Connect with us

Articles

രാജ്യം തോറ്റുകൊടുക്കില്ല; നമ്മള്‍ തോറ്റ മനുഷ്യരല്ലെന്നതിനാല്‍

പല പേരുകളില്‍, പല കാലങ്ങളില്‍ പിറന്ന തീവ്രവാദ സംഘടനകളുടെ ഒന്നാമത്തെ ശത്രു കശ്മീരികളാണ്. അവരുടെ സ്വാസ്ഥ്യം നശിപ്പിച്ചുകൊണ്ട്, അവരെ തീരാദുഃഖങ്ങളിലേക്ക് തള്ളിവിടാനുള്ള ക്വട്ടേഷനുമായാണ് ഭീകരവാദികള്‍ ഇടയ്ക്കിടെ താഴ്വരയെ ചോരക്കളമാക്കുന്നത്.

Published

|

Last Updated

മുഹമ്മദ് മഖ്ബൂല്‍ ശര്‍വാനി- ആ പേര് ഇന്ത്യ മറക്കില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയതിന്, അതിന് അവസരമൊരുക്കിയതിന് രാഷ്ട്രം ആ യുവാവിനോട് കടപ്പെട്ടിരിക്കുന്നു. 1947ല്‍ അതിര്‍ത്തി കടന്നെത്തിയ പാക് സൈനിക പിന്തുണയുള്ള സായുധരായ പഷ്്തൂന്‍ ഗോത്രക്കാരെ വട്ടം കറക്കിയ ശര്‍വാനിയുടെ ധീരതയെ ഇന്നും രാജ്യം അഭിമാനത്തോടെ ഓര്‍ക്കുന്നു. ബാരാമുല്ലയില്‍ ക്രൂരമായ നായാട്ട് നടത്തിയ ശേഷം ശ്രീനഗറിനെ ലക്ഷ്യമിട്ട കലാപകാരികളെ എളുപ്പവഴി കാണിച്ചുകൊടുക്കാനെന്ന വ്യാജേന തനിക്കൊപ്പം നടത്തിച്ച് മറ്റു പല വഴികളിലേക്കും തിരിച്ചുവിടുന്നത് ശര്‍വാനിയാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ സൈന്യത്തിന് എത്തിച്ചേരാന്‍ കഴിയുന്നത്രയും സമയം അവര്‍ ശ്രീനഗറിലേക്ക് പ്രവേശിക്കുന്നത് തടയുകയായിരുന്നു ആ യുവാവിന്റെ ലക്ഷ്യം. നാല് ദിവസമാണ് അവരെ ശര്‍വാനി ചുറ്റിച്ചത്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ അവര്‍ ആദ്യം ചെയ്തത് ശര്‍വാനിയെ പിടികൂടുകയാണ്. ശ്രീനഗര്‍ വിമാനത്താവളം പിടിച്ചെടുത്ത് കശ്മീരില്‍ പാക് ആധിപത്യമുറപ്പിക്കാനിറങ്ങിയ തങ്ങളുടെ മോഹങ്ങള്‍ ചവിട്ടിയരച്ച ശര്‍വാനിയോട് അവര്‍ പ്രതികാരം ചെയ്തത് ആ കശ്മീരി യുവാവിന്റെ ശരീരം മരപ്പലകയില്‍ തറച്ചുകൊണ്ടാണ്. ശരീരമാകെ വികൃതമാക്കിയിട്ടും അരിശം തീരാതെ 14 തവണ ആ നെഞ്ചിന്‍കൂടിലേക്ക് വെടിയുതിര്‍ക്കുക കൂടി ചെയ്തു ഭീകരര്‍. മൂന്ന് ദിവസമാണ് ബാരാമുല്ലയിലെ തെരുവില്‍ ആ മൃതശരീരം മരപ്പലകയില്‍ തൂങ്ങിനിന്നത്. കാണുന്നവര്‍ക്കെല്ലാം ഒരു പാഠമാകാന്‍ വേണ്ടിയാണത്രേ അക്രമികള്‍ അങ്ങനെ ചെയ്തത്. ഒടുവില്‍ ഇന്ത്യന്‍ സൈന്യമെത്തിയാണ് ആ മൃതദേഹം അര്‍ഹിക്കുന്ന ആദരവോടെ സംസ്‌കരിക്കുന്നത്. തങ്ങളെ സഹായിക്കാമെങ്കില്‍ വിട്ടയക്കാമെന്ന് അവസാനനിമിഷവും വാഗ്ദാനം ചെയ്തിരുന്നു പഷ്തൂന്‍കാര്‍. സാധ്യമല്ലെന്ന ഉറച്ച മറുപടിയെത്തുടര്‍ന്നാണ് കൊല്ലാക്കൊല ചെയ്തത്. ഒടുവില്‍ ഇറച്ചിത്തുണ്ടം പോലെ തെരുവില്‍ പ്രദര്‍ശിപ്പിച്ചത്!

