Connect with us

Kerala

പീഡനത്തെ തുടർന്ന് സർക്കാർ ജോലി ഉപേക്ഷിക്കുന്നുവെന്ന ദമ്പതികളുടെ വാദം: ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് ജലീൽ

ചില വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാൽ വ്യക്തിപരമായി തന്നെ താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

മലപ്പുറം | തിരുനാവായയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണും അദ്ദേഹത്തിൻ്റെ ഭാര്യ തവനൂർ വൃദ്ധസദനത്തിലെ മാട്രൺ അനിത മേരിയും സർക്കാർ ജോലി ഉപേക്ഷിക്കുന്നതിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് തവനൂർ എം എൽ എ. കെ ടി ജലീൽ. ചില വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാൽ വ്യക്തിപരമായി തന്നെ താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ഘട്ടത്തിലും അറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് ജലീൽ പറഞ്ഞു. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ.നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാം.

തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചത്. വൃദ്ധസദനം സൂപ്രണ്ടിനെതിരെ മാട്രൺ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിയമപരമായി എടുക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശിച്ചത്. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലീസ് ഓഫീസർമാരുടെ ഫോൺ പരിശോധിച്ചാൽ എളുപ്പം വെളിച്ചത്ത് കൊണ്ടുവരാനാകും. പോലീസുകാരുടെ ഫോണിൽ റെക്കാർഡിംഗ് സൗകര്യം ഉള്ളതിനാൽ ആർക്കും ഒന്നും മറച്ചുവെക്കാൻ കഴിയില്ല.

മാട്രൻ്റെ പരാതിയെ തുടർന്ന് സാമൂഹ്യനീതി വകുപ്പ്, തവനൂർ വൃദ്ധസദനം സുപ്രണ്ടിനെ സ്ഥലം മാറ്റുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മാട്രൺ അനിത മേരിക്ക് തവനൂർ വൃദ്ധസദനത്തിൽ വരുന്നതിനോ ജോലി എടുക്കുന്നതിനോ യാതൊരു തടസ്സവും നിലവിലില്ല. ആരോരുമില്ലാത്ത നൂറോളം വയോജനങ്ങളാണ് അന്തേവാസികളായി അവിടെ ഉള്ളത്. ജീവനക്കാർ തമ്മിലുള്ള കുശുമ്പും പ്രശ്നങ്ങളും ആ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ദുഷ്പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താൻ ആര് വിചാരിച്ചാലും കഴിയില്ല. നിരവധി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ടാണ്. അപവാദ പ്രചരണങ്ങൾ നടത്തുന്നവർ ഇതോർത്താൽ നന്നാകുമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് പൂർണരൂപത്തിൽ:

താറടിക്കാനുള്ള നീക്കം വിലപ്പോവില്ല.

തിരുനാവായയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണും അദ്ദേഹത്തിൻ്റെ ഭാര്യ, തവനൂർ വൃദ്ധസദനത്തിലെ മാട്രൺ, അനിത മേരിയും ചില വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാൽ വ്യക്തിപരമായി എന്നെ താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പത്രസമ്മേളനം വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതാണ്.
ജെയ്സൻ്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണ്.
ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ.നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാം.
തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചത്.
കേരളത്തിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമാണ് തവനൂരിലേത്. സൂപ്രണ്ടും മേട്രണും തമ്മിലുള്ള പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കരുതെന്ന് എന്നും എനിക്ക് നിർബന്ധമുണ്ട്. ഇക്കാര്യം ഇരുവരെയും ഓർമ്മപ്പെടുത്തിയിരുന്നു. മാസത്തിലൊരിക്കലെങ്കിലും അവിടെ പോവുകയും അന്തേവാസികളുമായി ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു.
വൃദ്ധസദനം സൂപ്രണ്ടിനെതിരെ മാട്രൺ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിയമപരമായി എടുക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചത്. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലീസ് ഓഫീസർമാരുടെ ഫോൺ പരിശോധിച്ചാൽ എളുപ്പം വെളിച്ചത്ത് കൊണ്ടുവരാനാകും. പോലീസുകാരുടെ ഫോണിൽ റെക്കാർഡിംഗ് സൗകര്യം ഉള്ളതിനാൽ ആർക്കും ഒന്നും മറച്ചുവെക്കാൻ കഴിയില്ല.
മാട്രൻ്റെ പരാതിയെ തുടർന്ന് സാമൂഹ്യനീതി വകുപ്പ്, തവനൂർ വൃദ്ധസദനം സുപ്രണ്ടിനെ സ്ഥലം മാറ്റുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മാട്രൺ അനിത മേരിക്ക് തവനൂർ വൃദ്ധസദനത്തിൽ വരുന്നതിനോ ജോലി എടുക്കുന്നതിനോ യാതൊരു തടസ്സവും നിലവിലില്ല. ആരോരുമില്ലാത്ത നൂറോളം വയോജനങ്ങളാണ് അന്തേവാസികളായി അവിടെ ഉള്ളത്. ജീവനക്കാർ തമ്മിലുള്ള കുശുമ്പും പ്രശ്നങ്ങളും ആ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.
പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അച്ഛനമ്മമാരുടെയും സഹോദരിമാരുടെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും തണൽ നഷ്ടപ്പെട്ട മക്കളുടെയും ക്ഷേമവും അവകാശങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കും.
ഞാൻ എം.എൽ.എയായ കാലം മുതൽ തവനൂരിലെ വൃദ്ധസദനവും പ്രതീക്ഷാഭവനും റെസ്ക്യു ഹോമും ചിൽഡ്രൻസ് ഹോമും മഹിളാ മത്നിരവും എനിക്ക് കേവലം സർക്കാർ സ്ഥാപനങ്ങളല്ല. എൻ്റെ പ്രിയപ്പെട്ടവർ താമസിക്കുന്ന വീടുകളാണ്. അവിടങ്ങളിലെ അന്തേവാസികളോടും ജീവനക്കാരോടും ചോദിച്ചാൽ ആർക്കും അത് ബോദ്ധ്യമാകും.

ദുഷ്പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താൻ ആര് വിചാരിച്ചാലും കഴിയില്ല. നിരവധി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ടാണ്. അപവാദ പ്രചരണങ്ങൾ നടത്തുന്നവർ ഇതോർത്താൽ നന്നാകും.

Latest