abhimanyu murder case
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കോടതി രേഖകള്‍ കാണാനില്ല
കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്
കൊച്ചി | എസ് എഫ് ഐ നേതാവിയിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളജില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ കോടതി രേഖകള്‍ കാണാനില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകള്‍ കാണാതായത്.
കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രേഖകള്‍ വീണ്ടും തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സുപ്രധാന രേഖകള്‍ നഷ്ടമായിട്ടും കോടതി അന്വേഷണത്തിന് നടപടി എടുത്തിട്ടില്ല. രേഖകള്‍ അപ്രത്യക്ഷമായതില്‍ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ കോടതി ശ്രമിച്ചില്ല. വിവരം രഹസ്യമായി ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തത്.
2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തി ക്കൊന്നത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ് എഫ് ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊല്ലുകയായിരുന്നു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നായിരുന്നു കുറ്റപത്രം. കൊലപാതകം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.