Kerala
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസില്‍ മുന്നോട്ട് പോയത്.

കോഴിക്കോട്| നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി.അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.
കേസില്‍ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്.
പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസില്‍ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചപ്പോള്‍ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടര്‍ന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
2016 നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം ജൂലായ് 29നാണ് വാസു അറസ്റ്റിലായത്. അന്നുമുതല്‍ ജില്ല ജയിലില്‍ കഴിയുന്ന അദ്ദേഹം അല്‍പസമയത്തിനകം പുറത്തിറങ്ങും.