Articles
രാജ്യത്തിനിപ്പോള്‍ പ്രതിപക്ഷ നേതാവുണ്ട്
മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടന്നിട്ടും ഇന്നേദിവസം വരെ അവിടെ ചെന്നുനോക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് മണിപ്പൂര്‍ ഈ രാജ്യത്തിന്റെ ഭാഗമേയല്ല. നരേന്ദ്ര മോദിയെ കുറിച്ചുണ്ടാക്കിയ ശക്തനായ പ്രധാനമന്ത്രിയെന്ന പി ആര്‍ നാട്യങ്ങളെ രാഹുല്‍ കീറിപ്പൊളിക്കുകയായിരുന്നു പാര്‍ലിമെന്റില്‍. രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടയെ അതിരൂക്ഷമായാണ് രാഹുല്‍ വിമര്‍ശിച്ചത്.
പത്ത് വര്‍ഷത്തിനിപ്പുറം പാര്‍ലിമെന്റില്‍ ഭരണഘടനാ പദവിയുള്ള പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി എത്തുന്നത് സമീപ ഭാവിയില്‍ തന്നെ രാജ്യം അതിന്റെ ആത്മാവ് വീണ്ടെടുക്കുമെന്ന സന്ദേശവുമായാണ്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ, രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംഘ്പരിവാരത്തിന്റെ തകര്‍ന്നു തുടങ്ങിയ കോട്ടവാതിലില്‍ തീമഴയായി പെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. “കോന്‍ രാഹുല്‍’ എന്ന് പരിഹസിച്ചവര്‍ രാഹുലിന്റെ ഓരോ വാക്കിലും ഉള്ളാലെ തകര്‍ന്നിരിക്കുന്ന കാഴ്ച ഈ നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ സന്ദേശം കൂടിയാണ്.
ബി ജെ പിയും ആര്‍ എസ് എസും ഭയം വിതക്കുകയാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും നിരന്തരം ആക്രമിക്കുകയായിരുന്ന നരേന്ദ്ര മോദിയുടെ സംഘ്പരിവാരത്തില്‍ നിന്ന് ഭരണഘടനയെ സംരക്ഷിച്ചതിന്റെ ആത്മവിശ്വാസവും അഭിമാനവും “ഇന്ത്യ’ സഖ്യത്തിനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗമാരംഭിക്കുന്നത്. ആരെയും ഭയപ്പെടാതെയാണ് തിരഞ്ഞെടുപ്പില്‍ പോരാടിയതെന്നും ബി ജെ പിയെ പാഠം പഠിപ്പിച്ചതെന്നും പറയുമ്പോള്‍ ട്രഷറി ബഞ്ചില്‍ നിന്നാരോ വിളിച്ചു പറഞ്ഞു, എന്നിട്ടും പ്രതിപക്ഷത്തു തന്നെയാണല്ലോ രാഹുലിന്റെയും “ഇന്ത്യ’ സഖ്യത്തിന്റെയും ഇരിപ്പെന്ന്. തിങ്കളാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ ഏറ്റവും പ്രസക്തമായ പ്രസ്താവ്യം അതിനുള്ള മറുപടിയായിരുന്നു: “അതെ, എന്നിട്ടും ഞാന്‍ പ്രതിപക്ഷത്താണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്. കാരണം, അധികാരത്തിനപ്പുറത്ത് സത്യമെന്ന മൂല്യമാണ് ഞങ്ങള്‍ക്ക് വലുത്. രാജ്യത്തിന്റെ നന്മക്ക് വേണ്ടി അഭിമാനത്തോടെയാണ് ഞങ്ങള്‍ പ്രതിപക്ഷത്തുള്ളത്. അധികാരത്തിലല്ലാതെ നിങ്ങള്‍ക്ക് നിങ്ങളെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം.’
