Editors Pick
സെമി ഫൈനല്‍' പോരാട്ടത്തിന് ഒരുങ്ങി രാജ്യം; ഏറ്റുമുട്ടുക ജാതി സെന്‍സസും നരേന്ദ്രമോദിയുടെ പ്രതിച്ഛായയും
പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണി നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പുതിയ മുന്നണിയുടെ പരീക്ഷണശാലയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ജാതി സെന്‍സസ് എന്ന ആയുധം ഉപയോഗിച്ച് നേരിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ന്യൂഡല്‍ഹി | അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ഫലം രാജ്യം ആരു ഭരിക്കും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കും. മിസോറാമില്‍ നവംബര്‍ ഏഴ്, രാജസ്ഥാനില്‍ നവംബര്‍ 23, തെലങ്കാന നവംബര്‍ 30, മധ്യപ്രദേശ് നവംബര്‍ 17, ഛത്തീസ്ഗഡ് നവംബര്‍ ഏഴ് ,17 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും. പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണി നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പുതിയ മുന്നണിയുടെ പരീക്ഷണശാലയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹിന്ദു എന്ന വികാരമുയര്‍ത്തി ധ്രുവീകരണത്തിനു ശ്രമിക്കുന്ന ബി ജെ പിയെ നേരിടാന്‍ രാജ്യത്ത് എത്ര ദളിതരും പിന്നാക്കാക്കാരും ഉണ്ടെന്നു കണ്ടെത്തണമെന്ന ചോദ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ജാതി സെന്‍സസ് എന്ന ആയുധം ഉപയോഗിച്ച് നേരിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം എന്നതാണ് സെമി ഫൈനലിന്റെ പ്രത്യേകത. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സംവരണവും ക്ഷേമവും ഉറപ്പാക്കാന്‍ ജാതി സെന്‍സസ് വേണമെന്ന പ്രഖ്യാപനത്തിലൂടെ രാഹുല്‍ ഗാന്ധി ഇതിനുള്ള വെടിമുഴക്കിക്കഴിഞ്ഞു.
നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മധ്യപ്രദേശില്‍ ബി ജെ പിയും തെലങ്കാനയില്‍ ബി ആര്‍ എസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരണത്തിലുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലും പിന്നാക്ക വോട്ടുകള്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ രാജ്യം മുഴുവന്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചുപിടിക്കാനുമുള്ള തന്ത്രങ്ങളാണു കോണ്‍ഗ്രസ് മെനയുന്നത്. അഭിപ്രായ സര്‍വേകള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടര്‍ഭരണം പ്രവചിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തെലങ്കാനയിലും കോണ്‍ഗ്രസ് വലിയ പ്രതീക്ഷകള്‍ പുലര്‍ത്തുന്നുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി സൃഷ്ടിച്ച പുതിയ പ്രതിച്ഛായയും ഇന്ത്യാ മുന്നണിയുടെ സാധ്യതയും കോണ്‍ഗ്രസിന് കരുത്ത് പകരും.
രാജസ്ഥാന്‍
രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്ന ആത്മവിശ്വാസത്തിലാണ് അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുന്നതിനു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. രാജസ്ഥാനില്‍ ബി ജെ പി മുഖമായ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ മാറ്റിനിര്‍ത്താനുള്ള നീക്കത്തില്‍ പാര്‍ട്ടിയില്‍ ചേരിപ്പോരു നടക്കുകയാണ്. മോദി- അമിത്ഷാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് വസുന്ദരരാജ സിന്ധ്യയെ അകറ്റുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സിനു 108 സീറ്റാണുള്ളത്. 164 സീറ്റുണ്ടായിരുന്ന ബി ജെ പിയെ 73 സീറ്റുകളിലേക്ക് ഒതുക്കിയാണ് 2019 ല്‍ അശോക് ഗഹ്ലോട്ട് അധികാരത്തില്‍ എത്തിയത്. ബി എസ് പി, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, സി പി എം എന്നിവയും രാജസ്ഥാനില്‍ മത്സര രംഗത്തുണ്ടാവും.
മധ്യപ്രദേശ്
മധ്യപ്രദേശില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിച്ചിട്ടും ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണു ബി ജെ പി അധികാരം പിടിച്ചത്. ഈ സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിന്റെ ആശങ്കയിലാണു ബി ജെ പി. ഇവിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരായ ജനകീയ വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റിനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒരിക്കല്‍ കൈവിട്ടുപോയ ഭരണം കമല്‍നാഥിനെ മുന്‍നിര്‍ത്തി തിരികെ പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
മധ്യപ്രദേശില്‍ 230 അംഗ സഭ നിലവില്‍ 128 സീറ്റുകളുമായാണ് ബി ജെ പി ഭരിക്കുന്നത്. 98 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയെങ്കിലും 22 എം എല്‍ എമാര്‍ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കൂറുമാറി ബി ജെ പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുകയായിരുന്നു. 108- 120 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് അഭിപ്രായ സര്‍വേ.
മിസോറാം
മിസോറാമില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ബി ജെ പിക്ക് ഇവിടെ നിര്‍ണായക സ്വാധീനമില്ല. മണിപ്പൂരിലെ രൂക്ഷമായ രാഷ്ട്രീയ സാഹചര്യം മിസോറാം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അതു ഭരണകക്ഷിയായ നാഷണല്‍ ഫ്രണ്ട് ഭരണത്തിനെതിരായിരിക്കുമെന്നും ഇവിടെ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് കരുതുന്നു.
മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് എന്‍ ഡി എ സഖ്യകക്ഷിയാണ്. 40 അംഗ നിയമസഭയില്‍ 27 സീറ്റാണ് എം എന്‍ എഫിനുള്ളത്. ഏത് വിധേയനെയും ഭരണം നിലനിര്‍ത്താന്‍ എം എന്‍ എഫും ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മുന്നണിയും രംഗത്തുണ്ട്.
ചത്തീസ്ഗഢ്
തിരിച്ചെത്തുമെന്നാണു സര്‍വേകള്‍ പറയുന്നത്. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ഛത്തീസ്ഗഢില്‍ ജാതി സെന്‍സസ് നടത്തുമെന്നു പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. ജാതി സെന്‍സസ് തന്നെയാകും ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് തുരുപ്പുചീട്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
ചത്തീസ്ഗഢില്‍ 90 അംഗ നിയമസഭയില്‍ 71 സീറ്റുമായാണു നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. 14 സീറ്റാണ് ബി ജെ പിക്കുള്ളത്. 48 മുതല്‍ 56 വരെ സീറ്റ് നേടി കോണ്‍ഗ്രസ് ഭരണത്തില്‍ വരുമെന്നാണു സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്.
തെലങ്കാന
തെലങ്കാന പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ്. കോണ്‍ഗ്രസും വലിയ പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. 119 അംഗ സഭയില്‍ നിലവില്‍ 101 സീറ്റാണ് ബി ആര്‍ എസിനുള്ളത്. അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മിന് ഏഴും കോണ്‍ഗ്രസിന് അഞ്ചും ബി ജെ പിക്ക് മൂന്നും സീറ്റാണുള്ളത്. ബി ആര്‍ എസ് ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടില്ല. കോണ്‍ഗ്രസ് 61-67 സീറ്റും ബി ആര്‍ എസ് 45-51 സീറ്റും നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്.