Kerala
'ബി ജെ പിയെക്കാള്‍ വർഗീയം'; സി പി എമ്മിനെ കടന്നാക്രമിച്ച് ജമാഅത്തെ ഇസ്‌ലാമി
പ്രസ്താവന പി എം എ സലാമിന്റെ ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നാലെ

കോഴിക്കോട് | കേരളത്തില്‍ ബി ജെ പിയേക്കാള്‍ വർഗീയ നിലപാട് പുലർത്തുന്നത് സി പി എം ആണെന്ന് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്ത് അസിസ്റ്റന്റ് അമീർ പി മുജീബുർറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ കടുത്ത വർഗീയ ആരോപണം ഉന്നയിക്കുന്നത്. ബി.ജെ.പിയെ നിഷ്പ്രഭമാക്കുന്ന വിധത്തിൽ ഭൂരിപക്ഷ വോട്ടുബാങ്ക് കൂടെനിർത്തുന്ന വർഗീയ രാഷ്ട്രീയമാണ് സിപിഎമ്മിന്റെതെന്ന് മുജീബ് റഹ്മാൻ പറയുന്നു. തങ്ങൾക്ക് ബിജെപിയേക്കാൾ വലിയ ശത്രു സിപിഎം ആണെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ജമാഅത്ത് ഇതിലൂടെ ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.
മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ വര്‍ഗീയമാണെന്ന് സി പി എം നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് ജമാഅത്ത് അസിസ്റ്റനറ് അമീർ രംഗത്ത് വരുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടിനായി ശ്രമിച്ച ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് അസി. അമീറിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
സി പി എം. ബി ജെ പിയേക്കാള്‍ വർഗീയമാണെന്ന പ്രഖ്യാപനത്തിനൊപ്പം സമുദായത്തിന്റെ പൊതുശബ്ദമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനുള്ള നീക്കവും ജമാഅത്തെ ഇസ്‌ലാമി നടത്തുന്നുണ്ട്. ‘അപമാനം ഈ സമുദായം വെച്ച് പൊറുപ്പിക്കില്ല. അങ്ങിനെ എല്ലാവര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയല്ല മുസ്‌ലിം സമുദായം.’ എന്നാണ് അസി. അമീറിന്റെ പ്രഖ്യാപനം.
ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്‌ലിം ലീഗ് സഖ്യം ആരംഭിച്ചതിനു ശേഷം ജമാഅത്ത് ആശയങ്ങള്‍ ലീഗില്‍ മേല്‍ക്കൈ നേടിയെന്നും മുസ്‌ലിം ലീഗിന് മുസ്‌ലിംകളുടെ അട്ടിപ്പേറവകാശമില്ലെന്നുമുള്ള സി പി എം പ്രസ്താവനകളാണ് ജമാഅത്ത് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വ്യക്തമാവുന്നത്.
കുറച്ചുകാലമായി വര്‍ഗീയ രാഷ്ട്രീയത്തിന്റെ കുടില തന്ത്രമാണ് സി പി എം കേരളത്തില്‍ പയറ്റുന്നതെന്നും ബി ജെ പിയെ നിഷ്പ്രഭമാക്കുന്നതാണ് ഈ നീക്കമെന്നും പ്രസ്താവന പറയുന്നു. മുസ്‌ലിം സമുദായത്തെയും അതിനകത്തെ സംഘടനകളെയും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് സി പി എം ഈ കളിക്കിറങ്ങിയത്. നിരന്തരമായി ജമാഅത്തെ ഇസ്‌ലാമിയെയും തരംപോലെ മുസ്‌ലിം ലീഗിനെയും തനിക്കാക്കി വെടക്കാക്കുന്ന രീതിയില്‍ തങ്ങളുടെ നീചമായ രാഷട്രീയ നീക്കത്തിന് കരുവാക്കുകയാണ് സി പി എം എന്നും അസി. അമീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇന്ത്യ ശരിയായ ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുന്‍ നിര്‍ത്തി കോടിയേരി ഉയര്‍ത്തിയ ചോദ്യങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിയെ പൊടുന്നനെ പ്രകോപിപ്പിച്ചത്. കോടിയേരി ചോദ്യശരങ്ങളിലൂടെ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ തങ്ങളുടെ രാഷട്രീയ ഗോദയിലെ ആയുധമാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ജമാഅത്ത് പറയുന്നത്.
ലീഗിനെ ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുന്നുവെന്നും ലീഗില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പ്രവേശിച്ചിരിക്കുന്നു എന്നുമുള്ള കോടിയേരിയുടെ പ്രസ്താവനയാണ് വലിയ വര്‍ഗീയ നീക്കമായി ജമാഅത്തെ ഇസ്‌ലാമി ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് സമുദായത്തിന്റെ പൊതു നാവായി സംസാരിക്കാനുള്ള ശ്രമം അവര്‍ ഏറ്റെടുക്കുന്നത്. മുസ്‌ലിം ലീഗിന്റെ എക്കാലത്തേയും ആള്‍ബലമായിരുന്ന ഇ കെ വിഭാഗം സമസ്ത, ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. അവരുടെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞാണ് ലീഗ് സഖ്യവുമായി മുന്നോട്ടുപോയത്.
വഖഫ് സമരത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പൊതു സമ്മിതി നേടിക്കൊടുക്കാനുള്ള മുസ്‌ലിം ലീഗ് നീക്കം ഇ കെ വിഭാഗം തകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗുമായി ചേര്‍ന്ന് സമുദായ നേതൃത്വം ഏറ്റെടുക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം എന്നാണു വിലയിരുത്തപ്പെടുന്നത്.