National
രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം: നിതിന്‍ ഗഡ്കരി
നിലവില്‍ 8 ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ന്യൂഡല്‍ഹി| ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനുവേണ്ടി രാജ്യം ബദല്‍ സംവിധാനം കാണണമെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വൈഷ് ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 8 ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. നിലവിലെ ഉപയോഗം തുടര്‍ന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 25 ലക്ഷം കോടിയായി ഉയരും. ഡീസലും പെട്രോളും പരിസ്ഥിതിക്ക് നല്ലതല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറച്ചു കൊണ്ടു വരാന്‍ വേണ്ടി എഥനോള്‍, മറ്റു ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി താല്‍പര്യം കാണിക്കണമെന്ന് നിക്ഷേപകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വളരെ വേഗത്തില്‍ തന്നെ പൊതു ഗതാഗതങ്ങള്‍ ഇന്ധനങ്ങള്‍ക്ക് പകരം ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം-അയണ്‍ ബാറ്ററികളായിരിക്കും ഉപയോഗിക്കുക. 80 ശതമാനവും ലിഥിയം-അയണ്‍ ബാറ്ററികള്‍ ഉത്പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. എന്നാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 100 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.