Articles
രാജ്യത്തിനറിയണം സത്യങ്ങള്‍
അക്കാലത്ത് തന്നെ പുല്‍വാമ സംഭവത്തിനു പിറകിലുള്ള ദുരൂഹതയും രഹസ്യാന്വേഷണ വീഴ്ചയുമൊക്കെ പലകോണുകളില്‍ നിന്നും ഉന്നയിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. പക്ഷേ 40 സൈനികരുടെ രക്തസാക്ഷിത്വത്തിന്റെ വൈകാരികതയില്‍ അത്തരം ചര്‍ച്ചകളെയും അന്വേഷണങ്ങളെയും അപ്രസക്തമാക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
2,500 സി ആര്‍ പി എഫുകാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരേ 300 കിലോഗ്രാം ആര്‍ ഡി എക്‌സ് കയറ്റിയ വാഹനം ഇടിച്ചുകയറ്റി 40ഓളം സൈനികരുടെ ജീവനെടുത്ത രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് പുല്‍വാമ സംഭവം. 2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ്. നോട്ട് നിരോധനവും ജി എസ് ടിയും വര്‍ഗീയവത്കരണവുമൊക്കെയായി മോദി സര്‍ക്കാറിനെതിരെ ജനവികാരം തിളച്ചുപൊങ്ങുന്ന ഘട്ടത്തിലാണ് പുല്‍വാമ സംഭവമുണ്ടാകുന്നതും അതിനെ ഉപയോഗപ്പെടുത്തി അതിദേശീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ രാജ്യം ദര്‍ശിച്ചതും. പുല്‍വാമക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാക്കിസ്ഥാന്റെ ബാലാകോട്ടില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഭീകരവാദികളുടെ കേന്ദ്രം ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ ബോംബിട്ടു തകര്‍ത്തതും 300ഓളം ഭീകരവാദികളെ വധിച്ചതും. അങ്ങനെയാണ് അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്.
അക്കാലത്ത് തന്നെ പുല്‍വാമ സംഭവത്തിനു പിറകിലുള്ള ദുരൂഹതയും രഹസ്യാന്വേഷണ വീഴ്ചയുമൊക്കെ പലകോണുകളില്‍ നിന്നും ഉന്നയിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. പക്ഷേ 40 സൈനികരുടെ രക്തസാക്ഷിത്വത്തിന്റെ വൈകാരികതയില്‍ അത്തരം ചര്‍ച്ചകളെയും അന്വേഷണങ്ങളെയും അപ്രസക്തമാക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 2021 മാര്‍ച്ച് 12ന് ഇറങ്ങിയ ഫ്രണ്ട് ലൈന്‍ ഇംഗ്ലീഷ് ദ്വൈവാരികയുടെ റിപോര്‍ട്ട്, ഗുരുതരമായ രഹസ്യാന്വേഷണ വീഴ്ചയുടെയും രാജ്യരക്ഷാ കാര്യങ്ങളിലെ കുറ്റകരമായ അലസതയുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്. കുറ്റകരമായ അലസത എന്നത് ഭീകരാക്രമണത്തിന് അവസരമുണ്ടാക്കിക്കൊടുത്ത ഉന്നതങ്ങളിലിരിക്കുന്നവരുടെ ആസൂത്രിത നീക്കമാണോയെന്ന സംശയവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു.
2019 ഫെബ്രുവരി 14ന് പകല്‍ ഏകദേശം മൂന്ന് മണിയോടടുത്താണ് ഭീകരാക്രമണത്തിലൂടെ 40ഓളം ജവാന്മാരുടെ ദാരുണമായ അന്ത്യമുണ്ടായത്. നിരവധി ജവാന്മാര്‍ക്കും സിവിലിയന്‍മാര്‍ക്കും ഗുരുതരമായ പരുക്ക് പറ്റിയിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ജിംകോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ഡിസ്‌കവറി ചാനലിന്റെ ഷൂട്ടിംഗിലായിരുന്നു. രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ആക്രമണം കഴിഞ്ഞിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നാല് മണിക്കൂറോളം ഷൂട്ടിംഗില്‍ തന്നെയായിരുന്നു! രാത്രി ഏഴ് മണിക്ക് ശേഷമാണ് ദേശീയോദ്യാനത്തില്‍ നിന്ന് പ്രധാനമന്ത്രി ഷൂട്ടിംഗ് അവസാനിപ്പിച്ച് പുറത്തുവന്നത്.
