Connect with us

cover story

കളിവള്ളങ്ങൾക്കു പിന്നിലെ കരവിരുത്

കല്ലൂപ്പറമ്പൻ, കാരിച്ചാൽ, ചെരുതന, ജവഹർ, തായങ്കരി, നടുഭാഗം, പുലിക്കത്തറ, സെന്റ് ജോർജ്, പുളിങ്കുന്നു ചുണ്ടൻ ഉൾപ്പെടെ ഒട്ടേറെ ചുണ്ടൻ വള്ളങ്ങളും ഷോട്ട്, ജ്യോതി, പട്ടേരിപ്പുരക്കൽ തുടങ്ങിയ പ്രധാന വെപ്പുവള്ളങ്ങളും മറ്റിനം വള്ളങ്ങളുമെല്ലാം കേരളത്തിലെ കീർത്തികേട്ട കളിവള്ളങ്ങളാണ്. ഇവക്കുപിന്നിലെ കരവിരുതിന്റെ കഥ കലയോടൊപ്പം അധ്വാനത്തെയും സൂചിപ്പിക്കുന്നതാണ്. ആ നിർമാണ ചാരുതയുടെ പിന്നണിക്കഥ.

Published

|

Last Updated

ആര്‍പ്പോ ഇര്‍ര്‍റോ…ഇര്‍ര്‍റോ…
കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളെ…
കൊട്ടുവേണം കുടവേണം കുരവ വേണം…
ഓ തിത്തിത്താരാ തിത്തിത്തൈ..തിത്തൈ
തക തെയ് തെയ് തോ…

കുട്ടനാടന്‍ മക്കളുടെ കണ്ണുകളില്‍ ആവേശത്തുഴയെറിഞ്ഞു കുഞ്ഞോളപ്പരപ്പുകളെ കീറിമുറിച്ചു മുന്നോട്ടു നീങ്ങുന്ന ജലോത്സവങ്ങള്‍. കാറ്റിലും കോളിലും ആര്‍പ്പോ… ഇര്‍ര്‍റോ…വിളികളുമായി ആര്‍ത്താഹ്ലാദിക്കാന്‍ കേരളക്കരയിലേക്ക് കടല്‍ കടന്നെത്തുന്ന സായിപ്പും നാട്ടുകാരും. ഓണാഘോഷങ്ങള്‍ക്ക് ഓമനത്തം നല്‍കി മലയാളി മക്കള്‍ ഒന്നടങ്കം ഒരുവട്ടം കൂടി പുഴതീരത്തണയുന്ന അപൂര്‍വ സന്ദര്‍ഭം. ചുണ്ടനും ചുരുളനും വെപ്പും ഓടിയുമെല്ലാം ഇഞ്ചോടിഞ്ച് പോരാടി ട്രോഫികള്‍ക്കു മുത്തമിട്ടു ആര്‍പ്പോ വിളികളുമായി നദികളിലൂടെ നിരനിരയായി നീങ്ങുന്ന അതിമനോഹര കാഴ്ച…

നദികളെല്ലാം മത്സരവേദികളാക്കി കരക്കാര്‍ കരുത്തുകാട്ടുന്ന സന്തോഷ നിമിഷം. കേരളത്തിന്റെ തനതു വള്ളംകളി…കരക്കാര്‍ കൈകള്‍വീശി വിജയാരവം മുഴക്കി മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ ആരാരും ശ്രദ്ധിക്കാതെ തൊഴുകൈകളോടെ ആനന്ദാശ്രുക്കള്‍ പൊഴിച്ചു ചിലരുണ്ടാകും. കളിവള്ളങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിച്ചു അവക്കു ജീവന്‍ നല്‍കിയ ഒരുപറ്റം ശില്‍പ്പികളും അവരുടെ സഹായികളും കാവല്‍ക്കാരും…..

