Kerala
വിധി പറയുന്നത് വരെ കടുത്ത നടപടി പാടില്ലെന്ന് കോടതി; എസ് എഫ് ഐ ഒ ആവശ്യപ്പെടുന്ന രേഖകള്‍ എക്‌സാലോജിക് നല്‍കാനും നിര്‍ദേശം
എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് വീണ ഹരജി നല്‍കിയത്
ബെംഗളുരു | സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് എക്സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഏഴ് മുതല്‍ പത്ത് വരെ ദിവസത്തിനുള്ളില്‍ വിധിയുണ്ടാകുമെന്നാണ് കരുതുന്നത് . വിധി പറയുന്നതു വരെ എക്‌സാലോജിക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്എഫ്‌ഐഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, എസ്എഫ്‌ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്‌സാലോജിക് ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് വീണ ഹരജി നല്‍കിയത്.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം.
എസ്എഫ്ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്സാലോജിക്ക് കോടതിയിലെടുത്ത നിലപാട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു.എന്നാല്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
എക്‌സാലോജികിന് 1.72 കോടി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു. എക്‌സാലോജിക് സേവനമൊന്നും നല്‍കിയിട്ടില്ലെന്നും എസ്എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു