fake case
യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയത് ബി ജെ പി ബന്ധമുള്ള ഉദ്യോഗസ്ഥനെന്ന് സി പി എം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണന്‍ അടക്കം 62 പേര്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്
പത്തനംതിട്ട | പത്തനംതിട്ടയില്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി ഏറിയാ കമ്മിറ്റി. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ എക്സൈസ് കുടുക്കിയതാണെന്നും യുവമോര്‍ച്ചാ ബന്ധമുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും സി പി എം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു പറഞ്ഞു.
യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. തിങ്കളാഴ്ചയാണ് കോളജ് ജങ്ഷനില്‍ നിന്ന് ഇയാളെ എക്സൈസ് പിടികൂടിയത്. പുകവലിക്കുന്നതിന്റെ ഭാഗമായി യദു സൂക്ഷിച്ചിരുന്ന രണ്ടരഗ്രാം കഞ്ചാവ കണ്ടെടുത്തു എന്നാണ് എക്സൈസ് സംഘം പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് യദുവിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണന്‍ അടക്കം 62 പേര്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്. ബി ജെ പി വിട്ട് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി പി എമ്മില്‍ ചേര്‍ന്നതുമുതല്‍ പാര്‍ട്ടിക്കെതിരേ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് സി പി എം വ്യക്തമാക്കുന്നത്. സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കിയതിനെതിരെ നടപടി വേണമെന്ന് പാര്‍ട്ട് ആവശ്യപ്പെട്ടു.