ക്രിയാത്മക പ്രതിപക്ഷത്തിന്റെ, അധികാരത്തിനപ്പുറം രാഷ്ട്രനിര്‍മാണം പ്രതിയുള്ള തിരുത്തല്‍ മുന്നേറ്റങ്ങളുടെ ആവശ്യകതയാണ് രാഹുല്‍ ഊന്നിപ്പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷവും ഇപ്പോഴും മോദിക്ക് കീഴില്‍ എന്‍ ഡി എ സര്‍ക്കാര്‍ രാജ്യത്തെ പിറകോട്ട് നടത്തുകയായിരുന്നു എന്നാണ് രഹുലിന്റെ വാദം. ഓരോ തെറ്റുകളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് “ഇന്ത്യ’ സഖ്യത്തിന്റെ “നയപ്രഖ്യാപനം’ നടത്തുന്നത്. “ഡറോ മത്, ഡറാവോ മത്’ (പേടിക്കരുത്, പേടിപ്പിക്കരുത്) എന്ന് രാഹുല്‍ മോദിക്ക് താക്കീത് നല്‍കുന്നത് വിവിധ മത വിശ്വാസങ്ങളുടെ തത്ത്വചിന്തകളിലൂടെയാണ്. ശിവന്റെയും യേശു ക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും ബുദ്ധന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും, “ഞാന്‍ നിങ്ങളോട് കൂടെയുണ്ട്, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല’ എന്ന ഖുര്‍ആനിക വചനം വിശദീകരിച്ചും, ജൈന മത സങ്കല്‍പ്പത്തിന്റെ അഹിംസയെ സംബന്ധിച്ച് പറഞ്ഞുമാണ് രാഹുല്‍ സംഘ്പരിവാരത്തിന്റെ ഹിന്ദുത്വയെ ചോദ്യം ചെയ്തത്. എല്ലാ മതങ്ങളും അഭയ മുദ്രക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അത് കൈപ്പത്തിയിലൂടെയാണ് സൂചിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
പേടിപ്പിച്ചു ഭരിക്കുകയാണ് മോദി ചെയ്യുന്നത്. വിലക്കയറ്റം രാജ്യത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാരെ വേട്ടയാടുന്നു. ചെറുകിട കച്ചവടക്കാരെ നോട്ട് നിരോധനത്തിലൂടെ ഭയപ്പെടുത്തി. അവകാശം ചോദിച്ച കര്‍ഷകരെ തീവ്രവാദികളെന്ന് മുദ്രകുത്തി. അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെയും പേടിപ്പിക്കുന്നു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കളെയും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും നീറ്റ് അഴിമതിയും കൊണ്ട് വിദ്യാര്‍ഥികളെയും ഭയപ്പെടുത്തുന്നു. ഭയവ്യാപാരം നടത്തി ഇനിയും കുറേക്കാലം അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് അയോധ്യയില്‍ അടക്കം ബി ജെ പിക്ക് ജനങ്ങള്‍ നല്‍കിയ പ്രഹരം. അയോധ്യയിലെ ബി ജെ പിയുടെ പരാജയത്തെ കുറിച്ച് പറയുമ്പോള്‍ തന്റെ അടുത്തിരിക്കുന്ന അയോധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം പി അവധേശ് പ്രസാദിന് ഹസ്തദാനം നല്‍കുന്നുണ്ടായിരുന്നു. വാക്കിലും നോക്കിലും മാത്രമല്ല നില്‍പ്പിലും നിശ്വാസത്തിലും വരെ ബി ജെ പി. എം പിമാരെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു രാഹുല്‍.
മഹാത്മാ ഗാന്ധി മരിച്ചെന്നും ഒരു സിനിമ വേണ്ടി വന്നു ഗാന്ധിയെ ലോകം അറിയാനെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന അജ്ഞതയുടെ ആഴമാണ് വെളിപ്പെടുത്തുന്നതെന്നും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗാന്ധി ഇപ്പോഴും ജീവിക്കുന്നുണ്ട്. ഗാന്ധിയുടെ മൂല്യങ്ങളും ഇവിടെയുണ്ട്. “വെറുപ്പും വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നവര്‍ ഹിന്ദുക്കളല്ല, അവര്‍ സ്വയം ഹിന്ദുവെന്ന് പറഞ്ഞുനടന്നാലും ശരി’ എന്നുകൂടി പറഞ്ഞതോടെ പതിവുവിട്ട് മോദി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. അമിത് ഷാ പലതവണ എഴുന്നേറ്റു. മന്ത്രിമാരായ രാജ്നാഥ് സിംഗും കിരണ്‍ റിജിജുവും ഭൂപേന്ദ്ര യാദവും പൃഥ്വിരാജ് ചൗഹാനും എം പിമാരായ നിഷികാന്ത് ദുബെ അടക്കമുള്ളവരും നിരന്തരം എഴുന്നേറ്റുനില്‍ക്കുകയും പല സമയങ്ങളിലായി പോയിന്റ് ഓഫ് ഓര്‍ഡര്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ ഹിന്ദുക്കളെ മുഴുവന്‍ അപമാനിച്ചു എന്നായിരുന്നു ഒരുവേള പ്രധാനമന്ത്രി മുതല്‍ ഭരണപക്ഷത്തിന്റെ മുഴുവന്‍ ആരോപണം. പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയുമധികം “തടസ്സപ്പെടുത്തിയ’ പ്രസംഗം ഒരുപക്ഷേ വേറെ കാണില്ല. എന്നിട്ടും രാഹുല്‍ ഒട്ടും കൂസാതെ തന്റെ സംഘ്പരിവാര്‍ വധം തുടര്‍ന്നു, “മോദിക്കോ ബി ജെ പിക്കോ ആര്‍ എസ് എസിനോ ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും അട്ടിപ്പേറവകാശമില്ല.’
