തെറ്റിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇത് മാറുകയാണ്. കൊടുംതണുപ്പില്‍ മാത്രം വളരുകയും വിളവ് തരുകയും ചെയ്യുന്ന സസ്യങ്ങളുണ്ട്. അതുപോലെ കൊടുംചൂടില്‍ മാത്രം നിലനില്‍ക്കുന്ന സസ്യങ്ങളുമുണ്ട്. കാലാവസ്ഥാ മാറ്റം ഇത്തരം സസ്യങ്ങളുടെ നിലനില്‍പ്പിനും ഉത്പാദനത്തിനും ദോഷകരമായി മാറുന്നു. കൊടും ചൂട് കാരണം ജലാശയങ്ങള്‍ ഇപ്പോള്‍ തന്നെ വറ്റിത്തുടങ്ങുകയാണ്. കുടിവെള്ളക്ഷാമം ഇക്കുറി ജനങ്ങളെ നേരത്തെ തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. തണുപ്പ് വേണ്ടിടത്ത് ചൂടും ചൂട് വേണ്ടിടത്ത് തണുപ്പുമെന്ന നിലയിലുള്ള കാലാവസ്ഥാ വികൃതികള്‍ പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ അതീവ ഗൗരവത്തോടെ തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നതാണ് ഏറെ ആശങ്കാജനകമായ വസ്തുത.

ആഗോളതാപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഭൂമിയിലെ ആവാസവ്യവസ്ഥകളിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥ വലിയൊരു വെല്ലുവിളിയായി തന്നെയാണ് ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് ഒട്ടനവധി പഠനങ്ങളും നടന്നുവരികയാണ്. ഭൂമിയിലെ ഉപരിതല താപനില അഞ്ച് വര്‍ഷം മുമ്പുണ്ടായതിനെക്കാൾ വര്‍ധിച്ച തോതിലാണുള്ളത്. കാര്‍ഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായി അത് വളര്‍ന്നു വികസിക്കുകയാണ്. ജനസംഖ്യാ വർധനവ് ഭക്ഷണ സാധനങ്ങളുടെ ആവശ്യത്തെയും വർധിപ്പിക്കുന്ന കാലത്ത് താപനില ഉയരുന്നത് അതിദാരിദ്ര്യാവസ്ഥക്ക് കാരണമാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്നം. താപനിലയുടെ തീവ്രത കൂടുംതോറും വരള്‍ച്ചയും രൂക്ഷമാകുകയാണ്. ജലസമൃദ്ധിയുള്ള പ്രദേശങ്ങള്‍ പോലും വറ്റിവരളുന്നത് പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിന് ഇടവരുത്തുന്നു.
താപനിലയിലും വര്‍ഷപാതത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃഷിയെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നുവെന്നത് മാത്രമല്ല പ്രശ്നം, മണ്ണിന്റെ ഗുണവും വീര്യവും കുറയാനും ഇത് ഇടവരുത്തുന്നു. മണ്ണിന്റെ ഗുണനിലവാരം നഷ്ടപ്പെടുമ്പോള്‍ കാര്‍ഷികോത്പാദനം തുലോം കുറയുകയാണ് ചെയ്യുന്നത്. വെള്ളം കിട്ടാതെ കൃഷി ഉണങ്ങുന്നുവെന്നതിനൊപ്പം വെള്ളം കിട്ടിയാലും കാര്‍ഷിക ഉത്പാദനം പ്രതിസന്ധിയിലാക്കും വിധം മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നതും നമ്മള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ്. കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളുടെ ശല്യവും സസ്യരോഗങ്ങളുടെ വ്യാപനവും ഇതിന്റെ ഭാഗമായി തന്നെ ഉണ്ടാകുന്നുണ്ട്.

താപനിലയുടെ തോത് ക്രമം വിട്ട് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി മാറാറുണ്ട്. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയും മഴക്കാലത്ത് വന്‍ പ്രളയവും താപനിലയുടെ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്.

