National
സ്വാതന്ത്ര്യദിനത്തില്‍ 5ജി അവതരണത്തിന് ഒരുങ്ങി രാജ്യം
5ജി സ്‌പെക്ട്രം ഓക്ഷന്‍ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ന്യൂഡല്‍ഹി| 2022 ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ 5ജി ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്ട്രം ഓക്ഷന്‍ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള ഏഴാമത്തെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ രാജ്യത്തെ 5ജി സ്‌പെക്ട്രം ലേല തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സ്‌പെക്ട്രം വിലയടക്കമുള്ള കാര്യങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശകള്‍ നല്‍കേണ്ടതുണ്ട്. ഇത് വൈകുന്നതിനാലാണ് രാജ്യത്തെ 5ജി സ്‌പെക്ട്രം ലേലവും വൈകുന്നത്. മാര്‍ച്ച് അവസാനത്തോടെയെങ്കിലും ട്രായ് ശുപാര്‍ശകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയടക്കമുള്ള കാര്യങ്ങളില്‍ ട്രായ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കി കഴിഞ്ഞാല്‍ സ്‌പെക്ട്രം ലേല തീയതിയില്‍ തീരുമാനം ഉണ്ടാകും. നേരത്തെ ഓഗസ്റ്റ് 15നകം 5ജി നെറ്റ് വര്‍ക്ക് ലോഞ്ച് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ടെലിക്കോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നു. പിന്നാലെ ശുപാര്‍ശ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം വകുപ്പ്, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും കത്തയച്ചു. സമയ പരിധിക്കുള്ളില്‍ ശുപാര്‍ശകള്‍ കൈമാറാന്‍ ട്രായ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ടെലികോം സേവന ദാതാക്കളെല്ലാം 5ജി ട്രയലുകളുമായി മുന്നോട്ട് പോകുകയാണ്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വിഐ എന്നി കമ്പനികള്‍ എല്ലാം 5ജി ട്രയലുകള്‍ നടത്തുകയാണ്. ഈ വര്‍ഷം രാജ്യത്തെ 13 നഗരങ്ങളിലാണ് 5ജി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. നഗരങ്ങളുടെ പട്ടികയും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം പുറത്ത് വിട്ടിരുന്നു. കേരളത്തിലെ ഒരു നഗരവും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, മദ്രാസ്, കാണ്‍പൂര്‍ ഐഐടികളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളുരു മുതലായ സ്ഥാപനങ്ങളാണ് 5ജി വിന്യാസത്തിന് പിന്തുണ നല്‍കുന്നത്. ആദ്യം 5ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന 13 നഗരങ്ങള്‍ ബെംഗളുരു, ഹൈദരാബാദ,് ചെന്നൈ, മുംബൈ, പൂനെ, ഡല്‍ഹി, ഗുരുഗ്രാം, അഹമ്മദാബാദ,് ചണ്ഡീഗഡ,് ഗാന്ധിനഗര്‍, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ എന്നിവയാണ്. 224 കോടി രൂപ ചിലവഴിച്ചാണ് ഈ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വരും മാസങ്ങളില്‍ ഈ ലിസ്റ്റിലേക്ക് കൂടുതല്‍ നഗരങ്ങളും സ്ഥലങ്ങളും ചേര്‍ക്കപ്പെടുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.