Kannur
വിശാല മതേതര ബദലിനൊപ്പം ദേശീയ തലത്തില്‍ ഇടതുജനാധിപത്യ മുന്നണി ആവശ്യമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം
ലക്ഷ്യ സാക്ഷാത്കാരത്തിനായി യോജിക്കാന്‍ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്നും പ്രമേയം

കണ്ണൂര്‍ | വിശാല മതേതര ബദലിനൊപ്പം ദേശീയ തലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനും മുന്‍ഗണന നല്‍കണമെന്ന് സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം. ഈ ലക്ഷ്യത്തിനായി യോജിക്കാന്‍ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
ഇടത് ആഭിമുഖ്യമുള്ള സംഘടനകളുടെ പൊതുവേദി എന്ന ആശയത്തില്‍ മുമ്പും ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല. ഫലപ്രദമായ സംയുക്ത വേദികള്‍ക്കായി ശ്രമം തുടരേണ്ടതുണ്ട്. ആര്‍ എസ് എസിന്റെ ബലത്തില്‍ രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നുകഴിഞ്ഞു. ബിജെപി സ്വാധീനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിനെതിരെയും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. രാഷ്ട്രീയ സ്വാധീനവും സംഘടനാ ശക്തിയും ക്ഷയിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. നേതാക്കള്‍ ബി ജെ പിയിലേക്ക് ഒഴുകുന്നതും ഹിന്ദുത്വ ശക്തികള്‍ക്ക് എതിരെ ആശയപരമായ വെല്ലുവിളി ഉയര്‍ത്താന്‍ ആ പാര്‍ട്ടിക്ക് കഴിയാത്തതും വെല്ലുവിളിയാണെന്നും പ്രമേയം പറയുന്നു.