താപനിലയുടെ ഉയര്‍ച്ച വര്‍ഷതാപത്തെ കൂടി ബാധിക്കുമ്പോഴാണ് വരള്‍ച്ചക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നത്. സമുദ്രത്തിലെ ജലനിരപ്പ് ഉയരാനും കൊടുങ്കാറ്റിനും അന്തരീക്ഷത്തിലെ താപനിലയുടെ വർധനവ് പ്രധാന കാരണമാകുന്നുണ്ട്. ഗ്ലേസിയറുകളും ധ്രുവപ്രദേശത്തെ മഞ്ഞുപാളികളും ഉരുകുന്നതോടെ സമുദ്രനിരപ്പ് ആഗോള വ്യാപകമായി ശരാശരി അരമീറ്റര്‍ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
ആഗോളതാപ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇടവരുത്തുക. കൊടും ചൂട് കാലത്ത് ശരീരത്തില്‍ മറ്റ് കാലാവസ്ഥകളില്‍ വേണ്ടതിനെക്കാള്‍ കൂടുതല്‍ ജലാംശം ആവശ്യമാണ്. ശരീരത്തിലെ ജലാംശം വാര്‍ന്നുപോകുന്ന സ്ഥിതി രൂക്ഷമായാല്‍ അത് മരണത്തിന് തന്നെ കാരണമായിത്തീരുമെന്ന കാര്യം തര്‍ക്കമറ്റതാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും പോഷകാഹാരങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയും പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുർബലപ്പെടുന്ന സ്ഥിതിയുമുണ്ട്. ചൂടുകാലങ്ങളിലാണ് വന്യജീവികള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. അവയുടെ ആവാസ വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നാട്ടിലിറങ്ങി മനുഷ്യജീവിതത്തിന് ദുരിതങ്ങള്‍ വിതയ്ക്കുന്നു. വനങ്ങള്‍ വെട്ടിവെളുപ്പിക്കുന്നത് നാട്ടില്‍ വന്യജീവികളുടെ ശല്യത്തിന് കാരണമാകുന്നുവെന്ന് മാത്രമല്ല ചൂടിനും വരള്‍ച്ചക്കും ആക്കം കൂട്ടുകയും ചെയ്യുന്നു. വനസംരക്ഷണത്തിന് നമ്മള്‍ പ്രത്യേകം പ്രാധാന്യം നല്‍കേണ്ടതുണ്ട്. വനം സംരക്ഷിക്കുകയെന്നാല്‍ അത് വന്യജീവികളുടെ സംരക്ഷണം മാത്രമല്ല, സന്തുലനമായ കാലാവസ്ഥയുടെയും ആവാസ വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സുരക്ഷിതത്വം കൂടിയാണ് ഇതുവഴി ഉറപ്പുവരുത്തുന്നത്.

ചെറിയ കാടുകള്‍ നശിപ്പിക്കുന്നത് പോലും പ്രകൃതിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സസ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ പരിതസ്ഥിതിയിലെ ഏറ്റവും ചെറിയ മാറ്റങ്ങളോടു പോലും പ്രതികരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വേഗവും വ്യാപ്തിയും കൂടിയാല്‍ ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം വരെ സംഭവിക്കാമെന്ന മുന്നറിയിപ്പിനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. മലകളും മരങ്ങളും നശിപ്പിക്കുന്നതില്‍ പിന്‍മാറുകയെന്നത് തന്നെ പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ഉത്തരവാദിത്വമാണ്. നിലവിലുള്ള വനങ്ങളും മരങ്ങളും സംരക്ഷിക്കുക മാത്രമല്ല കൂടുതല്‍ വനങ്ങളും മരങ്ങളും ഉണ്ടാക്കുകയെന്ന ദൗത്യത്തിന് അധികാരികളും ജനപ്രതിനിധികളും മുന്‍കൈയെടുക്കണം. മരങ്ങള്‍ വെട്ടിനശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരത്തിയും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയുമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതി ധ്വംസനം കൂടിയായതിനാല്‍ അത് മനുഷ്യരുടെ ഭൗതിക സൗകര്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. പ്രകൃതിക്ക് നേരെയുള്ള കൈയേറ്റങ്ങളുടെ പരിണിതഫലങ്ങള്‍ തണുപ്പുകാലത്തും ചൂട് കൂടുന്ന പ്രതിഭാസത്തിന് കാരണമാകുകയാണ്.