ഭരണഘടനാ പദവിയിലെത്തിയാല്‍ വ്യക്തിതാത്പര്യങ്ങളില്ലെന്ന് രാഹുല്‍ സ്പീക്കറെ ഓര്‍മിപ്പിച്ചപ്പോള്‍ അത് ചെന്നുതറക്കുന്നത് താന്‍പോരിമയില്‍ മതിമറന്ന് ഒരു പതിറ്റാണ്ട് വിലസിയ പ്രധാനമന്ത്രിയുടെ നെഞ്ചില്‍ കൂടിയാണ്. സ്പീക്കര്‍ പദവിയിലെത്തിയ ശേഷം പ്രധാനമന്ത്രിക്ക് മുന്നില്‍ കുനിഞ്ഞു വണങ്ങിയ സ്പീക്കറോട്, സഭക്കകത്ത് സ്പീക്കറാണ് ഏറ്റവും വലുത് എന്നും നില മറന്ന് പേടിച്ചിരിക്കരുതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. താന്‍ രാഹുല്‍ എന്ന വ്യക്തിയല്ല, പ്രതിപക്ഷത്തെ മുഴുവന്‍ നയിക്കുന്ന, സഭാ നേതാവാണ്. മുഴുവന്‍ പാര്‍ട്ടികളെയും അവരുടെ അംഗങ്ങളെയും മുഖവിലക്കെടുത്തും സ്വന്തം താത്പര്യങ്ങളേക്കാള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും മുന്നോട്ടു പോകുകയാണ് താന്‍ ചെയ്യുന്നതെന്നും രാഹുല്‍ പറയുന്നത് കേള്‍ക്കാം. ഹേമന്ത് സോറന്റെയും കെജ്‌രിവാളിന്റെയും ജയില്‍വാസം തന്നെ കൂടി വേദനിപ്പിക്കുന്ന വികാരമാണ് തനിക്ക് ജനാധിപത്യമെന്ന് രാഹുല്‍ പറയുമ്പോള്‍ ഐക്യം കൊണ്ട് ദൃഢപ്പെടുന്ന പ്രതിപക്ഷത്തെ കൂടിയാണ് രാഹുല്‍ പ്രകാശിപ്പിക്കുന്നത്.
മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടന്നിട്ടും ഇന്നേദിവസം വരെ അവിടെ ചെന്നുനോക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് മണിപ്പൂര്‍ ഈ രാജ്യത്തിന്റെ ഭാഗമേയല്ല. നരേന്ദ്ര മോദിയെ കുറിച്ചുണ്ടാക്കിയ ശക്തനായ പ്രധാനമന്ത്രിയെന്ന പി ആര്‍ നാട്യങ്ങളെ രാഹുല്‍ കീറിപ്പൊളിക്കുകയായിരുന്നു പാര്‍ലിമെന്റില്‍. രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടയെ അതിരൂക്ഷമായാണ് രാഹുല്‍ വിമര്‍ശിച്ചത്. “നിങ്ങള്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ആക്രമിക്കുകയാണ്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ്. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് വേണ്ടി പാറപോലെ ഉറച്ചുനില്‍ക്കുന്ന ദേശഭക്തരാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണ്.’ രാഹുലിന്റെ ഈ വാക്കുകള്‍ വരാനിരിക്കുന്ന പുലരികളെ കുറിച്ചുള്ള കാഹളമാണ്. സംഘ്പരിവാരത്തെ നേര്‍ക്കുനേര്‍ നേരിടുന്ന ഒരു പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പാര്‍ലിമെന്റിലുണ്ട്. ഇന്ത്യ മുഴുവന്‍ നടന്നും, സംഘ്പരിവാരത്തിന്റെയും കോര്‍പറേറ്റ് കാമനകളെ താലോലിച്ച മാധ്യമങ്ങളുടെയും പരിഹാസങ്ങളെ അതിജയിച്ചും ഉരുക്കുമനുഷ്യനായി മാറിയ ഒരു ഗാന്ധി ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനക്കും ജനാധിപത്യത്തിനും കാവലുണ്ട്. ഇനിയൊരു പൊതുതിരഞ്ഞെടുപ്പ് അകലെ, നമ്മുടെ രാജ്യം ആഗ്രഹിക്കുന്ന ഒരു പ്രധാനമന്ത്രി തന്നെ ഇവിടെയുണ്ട്.