National
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; അലഹബാദ് ഹൈക്കോടതി നിര്‍ദേശം ഏറ്റുപിടിച്ച് ഹൈന്ദവ സംഘടനകള്‍
ആഗ്ര/ഹരിദ്വാര്‍ | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം ഏറ്റുപിടിച്ച് ഹൈന്ദവ സംഘടനകള്‍. നിര്‍ദേശം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് വിഎച്ച്പി ഉള്‍പ്പെടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഏറെക്കാലമായി ഉള്ള ആവശ്യമാണിതെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി ഡോ. സുരേന്ദ്ര ജയിന്‍ പറഞ്ഞു. ഇത് അംഗീകരിക്കുക മാത്രമല്ല, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുക കൂടിയാണ് ഹൈക്കോടതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വികാരം ഹനിക്കപ്പെടുന്നത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. ജുഡീഷ്യറിയും ഇപ്പോള്‍ അതിന് അനുകൂലമാണെന്നും വിഎച്പി നേതാവ് പറഞ്ഞു.
അഖില ഭാരതീയ അഖാര പരിശത്തും നിര്‍മോഹി അഖാരയും ഈ ആവശ്യവുമായി രംഗത്ത് വന്നു. സ്വാതന്ത്ര്യം കിട്ടിയത് മുതലുള്ള ആവശ്യമാണ് ഇതെന്നും പശു ഒരു മൃഗമല്ല നമ്മുടെ മാതാവാണ് എന്നും നിര്‍മോഹി അഖാര വക്താവ് സീതാറാം ദാസ് പറഞ്ഞു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് പൈതൃകം ഉയര്‍ത്തുമെന്ന് ഹിന്ദു സന്യാസി ബോഡി നേതാക്കള്‍ പറഞ്ഞു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാല്‍ അത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരമാണ്. പശു ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ അതിനെ ആദരിക്കുക മാത്രമല്ല, ഔഷധ ഗുണങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും സന്യാസി നേതാക്കള്‍ പറഞ്ഞു.
പശുഹത്യയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് ജാമ്യം നിഷേധിച്ചാണ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് പാര്‍ലിമെന്റില്‍ ബില്‍ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.