*********************************

ഒരിക്കല്‍ ചെമ്പകശ്ശേരി രാജ്യത്തെ നാരായണന്‍ ആശാരി പുഴവക്കില്‍ കാറ്റുകൊണ്ട് എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇതേസമയം സമീപത്തെ തെങ്ങില്‍ നിന്നും ഒരു കൊതുമ്പ് വെള്ളത്തില്‍ വീഴുന്നതും അതു ഒഴുകുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒട്ടും താമസിച്ചില്ല. ആ കൊതുമ്പും കൈയിലെടുത്ത് എന്തോ തീരുമാനിച്ചുറച്ചപോലെ അദ്ദേഹം വീട്ടിലേക്കു മടങ്ങി. തന്റെ ബദ്ധശത്രുവായ കായംകുളം രാജാവിനെ പരാജയപ്പെടുത്താന്‍ പറ്റിയ ഒരു ജലയാനം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ച ചെമ്പകശ്ശേരി ദേവനാരായണന്‍ രാജാവിന്റെ വാക്കുകളായിരുന്നു മനസ്സില്‍.

ആ ദൗത്യം എങ്ങനെ സാധ്യമാകുമെന്നു ദിവസങ്ങളായി ആലോചനയില്‍ ഇരിക്കുമ്പോഴായിരുന്നു ആ കൊതുമ്പു കിട്ടിയത്. പിന്നെ അമാന്തിച്ചില്ല. അതിന്റെ ഒരു ചെറുരൂപം നിര്‍മിച്ചു രാജാവിന് സമര്‍പ്പിച്ചു. അതിന്റെ രൂപഭംഗിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച രാജാവ് അടിയന്തരമായി വള്ളം നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. നൂറുകണക്കിനാളുകള്‍ അതിന്റെ പണിയില്‍ വ്യാപൃതരായി. മാസങ്ങളെടുത്തു പണിപൂര്‍ത്തിയാക്കി. നൂറോളം പേര്‍ക്കിരിക്കാം, ആയുധങ്ങള്‍ വെക്കാം, വലിയ വേഗം കിട്ടും. പെട്ടെന്നു മുങ്ങില്ല. ഇതെല്ലാമായിരുന്നു ആ വള്ളത്തിന്റെ പ്രത്യേകത. അതു കണ്ടു തൃപ്തനായ രാജാവ് ആ വള്ളത്തിനു പേരിട്ടു. പടക്കപ്പല്‍.
കൊതുമ്പു രൂപത്തില്‍ കളിവള്ളം നിര്‍മിച്ചു രാജാവിന്റെ അഭിനന്ദനവും പൊന്‍പണവും നേടിയ നാരായണന്‍ ആശാരിയുടെ പിന്‍തലമുറക്കാരുടെ മനസ്സില്‍ ആ ഓര്‍മകള്‍ ആവേശത്തിന്റെ വേലിയേറ്റമായിരുന്നു പില്‍ക്കാലത്ത് സൃഷ്ടിച്ചത്. അതോടെ പിതാക്കന്മാരുടെ പാത പിന്തുടര്‍ന്ന് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആധുനിക കളിവള്ളങ്ങള്‍ നിര്‍മിച്ചു മുന്നോട്ടു കുതിച്ചുപായാന്‍ അവര്‍ തയ്യാറായി.