അക്കാലത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ‘ദി വയര്‍’-ടീമുമായി ഇപ്പോള്‍ നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളെല്ലാം നേരത്തേ തന്നെ ഉന്നയിക്കപ്പെട്ടതാണെന്നാണ് ഒരു വര്‍ഷക്കാലം നീണ്ട അന്വേഷണത്തിലൂടെ പുല്‍വാമയെക്കുറിച്ച് ഫ്രണ്ട് ലൈന്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഭീകരാക്രമണം നടക്കുന്നതിന് മുമ്പായി 11 രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ അധികൃതര്‍ക്ക് കിട്ടിയിരുന്നു! അതിലെല്ലാം പുല്‍വാമക്കടുത്തുവെച്ച് സുരക്ഷാ സേനക്കെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമായ വിവരവും ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ആവശ്യമായ മുന്‍കരുതലെടുത്തില്ല. സൈനികരെ കൊണ്ടുപോകാന്‍ എന്തുകൊണ്ട് വിമാനങ്ങള്‍ അനുവദിച്ചില്ല. ഇതിനു പിറകില്‍ വലിയ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായിരുന്നോയെന്ന ചോദ്യമാണ് ഇപ്പോള്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലും ഉന്നയിക്കുന്നത്. ഭീകരാക്രമണം നടന്ന ദിവസങ്ങളിലെ പ്രധാനമന്ത്രിയുടെ അസാധാരണമായ പ്രവൃത്തിയും പെരുമാറ്റവുമെല്ലാം ഈ സംശയം വര്‍ധിപ്പിക്കുന്നുവെന്നാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
40 ജവാന്മാരുടെ കുരുതിക്ക് കാരണമായ പുല്‍വാമ സംഭവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറുപടി പറയണമെന്നാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലിലെ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചക്ക് കേന്ദ്ര പ്രതിരോധ വകുപ്പും ആഭ്യന്തര വകുപ്പും ഉത്തരവാദികളാണ്. ജവാന്മാരെ വിമാനത്തില്‍ കൊണ്ടുപോകാനുള്ള ആവശ്യം സി ആര്‍ പി എഫ് കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടും എന്തുകൊണ്ടാണത് അവഗണിക്കപ്പെട്ടത്. ജവാന്മാരെ വിമാനത്തില്‍ കൊണ്ടുപോയിരുന്നുവെങ്കില്‍ ഈ ഭീകരാക്രമണം തന്നെ ഒഴിവാക്കാമായിരുന്നു.
സത്യപാല്‍ മാലിക് നല്‍കുന്ന വിവരമനുസരിച്ച് പ്രധാനമന്ത്രി ഈ സംഭവത്തില്‍ വഹിച്ച റോള്‍ ദുരൂഹത നിറഞ്ഞതാണ്. അക്രമണം നടന്ന് 40 ജവാന്മാരുടെ ശരീരം ചിതറിത്തെറിച്ച് നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ജിംകോര്‍ബറ്റ് ഉദ്യാനത്തില്‍ നിന്ന് ഷൂട്ടിംഗ് നിര്‍ത്തി പുറത്തുവരാന്‍ മോദി എന്തുകൊണ്ട് തയ്യാറായില്ല. സംഭവം അറിഞ്ഞിട്ടും അദ്ദേഹം ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്യാനാണ് സമയം കണ്ടെത്തിയത്. എന്തുകൊണ്ട് ഷൂട്ടിംഗ് നിര്‍ത്തിയില്ലയെന്നതും ഇത്രയും ഭീകരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗം എന്തുകൊണ്ട് ഉപേക്ഷിച്ചില്ല എന്നതും ന്യായമായ സംശയങ്ങളാണ്.
സത്യപാല്‍ മാലിക് ഫോണ്‍ ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി അദ്ദേഹത്തെ തിരിച്ച് വിളിച്ചതുപോലും. ഷൂട്ടിംഗ് നടന്ന ഉദ്യാനത്തില്‍ ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ അതിന്റെ പരിസരത്തുള്ള ഒരു ചായക്കടയില്‍ നിന്നാണ് പോലും പ്രധാനമന്ത്രി തിരിച്ചുവിളിച്ചത്! ഇതൊക്കെ നമ്മള്‍ വിശ്വസിക്കണമെന്നാണോ? രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇത്ര നീണ്ട മണിക്കൂറുകള്‍ ഫോണ്‍ ബന്ധമുണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? പ്രധാനമന്ത്രിക്കൊപ്പം എല്ലാ വാര്‍ത്താവിനിമയ സൗകര്യങ്ങളും ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെയിരിക്കെ പ്രധാനമന്ത്രിക്ക് ഫോണ്‍ സൗകര്യം ലഭ്യമല്ലായിരുന്നു, അതുകൊണ്ട് കാര്യങ്ങള്‍ യഥാസമയം അന്വേഷിക്കാന്‍ കഴിയാതെവന്നു എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ല. ഭീകരാക്രമണം ആസന്ന സാധ്യതയുള്ള പുല്‍വാമയില്‍ റോഡ് മാര്‍ഗം ജവാന്മാരെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടും ആവശ്യമായ വിമാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാതിരുന്ന അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും സംശയത്തിന്റെ നിഴലിലാണ്.
പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകര്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരവാദ സംഘടനയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദ്ദസിര്‍ഖാന്‍ ആണെന്നും അയാള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ കൊല്ലപ്പെട്ടുവെന്നുമൊക്കെയുള്ള നിരവധി വിവരങ്ങള്‍ അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതേ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘത്തില്‍പ്പെട്ടവരെയാണ്, കാണ്ഡഹാര്‍ വിമാന റാഞ്ചലിനെത്തുടര്‍ന്ന് ഭീകരവാദികള്‍ ആവശ്യപ്പെട്ട പ്രകാരം ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച് താലിബാന്‍ കേന്ദ്രത്തില്‍ അക്കാലത്തെ വിദേശകാര്യ വകുപ്പ് മന്ത്രി ജസ്വന്ത് സിംഗിന്റെ നേതൃത്വത്തില്‍ എത്തിച്ചുകൊടുത്തതെന്നും നമ്മള്‍ മറന്നുപോകരുത്. സൈനികരുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുകയും ഭീകരവാദികളുമായി ഒത്തുകളിക്കുകയും ചെയ്യുന്ന അത്യന്തം രാജ്യദ്രോഹപരമായ പ്രശ്‌നങ്ങളാണ് പുല്‍വാമ സംഭവവും അതുമായി ബന്ധപ്പെട്ട സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലുമെല്ലാം ഉയര്‍ത്തുന്നത്. രാജ്യത്തിന് ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയുണ്ട്. രാജ്യത്തിനറിയേണ്ട നിരവധി സത്യങ്ങളില്‍ ചിലതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.