Connect with us

National

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

Published

|

Last Updated

ന്യൂഡല്‍ഹി| 76ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്ക് മാര്‍ച്ച് പാസ്റ്റ് ആരംഭിക്കും. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡില്‍ ഇന്‍ഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാര്‍ച്ചുചെയ്യും. ഇന്തോനേഷ്യയില്‍ നിന്നുള്ള 352 അംഗ മാര്‍ച്ചും ബാന്‍ഡ് സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റാണ് സുബിയാന്തോ.

ഇന്ത്യന്‍ കരസേനയുടെ യുദ്ധടാങ്കുകളും സൈനിക വാഹനങ്ങളും സജ്ജമാണ്. വ്യോമസേനയുടെ 40 വിമാനങ്ങള്‍ ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കും. നാവികസേനയും പരേഡിന് സജ്ജമാണ്. തുടര്‍ന്ന് നിരവധി കലാകാരന്മാര്‍ അണിനിരക്കുന്ന കലാപ്രകടനങ്ങളും ഉണ്ടാകും. ഡല്‍ഹി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കും. ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.

 

 

Latest