Connect with us

republic day

രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

സംസ്ഥാനത്തു പ്രൗഢമായ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സംബന്ധിക്കും. ല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാന്‍ 77,000 ത്തോളം പേര്‍ എത്തും.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഡല്‍ഹിയില്‍ നടത്തിയത്. ചടങ്ങിലേക്ക് വിവിധ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയത്. ഡല്‍ഹി പൊലീസിന് പുറമെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.

മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. ഗവര്‍ണറോടൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും തിരുവനന്തപുരത്തെ ചടങ്ങില്‍ പങ്കെടുക്കും.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. ഒമ്പതരയോടെ നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറും രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പതാക ഉയര്‍ത്തും. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍ ഇന്നു റിപ്പബ്ലിക് ദിന സന്ദേശത്തില്‍ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് ആറിനാണ് വിരുന്ന്.

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ വെട്ടിചുരുക്കിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അറ്റ് ഹോമിന് സര്‍ക്കാര്‍ 20 ലക്ഷം അനുവദിച്ചിരുന്നു.

 

---- facebook comment plugin here -----

Latest