Editorial
സുതാര്യമാകട്ടെ കോടതി നടപടികള്‍
എതിര്‍ കക്ഷികളെയും പൊതുജനത്തെയും ഇരുട്ടത്ത് നിര്‍ത്തുകയാണ് രേഖകള്‍ സീല്‍വെച്ച കവറില്‍ സ്വീകരിക്കുമ്പോള്‍ കോടതികള്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ കക്ഷിയാകുന്ന കേസില്‍ കോടതിയുടെ സുതാര്യമല്ലാത്ത ഈ നടപടി, സര്‍ക്കാറും കോടതിയും തമ്മിലുള്ള ഒത്തുകളിക്ക് വഴിയൊരുക്കുമോ എന്ന സംശയം ഉയരാന്‍ ഇടയാക്കുന്നു.
കോടതികളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സഹായകമാണ് സീല്‍ഡ് കവര്‍ വാദങ്ങള്‍ക്കെതിരായ ചീഫ് ജസ്റ്റിസ് വി എസ് രമണയുടെ നിലപാട്. പട്ന ഹൈക്കോടതി വിധിക്കെതിരെ ഒരു വ്യക്തി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറുകള്‍ നല്‍കരുതെന്നും ഒരു തരത്തിലുള്ള സീല്‍ഡ് കവറുകളും ഇവിടെ സ്വീകരിക്കുകയില്ലെന്നും ജസ്റ്റിസ് വി എസ് രമണ വ്യക്തമാക്കിയത്. ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഹരജിക്കാരന്‍ പോസ്റ്റിട്ടിട്ടുണ്ട്; അവ മുദ്രവെച്ച കവറില്‍ നല്‍കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശം.
മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് സുപ്രീം കോടതിയില്‍ കക്ഷികളുടെ രേഖകള്‍ പ്രത്യേകിച്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ളവ സീല്‍ ചെയ്ത കവറുകളില്‍ നല്‍കലും സ്വീകരിക്കലും പതിവായിരുന്നു. രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് പദവി കൈകാര്യം ചെയ്തിരുന്ന കാലത്ത് (2018 ഒക്ടോബര്‍ 03 – 2019 നവംബര്‍ 17) സി ബി ഐ മുന്‍ മേധാവി അലോക് വര്‍മയുമായി ബന്ധപ്പെട്ട കേസ്, ഇലക്ടറല്‍ ബോണ്ടുകളുടെ വ്യവഹാരം, ദേശീയ പൗരത്വ രേഖ കേസ് തുടങ്ങി പ്രമാദമായ പല കേസുകളിലും തെളിവുകള്‍ മുദ്രവെച്ച കവറുകളില്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇത് നിയമവിദഗ്ധരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും രൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. പ്രമുഖ നിയമജ്ഞന്‍ ഗൗതം ഭാട്ടിയ പറഞ്ഞത്, രഞ്ജന്‍ ഗോഗോയിക്ക് ഒരു പ്രതീകം വേണമെന്നുണ്ടെങ്കില്‍ അതിനേറ്റവും അര്‍ഹമാകുക സീല്‍ വെച്ച കവറുകളായിരിക്കുമെന്നാണ്.
എതിര്‍ കക്ഷികളെയും പൊതുജനത്തെയും ഇരുട്ടത്ത് നിര്‍ത്തുകയാണ് രേഖകള്‍ സീല്‍വെച്ച കവറില്‍ സ്വീകരിക്കുമ്പോള്‍ കോടതികള്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ കക്ഷിയാകുന്ന കേസില്‍ കോടതിയുടെ സുതാര്യമല്ലാത്ത ഈ നടപടി, സര്‍ക്കാറും കോടതിയും തമ്മിലുള്ള ഒത്തുകളിക്ക് വഴിയൊരുക്കുമോ എന്ന സംശയം ഉയരാന്‍ ഇടയാക്കുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ 2019 നവംബറില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സീല്‍വെച്ച കവറുകളെ പരോക്ഷമായി വിര്‍ശിക്കുന്നുണ്ട്. സീല്‍വെച്ച കവറില്‍ കൈമാറുന്ന വിവരങ്ങള്‍ വെച്ച് ഒരാളെയും ജയിലിലടക്കാന്‍ ഉത്തരവിടരുതെന്ന് അദ്ദേഹം ന്യായാധിപന്മാരെ ഉണര്‍ത്തുന്നു. സുപ്രീം കോടതി അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാജ്യത്തെ പരമോന്നത കോടതിയുടെ അധോഗതിയില്‍ എനിക്ക് അങ്ങേയറ്റത്തെ ആശങ്കയും അസ്വസ്ഥതയുമുണ്ട്. അതിന് ഉത്തരവാദി മുഖ്യ ന്യായാധിപനാണെന്നാണ് ജസ്റ്റിസ് ഗോഗോയിയുടെ കാലത്ത് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ കോടതികള്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന പരാതി പൊതുസമൂഹത്തില്‍ നേരത്തേയുണ്ട്. ഇതിനിടെ ഒരു കേസില്‍ സുപ്രീം കോടതി തന്നെ ഇത്തരമൊരു സന്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. നിഷ്പക്ഷമല്ല നിലവിലെ സുപ്രീം കോടതിയുടെ പ്രവര്‍ത്തനമെന്നും നിഷ്പക്ഷമായ നിയമ വ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നല്ലോ 2018 ജനുവരിയില്‍ ജസ്റ്റിസ് ജെ ചേലമേശ്വര്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമസമ്മേളനം നടത്തിയത്. ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ ജീര്‍ണതകളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു പ്രസ്തുത മാധ്യമ സമ്മേളനം.