അന്ന് മുഹമ്മദ് മഖ്ബൂല്‍ ശര്‍വാനി അപകടകരമായ സാഹസികതക്ക് ഒരുമ്പെട്ടില്ലായിരുന്നുവെങ്കില്‍ കശ്മീരിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു എന്നെഴുതിയിട്ടുണ്ട് പല ചരിത്രകാരന്മാരും. ഇന്ത്യന്‍ സൈന്യം ഇന്നും ആ യുവാവിന്റെ ധീരതക്ക് ആദരം അര്‍പ്പിക്കുന്നുണ്ട്. ബാരാമുല്ലയിലെ ശര്‍വാനി കമ്മ്യൂണിറ്റി ഹാള്‍ ആ യുവാവിന്റെ രക്തസാക്ഷിത്വത്തിനുള്ള ആദരമായി നിര്‍മിക്കപ്പെട്ടതാണ്.

എന്തുകൊണ്ടിപ്പോള്‍ മുഹമ്മദ് മഖ്ബൂല്‍ ശര്‍വാനിയെ ഓര്‍ക്കുന്നു. അതിര്‍ത്തി കടന്നെത്തിയ ഭീകരരില്‍ നിന്ന് സഹജീവികളെ രക്ഷിക്കാനിറങ്ങി, ഒടുവില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച ഒരു യുവാവിനെ നമ്മള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന നേരമാണിത്. അദ്ദേഹത്തിന്റെ പേര് സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ. കശ്മീരില്‍ നിന്നുതന്നെയുള്ള ആളാണ്. പഹല്‍ഗാമിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കുതിര സവാരി നടത്തിയാണ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. തന്റെ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആദിലിന് വെടിയേല്‍ക്കുന്നത്. എന്തിനു പാവങ്ങളെ കൊല്ലുന്നു എന്ന് ചോദിച്ചുകൊണ്ട് ഭീകരന്റെ തോക്ക് തട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് മറ്റൊരു ഭീകരന്റെ വെടിയേറ്റ് ആദില്‍ നിലംപതിച്ചത്.

കശ്മീരികളുടെ പൊതുമനോഭാവത്തിന്റെ രണ്ട് ചിത്രങ്ങളാണ് മുഹമ്മദ് മഖ്ബൂല്‍ ശര്‍വാനിയും സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും. ഇന്ത്യയുടെ പരമാധികാരത്തിനും അന്തസ്സിനും നേര്‍ക്കുള്ള ഹീനമായ ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ടാണ് ഇരുവരും മരണം ഏറ്റുവാങ്ങിയത്. പഹല്‍ഗാമില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍ അല്ലാഹ് എന്നുച്ചത്തില്‍ വിളിച്ച് ആ പുല്‍ത്തകിടിയിലേക്ക് ഓടിയെത്തിയ തദ്ദേശീയ മനുഷ്യരും അപകടകരമായ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണു കശ്മീര്‍ ജനത രാജ്യത്തിന് കരുത്തും കരുതലുമാകുന്നത് എന്നതിന്റെ നിദര്‍ശനമാണ്. ഇന്ത്യയുടെ ഏത് ഭാഗത്തും ഇങ്ങനെയൊക്കെയല്ലേ അപകടകാലങ്ങളില്‍ പൗരന്മാര്‍ പ്രതികരിക്കുക എന്ന് ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ കശ്മീരികളോളം സംശയനിഴലില്‍ നിര്‍ത്തപ്പെട്ട മറ്റൊരു ജനവിഭാഗം ഇന്ത്യയിലുണ്ടാകുമോ? അവരുടെ ദേശക്കൂറിനെ ചോദ്യം ചെയ്യാന്‍ പലകാലങ്ങളില്‍ ശ്രമമുണ്ടായിട്ടുണ്ട്. 370ാം വകുപ്പ് എടുത്തുകളഞ്ഞ കാലത്ത് മാസങ്ങളോളം കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയിട്ടുണ്ട് രാജ്യം ഭരിക്കുന്നവര്‍. താഴ്്വരയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ മാസങ്ങളോളം വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധികള്‍ പോലും തടയപ്പെട്ട നാളുകള്‍. അന്നുമിന്നും അവരുടെ മനസ്സില്‍ ചാഞ്ചാട്ടമില്ല. അയല്‍രാജ്യത്തേക്ക് അവരുടെ മനസ്സ് ഒരു ഘട്ടത്തിലും ചാഞ്ഞിട്ടില്ല. ഇന്ത്യയെ ഒരു വികാരമായി തന്നെ കൊണ്ടുനടക്കുന്നു അവര്‍. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും കശ്മീര്‍ ജനത ഭീകരവാദികള്‍ക്കെതിരെ ഒച്ചവെച്ചുകൊണ്ട് തെരുവില്‍ നിറഞ്ഞത് നമ്മള്‍ കണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടൂറിസ്റ്റുകളോട് ‘ഭയപ്പെടേണ്ട, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന് പറഞ്ഞാശ്വസിപ്പിക്കുന്ന മനുഷ്യരെ നമ്മള്‍ കാണുകയാണ്. വെള്ളവും ഭക്ഷണവുമായി ടൂറിസ്റ്റുകളെ വിരുന്നൂട്ടുന്ന സ്നേഹം അവിടെ എത്തിയവര്‍ അനുഭവിച്ചറിയുകയാണ്. കശ്മീര്‍ എന്താണെന്നും കശ്മീരികള്‍ എങ്ങനെയാണെന്നും ഹൃദയഭാഷ കൊണ്ട് അവര്‍ ലോകത്തെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.

