National
രാജ്യം ഭരിക്കുന്നത് അപകടകാരികള്‍, നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തി: സത്യപാല്‍ മാലിക്
ബി ജെ പിയില്‍ നിന്ന് മുക്തി നേടാനുള്ള അവസാന അവസരമാണ് 2024ലെ തിരഞ്ഞെടുപ്പ്.
ന്യൂഡല്‍ഹി | കേന്ദ്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബി ജെ പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വളരെ അപകടം വരുത്തുന്ന കൂട്ടരാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും മാലിക് പറഞ്ഞു. ഇക്കൂട്ടര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ ജീവിതം അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ബി ജെ പിയില്‍ നിന്ന് മുക്തി നേടാനുള്ള അവസാന അവസരമാണ് 2024ലെ തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നടന്ന കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സത്യപാല്‍ മാലിക്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ വീഴ്ച വരുത്തിയെന്ന ആരോപണം മാലിക് ആവര്‍ത്തിച്ചു. ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ 40 സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തെങ്കിലും പറയുന്നതില്‍ നിന്ന് എന്നെ വിലക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്കായി വിഷയം രാഷ്ട്രീയവത്ക്കരിക്കപ്പെടുമെന്ന് ഇതോടെ ഞാന്‍ തിരിച്ചറിഞ്ഞു.
അവര്‍ക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല. ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ഊഹിക്കാമെന്നും ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ പറഞ്ഞു.