കോടതി നടപടികളിലും നീതിന്യായ സംവിധാനത്തിലും സുതാര്യത ഉറപ്പ് വരുത്തുകയും അതിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും വേണം. എതിര്‍ ഭാഗം പറയുന്ന കാര്യങ്ങളും സമര്‍പ്പിക്കുന്ന രേഖകളും കക്ഷികള്‍ക്കും കോടതി നടപടികള്‍ വീക്ഷിക്കുന്നവര്‍ക്കും അറിയാന്‍ സാഹചര്യമുണ്ടാകുമ്പോഴേ സുതാര്യത കൈവരികയുള്ളൂ. നീതി, നിയമ, ഭരണനിര്‍വഹണ സംവിധാനങ്ങളുടെ പവിത്രതയാണ് ജനാധിപത്യ സംവിധാനത്തെ സമ്പന്നമാക്കുന്നത്. ന്യായാധിപന്മാരുടെ നടപടിയില്‍ ദുരൂഹതയും സംശയവും ഉടലെടുത്താല്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും. ജനവിശ്വാസമാണ് ജുഡീഷ്യറിയുടെ നിലനില്‍പ്പുതന്നെ. വിശ്വാസവും ആദരവും ആര്‍ജിച്ചാണ് ജനാധിപത്യ വ്യവസ്ഥയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടത്. കോടതികള്‍ സംശയത്തിന്റെ നിഴലില്‍ വരുന്നത് ജനാധിപത്യ സമൂഹത്തില്‍ അവക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടയാക്കും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നീതി നഷ്ടമാകുമ്പോള്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ജുഡീഷ്യറി. ആ പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തുന്ന നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകരുത്. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥയാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യം.
കോടതി നടപടികള്‍ തത്സമയം പൊതുസമൂഹത്തിന് കാണത്തക്ക വിധം ഓണ്‍ലൈന്‍ പ്രക്ഷേപണത്തിന് തുടക്കം കുറിക്കുകയുണ്ടായി കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതി. സുപ്രീം കോടതിയിലും താമസിയാതെ ഓണ്‍ലൈന്‍ പ്രക്ഷേപണം ആരംഭിക്കുമെന്നും ലൈവ് സ്ട്രീമിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിക്കുകയുമുണ്ടായി. നിലവില്‍ മാധ്യമങ്ങള്‍ വഴിയാണ് പൊതുസമൂഹം കോടതി നടപടികള്‍ അറിയുന്നത്. പലപ്പോഴും തെറ്റായ രീതിയിലും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് മാധ്യമങ്ങള്‍ കോടതി ബഞ്ചിന്റെ നിരീക്ഷണങ്ങളും ചോദ്യങ്ങളും പ്രസിദ്ധപ്പെടുത്തുന്നത്. ഇത് കോടതിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതായും ഇതിനു പരിഹാരമെന്ന നിലയിലാണ് കോടതി നടപടികളുടെ ഓണ്‍ലൈന്‍ പ്രക്ഷേപണം ആരംഭിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. കോടതികളുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഭാഗം തന്നെയാണ് രേഖകള്‍ സീല്‍വെച്ച കവറുകളില്‍ നല്‍കുന്ന നടപടികള്‍ നിര്‍ത്തലാക്കുന്നതും. ‘സീല്‍ഡ് കവര്‍ വാദങ്ങളു’ടെ കാര്യത്തില്‍ രാജ്യത്തെ മറ്റു കോടതികളും ജസ്റ്റിസ് എന്‍ വി രമണയുടെ മാതൃകാപരമായ നിലപാട് സ്വീകരിക്കേണ്ടതാണ്.