Connect with us

Editorial

ഫെഡറല്‍ ജനാധിപത്യത്തിന് കോടതി കാവല്‍ നില്‍ക്കുന്നു

ഗവര്‍ണര്‍മാര്‍ക്ക് മാത്രമല്ല രാഷ്ട്രപതിക്കും വീറ്റോ അധികാരമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി. നിയമനിര്‍മാണ സഭകളുടെ മുകളില്‍ സൂപ്പർ പവറായി ആരും ഉണ്ടാകേണ്ടതില്ലെന്ന് തന്നെയാണ് നിലപാട്.

Published

|

Last Updated

രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കാനും സംസ്ഥാന സര്‍ക്കാറുകളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഗവര്‍ണര്‍ രാജിനെതിരെ സുപ്രീം കോടതി അതിശക്തമായ നിലപാടെടുത്തിരിക്കുകയാണ്. നീതിന്യായ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രചിക്കപ്പെട്ടത്. അധികാര കേന്ദ്രീകരണത്തിനായി “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അടക്കം അസംഖ്യം നീക്കങ്ങള്‍ യൂനിയന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. പാര്‍ലിമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അമിതാധികാര പ്രയോഗമുള്‍ക്കൊള്ളുന്ന നിയമങ്ങള്‍ പാസ്സാക്കിയെടുക്കുകയും ചെയ്യുന്നു. ബി ജെ പിയെ വെല്ലുവിളിച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് തടഞ്ഞും നികുതി വിഹിതം വെട്ടിക്കുറച്ചും പാഠം പഠിപ്പിക്കുന്നതിന് പുറമേയാണ് ഗവര്‍ണര്‍മാരെ ഇറക്കിയുള്ള കളികള്‍.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന്റെ ഇരകളാണ്. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്താല്‍ അനുമതി നല്‍കാതെ അതിന്‍മേല്‍ അടയിരിക്കും. അല്ലെങ്കില്‍ തിരിച്ചയക്കും. നിയമസഭ രണ്ടാമതും പാസ്സാക്കിയയച്ചാലും ഒപ്പിടില്ല. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കും. സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് അരങ്ങേറിയിരുന്നത്. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി തടഞ്ഞുവെച്ചത് 10 ബില്ലുകളാണ്. ഇതിനെതിരെ തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടമാണ് പരമോന്നത കോടതിയില്‍ വിജയം വരിച്ചിരിക്കുന്നത്.

സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകളുടെ തീരുമാനം മാനിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളാണ് ഗവര്‍ണറെന്നും സുപ്രീം കോടതി ബഞ്ച് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു.

ഈ വിധിന്യായത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുമ്പോള്‍ പരമോന്നത നീതിപീഠം എത്ര സൂക്ഷ്മമായാണ് ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിന് കാവല്‍ നില്‍ക്കുന്നതെന്ന് മനസ്സിലാകും. ഗവര്‍ണര്‍മാര്‍ക്ക് മാത്രമല്ല രാഷ്ട്രപതിക്കും വീറ്റോ അധികാരമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി. നിയമനിര്‍മാണ സഭകളുടെ മുകളില്‍ സൂപ്പര്‍ പവറായി ആരും ഉണ്ടാകേണ്ടതില്ലെന്ന് തന്നെയാണ് നിലപാട്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവര്‍ണര്‍ മാറ്റിവെക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ബഞ്ച് വിധിച്ചത്. വിധിന്യായത്തിന്റെ 391ാം ഖണ്ഡികയില്‍, ഗവര്‍ണറുടെ പരിഗണനക്കായി വിടുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് റഫറന്‍സ് ലഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ഇതിനപ്പുറം കാലതാമസമുണ്ടായാല്‍ ഉചിതമായ കാരണങ്ങള്‍ രേഖപ്പെടുത്തി സംസ്ഥാനത്തെ അറിയിക്കണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 201 അനുസരിച്ച് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ട സമയപരിധിയാണ് സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്നത്. സമയപരിധിക്കുള്ളില്‍ രാഷ്ട്രപതി ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ അതിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഹരജിയുമായി വരാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണര്‍രാജിനെതിരായ സുപ്രീം കോടതിയുടെ നിര്‍ണായക വിധിക്ക് പ്രായോഗികരൂപം നല്‍കാന്‍ ഒട്ടും സമയം കളയാതെ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായി എന്നതും ആവേശകരമാണ്. ഗവര്‍ണറുടെ അനുമതിയില്ലാതെ പത്ത് ബില്ലുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമമാക്കി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പ് ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. 2023 നവംബര്‍ 18 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ചെയ്തു. നിയമസഭ വീണ്ടും പാസ്സാക്കിയ ശേഷം അയച്ച ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന സുപ്രീം കോടതി നിരീക്ഷണമാണ് ഈ നീക്കത്തിന് സ്റ്റാലിന്‍ സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് കേരളവും പഞ്ചാബും തെലങ്കാനയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്. ഇവയില്‍ വരാന്‍ പോകുന്ന തീര്‍പ്പുകളിലേക്ക് സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിധി.