അങ്ങനെയായിരുന്നു വ്യത്യസ്തയിനം കളിവള്ളങ്ങളായ ചുണ്ടന്‍, ചുരുളന്‍, ഓടി, ഇരുട്ടുകുത്തി, വെപ്പ്, പള്ളിയോടം, തുടങ്ങിയ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള വള്ളങ്ങള്‍ ജന്മമെടുത്തത്. ഇപ്പോള്‍ കുട്ടനാട്ടിലേയും മറ്റും കളിവള്ളങ്ങള്‍ക്കു ജീവന്‍ നല്‍കിയ ശില്‍പ്പികള്‍ ആ പിന്‍തലമുറക്കാരാണെന്നാണ് പൊതുവെ വിശ്വസം.
ഇവരില്‍ രണ്ട് തലമുറക്കുമുമ്പ് കളിവള്ളം നിര്‍മിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ആലപ്പുഴ ഹരിപ്പാട് വീയപുരം കോഴിമുക്ക് തെക്കേപ്പറമ്പില്‍ നീലണ്ഠന്‍ ആശാരി. അദ്ദേഹത്തിന്റെ മകന്‍ കോഴിമുക്ക് നാരായണന്‍ ആശാരി 94ല്‍ മരണപ്പെട്ടെങ്കിലും അദ്ദേഹമായിരുന്നു കേരളത്തിലെ ഒട്ടുമിക്ക കളിവള്ളങ്ങളുടെയും ശില്‍പ്പി. പിതാവിനോടൊപ്പം ചേര്‍ന്നു കളിവള്ള നിര്‍മാണം കണ്ടും അതിലേര്‍പ്പെട്ടും വളര്‍ന്ന മൂത്തമകന്‍ ഉമാമഹേശ്വരനായി പിന്നീട് ഈ രംഗത്തു മുന്നേറിയതെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയതോടെ സഹോദരന്‍ സാബു ആശാരിയാണ് ഇപ്പോള്‍ ഈ രംഗത്തെ വിദഗ്ധന്‍.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മേപ്പാടം ചുണ്ടന്‍ നിര്‍മാണം നടന്നുവരുന്നു. സഹോദരന്‍ സോമന്‍ ആശാരിയും ഒപ്പമുണ്ട്. ബന്ധുക്കളായ ഗോപാലന്‍ ആശാരി, കൃഷ്ണന്‍കുട്ടി ആശാരി, ചങ്ങനാശ്ശേരി ഗോവിന്ദന്‍ ആശാരി, തങ്കപ്പനാശാരി, അയിരൂര്‍ ചെല്ലപ്പനാശാരി തുടങ്ങിയവരെല്ലാം ഈ ജോലി ചെയ്തുവരുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന കളിവള്ളങ്ങളായ കല്ലൂപ്പറമ്പന്‍, കാരിച്ചാല്‍, ചെരുതന, ജവഹര്‍ തായങ്കരി, നടുഭാഗം, പുലിക്കത്തറ, സെന്റ് ജോര്‍ജ്, പുളിങ്കുന്നു ചുണ്ടന്‍ ഉള്‍പ്പെടെ ഒട്ടേറെ ചുണ്ടന്‍ വള്ളങ്ങളും ഷോട്ട്, ജ്യോതി, പട്ടേരിപ്പുരക്കല്‍ തുടങ്ങിയ പ്രധാന വെപ്പുവള്ളങ്ങളും മറ്റിനം വള്ളങ്ങളുമെല്ലാം ഈ ശില്‍പ്പികളുടെ കരവിരുതില്‍ രൂപമെടുത്തതാണ്.

