Connect with us

Kozhikode

ദമ്പതികളെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി; ഭാര്യയെ റോഡില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി കടന്നു

അക്രമികള്‍ ഭാര്യയെ റോഡില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി കടന്നു

Published

|

Last Updated

താമരശ്ശേരി | വിദേശത്തു നിന്നുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയേയും ഭാര്യയേയും തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

അക്രമി സംഘം സനിയയെ പിന്നീട് റോഡില്‍ ഇറക്കി വിട്ടു. ബഹളം കേട്ട് വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവിനെ നാലംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കാറിലേക്ക് വലിച്ചു കയറ്റിയെന്നും സനിയ പറഞ്ഞു. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. കാറിന്റെ വാതില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അല്‍പം മുന്നോട്ട് നീങ്ങിയ ശേഷം തന്നെ റോഡില്‍ ഇറക്കി വിടുകയായിരുന്നുവെന്നും സനിയ പോലീസിന് മൊഴി നല്‍കി.

പിടിവലിക്കിടെ പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കഴുത്തില്‍ പരുക്കേറ്റ പാടുണ്ട്. പിടിവലി നടന്ന സ്ഥലത്ത് നിന്ന് പിസ്റ്റളിന്റെ ഭാഗം കണ്ടെത്തി. മൂന്നാഴ്ച മുമ്പ് പണം ആവശ്യപ്പെട്ട് ഒരു സംഘം വീട്ടിലെത്തി അക്രമം നടത്തിയിരുന്നതായി സനിയ പറയുന്നു. ഇതില്‍ താമരശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ദുബൈയില്‍ ബിസിനസ് നടത്തിയിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വിദേശത്തുള്ള ഇടപാടുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പറയുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.