ഓരോ ആക്രമണവും കശ്മീരിന്റെ ഹൃദയത്തെ മാരകമായി മുറിവേല്‍പ്പിക്കുന്നുണ്ട്. ഭീകരവാദത്തിന്റെ ഇരകളാണ് കശ്മീരികള്‍. പല പേരുകളില്‍, പല കാലങ്ങളില്‍ പിറന്ന തീവ്രവാദ സംഘടനകളുടെ ഒന്നാമത്തെ ശത്രു കശ്മീരികളാണ്. അവരുടെ സ്വാസ്ഥ്യം നശിപ്പിച്ചുകൊണ്ട്, അവരെ തീരാദുഃഖങ്ങളിലേക്ക് തള്ളിവിടാനുള്ള ക്വട്ടേഷനുമായാണ് ഭീകരവാദികള്‍ ഇടയ്ക്കിടെ താഴ്വരയെ ചോരക്കളമാക്കുന്നത്. നമ്മള്‍ ആ വാര്‍ത്തകള്‍ വായിക്കുന്നവര്‍ മാത്രമാണ്, ആ ദൃശ്യങ്ങള്‍ കാണുന്നവരും. കശ്മീരികള്‍ ഈ ആക്രമണങ്ങളെയെല്ലാം ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും. എന്നിട്ടും നിരുപാധികം അവരോട് ഐക്യപ്പെടാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കുന്നു?