കളിവള്ള നിര്‍മാണത്തിന്റെ അകത്തളങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു പറ്റം ശില്‍പ്പികളുടെ ആത്മാര്‍ഥമായ വാക്കുകൾ കേൾക്കാം. “പിതാക്കന്മാരുടെ പിന്തുടര്‍ച്ചയായിട്ടാണ് ഈ ജോലിയിലേക്ക് വന്നത്. അച്ഛനായ കോഴിമുക്കു നാരായണന്‍ ആശാരിയാണ് ഗുരു. ആദ്യമാദ്യം വള്ളം പണിയുന്നത് നോക്കിനില്‍ക്കാനും കണ്ടു പഠിക്കാനുമാണ് അച്ഛന്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം ബുദ്ധിയും ഉരുത്തിരിഞ്ഞുവരണമെന്നും അച്ഛന്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന പണിയായുധമായ ഉളി ദക്ഷിണകൊടുത്തു അച്ഛനില്‍ നിന്നും വാങ്ങി. കൊച്ചു കൊച്ചു പണികള്‍ ചെയ്യിക്കും. അങ്ങനെ പതുക്കെപ്പതുക്കെ ചെറുവള്ളങ്ങളുടേയും പിന്നീട് ചുണ്ടന്‍ വള്ള നിര്‍മാണത്തിന്റെ സഹായിയായും മാറി. അച്ഛന്റെ മരണ ശേഷമാണ് സ്വതന്ത്രമായി കളിവള്ളം നിർമിച്ചു തുടങ്ങിയത്. പിതാവിന്റെ ശിക്ഷണം വേണ്ടുവോളം കിട്ടിയിട്ടുള്ളതിനാല്‍ എല്ലാം വിജയമായിരുന്നു. കളിവള്ള നിര്‍മാണത്തിനായി തടി കണ്ടെത്തുന്നതു മുതല്‍ പണി പൂര്‍ത്തിയാകുന്ന ഏഴെട്ടു മാസക്കാലം വല്ലാത്ത ആശങ്കയായിരിക്കും മനസ്സില്‍. ഉറക്കം വരാത്ത ദിവസങ്ങളാകും അന്നൊക്കെ. രണ്ട് ആശാരിമാരും രണ്ട് ഇരുമ്പു പണിക്കാരും സഹായികളുമുണ്ടായാല്‍ ഒമ്പതുമാസമെങ്കിലും വേണം ചുണ്ടന്‍വള്ളത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍. 15 ലക്ഷത്തോളം വരുന്ന പണിക്കൂലി ഉള്‍പ്പെടെ 75 ലക്ഷം രൂപയോളമാകും ഒരു ചുണ്ടന്‍ വള്ളം നീരണിയുമ്പോഴേക്കുമുള്ള നിര്‍മാണച്ചെലവ്. വള്ളംകളി പ്രേമികളായ ഗ്രാമത്തിലെ കരക്കാര്‍ ചേര്‍ന്നാകും ഈ തുക കണ്ടെത്തുക. കൃത്യമായ മനക്കണക്കു കളിവള്ള നിര്‍മാണത്തിന് ആവശ്യമാണ്. അതു തെറ്റിയാല്‍ എല്ലാം തെറ്റും.

കളിവള്ളം നിര്‍മിക്കാനായി പ്രധാനമായും ആഞ്ഞിലിയാണ് ഉപയോഗിക്കുക. വള്ളത്തിന്റെ മധ്യഭാഗം 83 അടി നീളവും ആറ് ഇഞ്ച് വീതിയുമുള്ള തടിക്കഷ്ണങ്ങള്‍ കൊണ്ടാകും ഉണ്ടാക്കുക. ഇതിന്റെ പ്രധാന ഭാഗമാണ് രണ്ട് പലകകള്‍ ചേര്‍ന്ന “മാതാവും’ താഴെയുള്ള ഭാഗമായ ഇംഗ്ലീഷ് വി അക്ഷര രൂപത്തിലുള്ള “ഏരാവ’ും. വള്ളത്തിന്റെ ഇരു വശങ്ങളിലാണ് ഈ പലകകൾ ഘടിപ്പിക്കുക. ഇതിനായി ആദ്യം മാവിന്‍ തടിയില്‍ അച്ചുണ്ടാക്കും. വള്ളത്തിന്റെ അകവശത്തിന്റെ അളവിലാകും അച്ചുണ്ടാക്കുക. തുടർന്ന് മാതാവുപലകകള്‍ക്കിടയില്‍ ഏരാവ് ഘടിപ്പിക്കും. തുടര്‍ന്നാകും വള്ളത്തിന്റെ പ്രധാന ചടങ്ങുകളില്‍ രണ്ടാമത്തേതായ “വള്ളംമലര്‍ത്തല്‍’ നടക്കുക. വള്ളം മലര്‍ത്തല്‍ കഴിഞ്ഞാല്‍ പിന്നെ കമഴ്ത്തിയിടാന്‍ പാടില്ലെന്നാണ് നിർമാതാക്കളുടെ വിശ്വാസം. കളിവള്ളത്തിന്റെ പ്രധാന ഭാഗമാണ് അമരം. അതു നിര്‍മിക്കുന്നതു അതിവിദഗ്ധരായ തൊഴിലാളികളായിരിക്കും. ചെഞ്ചെല്യം വെളിച്ചെണ്ണയില്‍ തിളപ്പിച്ച ശേഷം പഞ്ഞി ചേര്‍ത്തു അരച്ചെടുത്ത മിശ്രിതമാണ് വള്ളത്തിന്റെ പലകകള്‍ ചേര്‍ത്ത് നിര്‍ത്താനുള്ള പശയായി പരമ്പരാഗതമായി ഉപയോഗിക്കുന്നത്. കാഞ്ഞിരം, പുന്ന തടങ്ങിയ മരപ്പലകകള്‍ കൊണ്ടാണ് താളക്കാര്‍ക്കുള്ള ഇടിത്തടി ഉണ്ടാക്കുന്നത്. ജലനിരപ്പില്‍ നിന്നും 20 അടി ഉയരത്തിലാകും വള്ളത്തിന്റെ പിന്‍ഭാഗം നിര്‍മിക്കുക. പണിപൂര്‍ത്തിയായാല്‍ നീറ്റിലിറക്കുന്നതിനു മൂന്നാഴ്ച മുമ്പെ വെളിച്ചെണ്ണയും മഞ്ഞളും ചേര്‍ത്ത മിശ്രിതം തേച്ചു വള്ളം മിനുസപ്പെടുത്തും. തുടർന്ന് സീസണ്‍ കഴിയുന്പോള്‍ മീനെണ്ണ, മൊട്ടക്കരു, കരി എന്നിവയുടെ മിശ്രിതം തേച്ചാകും കരയിലെ വള്ളപ്പുരയില്‍ സൂക്ഷിക്കുക.

