Connect with us

National

ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാന മന്ത്രി; സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം

'വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള ദിനം കൂടിയാണിന്ന്.'

Published

|

Last Updated

ന്യൂഡല്‍ഹി | സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതിനു മുന്നോടിയായി മൂന്ന് സേനാ വിഭാഗങ്ങളുടെയും ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ പ്രധാന മന്ത്രി പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലും ത്രിവര്‍ണ പതാക പാറുകയാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനായി ത്യാഗം ചെയ്തവരെ സ്മരിക്കേണ്ട ദിനമാണിന്ന്. മഹാത്മാ ഗാന്ധി, അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, സവര്‍ക്കര്‍ തുടങ്ങിയവരെ പ്രധാന മന്ത്രി അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവിനെയും വിവേകാനന്ദനെയും പരാമര്‍ശിച്ചു. രാഷ്ട്രനേതാക്കള്‍ രാജ്യത്തിന് വഴികാട്ടികളായെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ആദിവാസികളുടെ പങ്കും മറക്കാനാകില്ല.

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടുകയാണ്. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള ദിനം കൂടിയാണിന്ന്. പുതിയ വീക്ഷണത്തോടെ മുമ്പോട്ട് പോകണം. ഭാരതത്തിന്റെ സ്ത്രീ ശക്തി കരുത്താര്‍ജിച്ചു. 75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണ്. വികസനത്തിന് വേണ്ടി കാത്തിരിക്കാനാകില്ല. ജനങ്ങളുടെ ആഗ്രഹം നിറവേറണം. പ്രതീക്ഷയുള്ള സമൂഹവും വൈവിധ്യവുമാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാന മന്ത്രി പറഞ്ഞു.

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാന മന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. 1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം. 3. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. 4. അഖണ്ഡത കാത്തുസൂക്ഷിക്കുക. 5. പൗരധര്‍മം പാലിക്കുക.