ഭരണ സംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവം തകര്‍ത്ത് ഫാസിസ്റ്റ് യുക്തികളിലേക്ക് വലിച്ചു കൊണ്ടുപോകാനായി തയ്യാറാക്കിയ ദീര്‍ഘകാല പദ്ധതിയുടെ കടയ്ക്കലാണ് നീതിപീഠം കത്തിവെച്ചത്. ഇത് കേന്ദ്ര ഭരണം കൈയാളുന്നവര്‍ക്കും സംഘ്പരിവാര്‍ നേതൃത്വത്തിനും സഹിക്കാനാകില്ല. ഈ രോഷം മുഴുവന്‍ നിറച്ച പ്രതികരണമാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം നടത്തിയത്. പാര്‍ലിമെന്റിന്റെ അധികാര പരിധിയില്‍ കടന്നുകയറുന്നതാണ് വിധിയെന്നും ഹരജി ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു വേണ്ടതെന്നുമാണ് ആര്‍ലേക്കറുടെ കണ്ടുപിടിത്തം.

രണ്ട് ജഡ്ജിമാര്‍ മാത്രമുള്ള ബഞ്ചാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. ഇത്തരത്തില്‍ ഒരു വിധി നല്‍കാന്‍ രണ്ടംഗ ബഞ്ചിന് എങ്ങനെ കഴിയുന്നുവെന്നും അങ്ങനെയെങ്കില്‍ പാര്‍ലിമെന്റിന്റെ ആവശ്യമില്ലല്ലോയെന്നും ആര്‍ലേക്കര്‍ ചോദിക്കുന്നുണ്ട്.  മുന്‍ ആര്‍ എസ് എസുകാരന്റെ ഈ ചോദ്യം ഹിന്ദുത്വ രാഷ്ട്രീയം വിഭാവന ചെയ്യുന്ന രാഷ്ട്രസങ്കല്‍പ്പത്തില്‍ നിന്നാണുണ്ടാകുന്നത്. സര്‍വാധിപത്യ, കേന്ദ്രീകൃത, പ്രസിഡന്‍ഷ്യല്‍ ഭരണകൂടമാണ് അവരുടെ ലക്ഷ്യം. അതിനെതിരെ നിലപാടെടുത്താല്‍, “കോടതിക്കെന്ത് അധികാര’മെന്ന് അവര്‍ ഭീഷണി സ്വരത്തില്‍ ചോദ്യമുയര്‍ത്തും.

ഭരണഘടനയാണ് കോടതികള്‍ക്ക് മുമ്പിലെ അടിസ്ഥാന രേഖ. എക്‌സിക്യൂട്ടീവിന്റെ കടന്നുകയറ്റങ്ങളെ തുറന്ന് കണിക്കുകയും തിരുത്തുകയുമാണ് നീതിന്യായ വിഭാഗത്തിന്റെ കടമ. ഫാസിസ്റ്റ് സ്വഭാവമുള്ളവര്‍ അധികാരം കൈയാളുമ്പോള്‍ ആദ്യം ഭീഷണിയുയരുക ഭരണഘടനക്കും അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നീതിന്യായ വിഭാഗത്തിനുമായിരിക്കും. ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള ജനതയായി നിലകൊള്ളാന്‍ പൗരസമൂഹത്തെ പ്രാപ്തമാക്കിക്കൊണ്ട് മാത്രമേ ഈ ഭീഷണികളെ മറികടക്കാനാകൂ.

 

 

Latest