National
ഗ്യാൻവാപി മസ്ജിദിൽ അധിക സർവേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി
ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) ഉപയോഗിച്ച് മുഴുവൻ ഗ്യാൻവാപി കോമ്പൗണ്ടിലും ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഡയറക്ടർ ജനറലിനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം
വരാണസി | ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധിക സർവേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം വരാണസി കോടതി തള്ളി. യുഗുൽ ശംഭു അധ്യക്ഷനായ വാരാണസിയിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹർജി തള്ളിയത്.
അഭിഭാഷകനായ വിജയ് ശങ്കർ റസ്തോഗിയാണ് ഹർജി നൽകിയത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) ഉപയോഗിച്ച് മുഴുവൻ ഗ്യാൻവാപി കോമ്പൗണ്ടിലും ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഡയറക്ടർ ജനറലിനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സെൻട്രൽ ഡോം, നിലവറകൾ, ഗേറ്റുകൾ, അറകൾ എന്നിവയുൾപ്പെടെ ഘടനയുടെ എല്ലാ ഭാഗങ്ങളും നിലവിലുള്ള ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
2023 ജൂലായ് 21ലെ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പരിസരത്ത് എഎസ്ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. സർവേ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഡിസംബർ 18ന് ജില്ലാ കോടതിയിൽ സമർപ്പിച്ചു. ജില്ലാ കോടതി റിപ്പോർട്ടിൻ്റെ പകർപ്പ് ഇരു വിഭാഗങ്ങൾക്കും നൽകുകയും ചെയ്തിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് ക്ഷേത്രത്തിന് മുകളിലാണ് നിർമ്മിച്ചതെന്ന് ഹിന്ദു വിഭാഗം അവകാശപ്പെട്ടതിനെ തുടർന്നാണ് സർവേ ആരംഭിച്ചത്.