Connect with us

articles

കോടതി തിരുത്തുന്നത് ഭരണകൂടത്തെ തന്നെ

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസുകളിലെ ജാമ്യാപേക്ഷകളില്‍ സുപ്രീം കോടതിയുടെ പുതിയ മനംമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരം കാര്യമായി ദുരുപയോഗിക്കപ്പെട്ടു എന്ന ബോധ്യത്തിലേക്ക് നീതിപീഠമെത്തി എന്നത് പുനരാലോചനയുടെ മുഖ്യ ഹേതുവാണ്.

Published

|

Last Updated

ജാമ്യമാണ് നിയമമെന്നും ജയില്‍ അപവാദവുമാണെന്നറിയാന്‍ നിയമ വിദ്യാര്‍ഥിയാകേണ്ട കാര്യമില്ല, മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. കുറ്റാരോപിതന്റെ ജാമ്യലബ്ധിയുമായി ബന്ധപ്പെട്ട് നമ്മുടെ നീതിന്യായ സംവിധാനം പങ്കുവെക്കുന്ന ജാമ്യ നീതിശാസ്ത്രമാണ് മേൽച്ചൊന്നത്. 1978ലെ ഗുഡികാന്തി നരസിംഹുലു കേസില്‍ വി ആര്‍ കൃഷ്ണയ്യര്‍ ജാമ്യ നീതിയെ മനോഹരമായി വിശദീകരിച്ചിരുന്നു. ആ വിശദീകരണത്തെ ഈയിടെ സുപ്രീം കോടതി തന്നെ അരക്കിട്ടുറപ്പിച്ചിരുന്നു. 2022ലെ സതീന്ദര്‍ കുമാര്‍ അന്തില്‍ കേസിലായിരുന്നു അത്.

കുറ്റാരോപിതന് തന്റെ കേസുമായി നന്നായി മുന്നോട്ടു പോകാന്‍ സാധിക്കുക അയാള്‍ കസ്റ്റഡിയില്‍ അല്ലാതിരിക്കുമ്പോഴാണ്. നിരപരാധിയായാണല്ലോ അയാളെ കരുതപ്പെടുന്നത്. അതിനാല്‍ തന്റെ കേസ് നോക്കി നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് അയാള്‍ക്ക്, അവസരവും. നിരപരാധിയെന്ന് കരുതപ്പെടുന്നയാള്‍ക്ക് തന്റെ നിരപരാധിത്വം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം എന്നായിരുന്നു പ്രസ്തുത കേസില്‍ പരമോന്നത കോടതിയുടെ നിരീക്ഷണം.

കുറ്റാരോപിതനെ നമ്മുടെ നീതിന്യായ വ്യവസ്ഥ കാണുന്നത് അപരാധിയായല്ലെന്ന് നടേ പറഞ്ഞ നീതിപീഠ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം. അതായത് സംശയാതീതമായി കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം അയാള്‍ നിരപരാധിയാണെന്നാണ് ജുഡീഷ്യറിയുടെ തീര്‍പ്പ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ ജാഗ്രതയാണ് കുറ്റാരോപിതന്‍ സംശയാതീതം കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാത്ത കാലത്തോളം അയാളെ നിരപരാധിയായി കണക്കാക്കുമെന്ന കാഴ്ചപ്പാടിനാധാരം.

അങ്ങനെവരുമ്പോള്‍ ക്രിമിനല്‍ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റാരോപിതന്‍ കുറ്റക്കാരനാണോ അല്ലേ എന്ന തീര്‍പ്പുണ്ടാകേണ്ടത് കോടതിയുടെ വിചാരണക്കൊടുവിലാണ്. അതിന് മുമ്പ് അയാള്‍ ജയിലിലടക്കപ്പെട്ടെങ്കില്‍ ജാമ്യമാണ് നിയമം. അപവാദ സാഹചര്യമുണ്ടെങ്കിലേ ജയില്‍ നിയമമാകുന്നുള്ളൂ. ഇതൊക്കെ പറയുമ്പോഴും പൗരാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജാമ്യ നിയമത്തിന് വിരുദ്ധമായ നടപടികള്‍ സമീപകാലത്ത് എത്രയോ നാം കണ്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അതിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. പരമോന്നത നീതിപീഠത്തിന്റെയടക്കം പിന്തുണ അത്തരം നടപടികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 45ാം വകുപ്പ് പരാമര്‍ശിക്കുന്ന രണ്ട് നിബന്ധനകളാണ് കുറ്റാരോപിതരുടെ ജാമ്യലബ്ധിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കണമെന്നതും വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടില്ലെന്നതുമാണ് ആ നിബന്ധനകള്‍. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സാധാരണ നിലയില്‍ കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റാരോപിതന് ജാമ്യം ലഭിക്കണമെങ്കില്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട നിലവന്നു. അതിനാലാണ് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയക്ക് 17 മാസം വിചാരണ തുടങ്ങുക പോലും ചെയ്യാതെ ജയിലില്‍ കഴിയേണ്ടി വന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സുപ്രീം കോടതി നേരത്തേ സ്വീകരിച്ചുവന്ന നിലപാടുതറയില്‍ നിന്ന് ഈയിടെ മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മനീഷ് സിസോദിയ, പങ്കജ് ബന്‍സാല്‍, അരവിന്ദ് കെജ്്രിവാള്‍, കല്‍വകുണ്ട്‌ല കവിത എന്നീ കേസുകളില്‍ ആ മാറ്റം പ്രകടമാണ്.