വിദഗ്ധരായ കളിവള്ള നിര്‍മാതാക്കളെപ്പോലെ വള്ളം മുന്നോട്ടു കുതിപ്പിക്കാന്‍ പാകത്തില്‍ തുഴ നിർമിക്കുന്നവരേക്കുറിച്ചും ആര്‍ക്കും അറിവില്ല. കുട്ടനാട്ടിലെ കളിവള്ളങ്ങള്‍ക്കു തുഴ നിര്‍മിച്ചു കൊടുക്കുന്നതില്‍ അതിവിദഗ്ധനാണ് ചെങ്ങന്നൂര്‍ പാണ്ടനാട് മുതവഴി കേളയില്‍ കെ ആര്‍ പ്രസാദ് എന്ന അമ്പത്തിയെട്ടുകാരന്‍. മത്സരവള്ളം കളിയില്‍ ഏര്‍പ്പെടുന്ന വള്ളങ്ങളുടെ തുഴകളില്‍ മിക്കവാറും എല്ലാം തന്നെ അദ്ദേഹത്തിന്റെയും സഹോദരന്‍ ഓമനക്കുട്ടന്റെയും സുഹൃത്തുക്കളായ അനി, ഉണ്ണി, സനൂപ് എന്നിവരുടെ കരവിരുതില്‍ തീര്‍ത്തതാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈ ജോലിയില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്കും സീസണില്‍ മാത്രമാണ് ജോലിയുണ്ടാകുക. വിളഞ്ഞ ചൂണ്ടപ്പന വെട്ടിയെടുത്തു ഉള്ളിലെ ചോറു കളഞ്ഞാണ് തുഴനിർമിക്കുക. ഓരോ സീസണിലും ഇരുപത് കളിവള്ളങ്ങള്‍ക്കെങ്കിലും തുഴകള്‍ പണിയേണ്ടി വരുമെന്നു അദ്ദേഹം പറയുന്നു. ചങ്ങനാശ്ശേരിയിലും ഇത്തരത്തില്‍ തുഴ നിർമിച്ചു വില്‍ക്കുന്നവരുണ്ട്. ഇരുപത് വര്‍ഷം മുമ്പ് കേവലം അന്പത് രൂപക്കായിരുന്നു തുഴ വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ 600 മുതല്‍ 750 രൂപ വരെയാണ് വില. ചൂണ്ടപ്പനയുടെ അഭാവം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറയുന്നു. അതേസമയം, ആധുനിക യന്ത്രത്തില്‍ നിര്‍മിച്ച തുഴകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും ചൂണ്ടപ്പനയില്‍ നിര്‍മിച്ച പരമ്പരാഗത തുഴ ഉപയോഗിക്കാനാണ് മത്സര വള്ളം കളിക്കാര്‍ക്ക് ഇപ്പോഴും പ്രിയം.
.