മലയിടുക്കുകളിലെ ഹിമശേഖരങ്ങള്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നതിനെ നമ്മളാരും ഗൗരവമായി എടുക്കാറില്ല. മലയിടുക്കുകള്‍ ശുദ്ധജലസ്രോതസ്സുകളുടെ ഉറവിടങ്ങള്‍ കൂടിയാണ്. മലകള്‍ നശിപ്പിക്കുമ്പോള്‍ ഈ ജലസ്രോതസ്സുകള്‍ കൂടിയാണ് ഇല്ലാതാകുന്നത്. വേനല്‍ക്കാലത്തെ ശുദ്ധജല ലഭ്യത കുറയാന്‍ ഇത് കാരണമായിത്തീരുന്നു. മലകളില്‍ നിന്നുത്ഭവിക്കുന്ന പുഴകളില്‍ വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറയാനും പിന്നീട് പൂര്‍ണമായും വറ്റാനും ഇതിടവരുത്തുന്നു. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയാണെങ്കില്‍ മഴക്കാലത്ത് ഉരുള്‍പൊട്ടലിന് വരെ മലകള്‍ക്കെതിരായ ധ്വംസനങ്ങള്‍ കാരണമാകുന്നുണ്ട്. മണ്ണിലെ ജലാംശം കുറയ്ക്കുന്നുവെന്നതാണ് കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു ദോഷഫലം. വരണ്ട പ്രദേശം കൂടുതല്‍ വരള്‍ച്ചയിലേക്ക് നീങ്ങുന്നു. തണുപ്പുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പെയ്യുന്നു. ഫലമോ ഒരു വശത്ത് വരള്‍ച്ചയും മറുവശത്ത് വെള്ളപ്പൊക്കവുമുണ്ടാകുന്നു. കാലവര്‍ഷം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നു. മധ്യമേഖലയിലെ കാര്‍ഷികോത്പാദനം കുറയുന്നു. കീടങ്ങളും സസ്യരോഗങ്ങളും വര്‍ധിക്കുന്നതിനാല്‍ കാര്‍ഷിക ഉത്പാദനക്ഷമത കുറയുകയാണ് ചെയ്യുന്നത്.

ശുദ്ധജലക്ഷാമം മനുഷ്യരാശി നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. കൃഷിയെ മാത്രമല്ല ജലവൈദ്യുതി ഉത്പാദനത്തെയും ജലക്ഷാമം ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിക്കുന്നു. മത്സ്യസമ്പത്ത് ഇപ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കീടങ്ങള്‍ , നട്ടെല്ലില്ലാത്ത ജീവികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, പവിഴപ്പുറ്റുകള്‍, പക്ഷികള്‍ തുടങ്ങിയവയുടെ വംശനാശത്തിനും കാലാവസ്ഥാപ്രശ്‌നം ഇടവരുത്തുന്നുണ്ട്. ചൂടിന്റെയും തണുപ്പിന്റെയും കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലുള്ള അസ്വസ്ഥതകളായി നമ്മള്‍ അനുഭവിക്കുമ്പോഴും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും എന്തൊക്കെ ദോഷങ്ങള്‍ വരുത്തുമെന്നും ചിന്തിക്കാന്‍ താത്പwwര്യപ്പെടുന്നില്ല. പ്രകൃതിയെ മറന്നുകൊണ്ടുള്ള ജീവിതത്തിന് വലിയ വില തന്നെ കൊടുക്കേണ്ടിവരും എന്ന തിരിച്ചറിവിലൂടെ ഒരു ആത്മപരിശോധനയാണ് ഇക്കാര്യത്തില്‍ ആവശ്യം.
.

Latest