ഇപ്പോഴത്തെ ഭീകരാക്രമണം തന്നെയെടുക്കുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊടും ശൈത്യം കാരണം കശ്മീര്‍ അടഞ്ഞുകിടക്കുകയായിരുന്നു. നട്ടുച്ചയ്ക്ക് പോലും തീ കായാനിരിക്കേണ്ടി വരുന്നത്ര കഠിനമായ തണുപ്പിന്റെ മാസങ്ങളില്‍ യാത്രക്ക് കശ്മീര്‍ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരികള്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം. മഞ്ഞില്‍ പൂര്‍ണമായും പുതഞ്ഞുപോകുന്ന ഗ്രാമങ്ങള്‍, വീടുകള്‍, പാതകള്‍. അങ്ങനെയൊരു അടച്ചിടല്‍ കാലത്തിനു ശേഷം കശ്മീര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണര്‍ന്നുവരുന്നതേയുള്ളൂ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്തുനിന്നും വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക് ഒഴുകിത്തുടങ്ങിയ ദിവസങ്ങള്‍ തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്ത ഭീകരര്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത് ഇന്ത്യയെ തോല്‍പ്പിക്കുക തന്നെയാകണം. കൊല്ലപ്പെട്ട 26 പേരെ മാത്രമല്ല അവര്‍ ഉന്നം വെച്ചത്, കശ്മീരികളെ തന്നെയാണ്. അവരുടെ അന്നം മുടക്കുകയാണ്, ഉപജീവനം മുട്ടിക്കുകയാണ്. കശ്മീര്‍ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ലോകഭൂപടത്തില്‍ എന്നേ അടയാളപ്പെട്ടതാണ്. വിനോദസഞ്ചാരികളുടെ വരവ് നിലച്ചാല്‍ കശ്മീര്‍ ജനതയുടെ ജീവിതം കരിഞ്ഞുപോകും. പഹല്‍ഗാമിലെ കുതിര സവാരിക്കാര്‍ മുതല്‍ ദാല്‍ തടാകത്തിലെ വാണിഭക്കാര്‍ വരെ അന്തിപ്പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നത് വിനോദസഞ്ചാരികള്‍ വരുന്നതുകൊണ്ടാണ്. ആ വഴി അടച്ചുകളയാന്‍ തന്നെയാകണം ഭീകരര്‍ കഠിനശൈത്യം കഴിഞ്ഞതിന്റെ തൊട്ടുപിറകെ അക്രമണത്തിനിറങ്ങിയത്. അവരുടെ ഒന്നാമത്തെ ശത്രു കശ്മീരികളാണെന്ന് വെറുതെ പറയുന്നതല്ല. അതാണ് സത്യം.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഇരകളാക്കപ്പെട്ട കശ്മീരികളോടും കളങ്കമില്ലാതെ ഐക്യപ്പെടാന്‍ രാജ്യത്തിനാകെയും സാധിക്കേണ്ടതാണ്. ഒരു ഭീകരതക്കും വഴങ്ങിക്കൊടുക്കില്ലെന്ന് കശ്മീര്‍ ഉറക്കെയുറക്കെ പറയുന്നുണ്ട്. അയല്‍രാജ്യത്തിന്റെ ചപലമോഹങ്ങളുടെ സാക്ഷാത്കാരത്തിന് കശ്മീരിന്റെ മണ്ണും മനസ്സും കിട്ടില്ലെന്ന് തെരുവുകള്‍ ശബ്ദിക്കുന്നത് ഭീകരവാദികളെ കൂടുതല്‍ പ്രകോപിതരാക്കും. ഭീകരതക്ക് മുമ്പില്‍ ഇന്ത്യ തോറ്റുകൊടുക്കില്ലെന്ന മുഴക്കമുള്ള പ്രഖ്യാപനം തന്നെയാണ് സൈഫുല്ല കസൂരിമാരെ ഏറ്റവും അസ്വസ്ഥപ്പെടുത്തുക. പഹല്‍ഗാമിലെ ചോര നമ്മള്‍ മറക്കില്ല. അവിടെ വെടിയേറ്റുവീണ മനുഷ്യരെയും നമ്മള്‍ മറക്കില്ല. അവിടെ കൂട്ടനിലവിളി ഉയരാന്‍ കാരണക്കാരായ ഒരു സംഘത്തെയും നമ്മള്‍ മറന്നുകൂടാ. അവര്‍ക്ക് ഇനിയൊരവസരം കൂടി നല്‍കരുത്. അവര്‍ക്ക് വെടിവെച്ചു പരിശീലിക്കാനുള്ള ശരീരങ്ങളല്ല ഇന്ത്യക്കാരുടേത്. ഭീകരവാദികളെയും അവര്‍ക്ക് സഹായം നല്‍കുന്ന രാജ്യത്തെയും അത് ബോധ്യപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കണം. സിന്ധു നദീജല കരാറില്‍ നിന്നുള്ള പിന്മാറ്റമെന്ന കടുത്ത തീരുമാനത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ച സാഹചര്യം അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രചാരണങ്ങള്‍ക്കും രാജ്യം തുടക്കം കുറിക്കണം. യു എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളെ അതിനായി ഉപയോഗപ്പെടുത്തണം. നമ്മുടെ രാജ്യം ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ തോറ്റുപോകില്ലെന്ന് ലോകത്തെ ബോധിപ്പിക്കേണ്ടതുണ്ട്. ഭീകരതയെ പാലൂട്ടിവളര്‍ത്തുന്നവരെയും അത് അറിയിച്ചുകൊടുക്കണം. അതിനു കശ്മീരിനെ എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണം. അവിടെ ജനജീവിതം സാധാരണനില കൈവരിക്കാനുള്ള ഇടപെടലുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുഖ്യ അജന്‍ഡയാകണം. കശ്മീരിലേക്ക് ഭയപ്പെടാതെ കടന്നുവരാന്‍ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

 

Latest