മനീഷ് സിസോദിയക്ക് ജാമ്യമനുവദിച്ച സുപ്രീം കോടതി, ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസുകളിലും അങ്ങനെ തന്നെയാണെന്ന് അര്‍ഥശങ്കക്കിടം നല്‍കാതെ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചായിരുന്നു ആ പ്രധാന നിരീക്ഷണം നടത്തിയത്. ജാമ്യത്തിനുള്ള സിസോദിയയുടെ അവകാശം അംഗീകരിക്കണമെന്ന നിലപാട് സ്വീകരിച്ച നീതിപീഠം വിചാരണ ആരംഭിക്കുക പോലും ചെയ്യാതെ 17 മാസമായി ജയിലിലാണെന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. വേഗമേറിയ വിചാരണക്കുള്ള അവകാശം ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ മുഖമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു പരമോന്നത കോടതി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസുകളിലെ ജാമ്യാപേക്ഷകളില്‍ സുപ്രീം കോടതിയുടെ പുതിയ മനംമാറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന്റെ അധികാരം കാര്യമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന ബോധ്യത്തിലേക്ക് നീതിപീഠമെത്തി എന്നത് പുനരാലോചനയുടെ മുഖ്യ ഹേതുവാണ്. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായി തടവറ കണ്ടവരെ പിന്നെ പുറത്താരും കണ്ടിട്ടില്ലെന്ന സത്യവും കോടതിയുടെ നീതിബോധത്തെ ഉലച്ചുകളഞ്ഞു. ഭരണഘടന പ്രധാന മൗലികാവകാശമായി എണ്ണുന്ന, ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ നിഷേധമാണ് നടക്കുന്നതെന്ന കാര്യം നീതിപീഠത്തിന് അവഗണിക്കാനാകില്ല. തങ്ങള്‍ക്കെതിരെ ചുമത്തിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ ഡി കുറ്റാരോപിതര്‍ക്ക് നിഷേധിക്കുന്നുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട് (ഇ സി ഐ ആര്‍) കുറ്റാരോപിതന് വെളിപ്പെടുത്താന്‍ ഇ ഡി തയ്യാറാകുന്നില്ലെന്ന് മാത്രമല്ല എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രേഖാമൂലം അറിയിക്കാനും ഇ ഡിക്ക് മനസ്സുണ്ടായില്ല. തോന്നിയ പടി അറസ്റ്റ് ചെയ്യുക കൂടി ആയതോടെ നീതിപീഠം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

സുപ്രീം കോടതിയുടെ നിലപാടുമാറ്റം രാഷ്ട്രീയ, ഭരണകൂട രംഗത്ത് വഴിത്തിരിവുകള്‍ക്ക് കാരണമാകുമെന്നത് നീതിപീഠത്തിന്റെ മനംമാറ്റത്തിലൂടെ ഭരണഘടന എഴുന്നുനില്‍ക്കുന്നു എന്നതിനപ്പുറത്തെ മറ്റൊരു വിശേഷമാണ്. കാരണം മറ്റൊന്നുമല്ല, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ പൂട്ടാനുള്ള മോദി സര്‍ക്കാറിന്റെ വജ്രായുധമായിരുന്നു. യജമാന ഭക്തി പ്രകടിപ്പിച്ച് രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരുതരം ദാസ്യപ്പണിയെടുക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നു പറഞ്ഞാല്‍ തെറ്റാകില്ല. എങ്കില്‍ ഇ ഡിയുടെ ചെവിക്ക് പിടിക്കുന്ന നീതിപീഠം ഭരണകൂടത്തിന്റെയും ചെവിക്ക് തന്നെയാണ് പിടിക്കുന്നതെന്നത് ഭരണഘടനക്കും ജനാധിപത്യത്തിനും ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നുണ്ട്.

Latest